Top Stories

പെയ്തൊഴിയാതെ 1

 

പെയ്തൊഴിയാതെ1

(മാലാഖയുടെ കാമുകൻ)







ഇത് കമ്പി കഥ ഇല്ല ഒരു കഥ.... അത്ര ഉള്ളൂ...

താൽപര്യം ഇല്ലാത്തവർ വായിക്കത്തിരിക്കുക..🙏



അപ്പോൾ കഥയിലേക്ക്… പണ്ട് വായിച്ചു മറന്ന ഒരു കഥയിലെ ഒരു ഭാഗം ഇതിൽ എടുത്തിട്ടുണ്ട്..

പെയ്തൊഴിയാതെ…

ഷിക്കാഗോ ആഡം സ്ട്രീറ്റ്, യു.എസ്‌.എ

ഒരു ഗ്ലാസ് വെയർ ഷോപ്പിൽ നിൽക്കുകയായിരുന്നു ഞാൻ… സ്പടികത്തിൽ തീർത്ത കൊച്ചു പ്രതിമകളോട് വല്ലത്തൊരു ഇഷ്ടമാണ്..

എന്റെ ഫോൺ ശബ്‌ദിച്ചു.. അതെടുത്തുനോക്കിയ ഞാൻ അല്പം ഒന്ന് സംശയിച്ചു.. ഇന്ത്യയിൽ നിന്നും ആണ്.. പതിവില്ലല്ലോ ഈ വിളി.. അവിടെ ആർക്കും എന്റെ നമ്പർ അറിയില്ല…
ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“ഹലോ….?”

“മോനെ… ഇത്… ഇത് അമ്മയാടാ….”

വർഷങ്ങൾക്ക് ശേഷം ഉള്ള ആ ശബ്ദം… നെഞ്ചിൽ ഒരു നോവ് പടർത്തി..
ഇത്ര നാളും കത്തുകൾ ആയിരുന്നു എന്നെ തേടിയെത്തിയത്.. ഇപ്പോൾ ഫോണിലും… എനിക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി..

“അമ്മയോ ആരുടെ അമ്മ? എന്റെ അമ്മ ആണെങ്കിൽ അതെന്റെ ദേവിചിറ്റ ആണ്… ഇറ്റ്സ്‌ നൊറ്റ്‌ യു.. നിങ്ങൾ അല്ല….നിങ്ങൾക്ക് ആള് മാറി…”

എടുത്തടിച്ചതുപോലെ ഞാൻ പറഞ്ഞു.. അപ്പുറത്ത് നിന്നും ഒരു തേങ്ങൽ ആണ് കേട്ടത്.. എനിക്ക് സന്തോഷം തോന്നി.. അവർ കരയണം..

“മോനു.. ഞാൻ …..”

“മോനോ?? ഫക്ക് ഓഫ്!!!”

എന്റെ വായിൽ നിന്നും വന്നത് അല്പം ഉച്ചത്തിൽ ആയിരുന്നു… ഷോപ്പിൽ ഉണ്ടായിരുന്ന ആളുകൾ ഒന്ന് ശ്രദ്ധിച്ചു… ഞാൻ ഒന്ന് ചുറ്റും നോക്കി.. അൽപനേരം അപ്പുറത്ത് നിശബ്ദത..

“എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാൻ പറ്റുന്നില്ല കുട്ടാ…. ശരിയാണ്..
അമ്മ എന്ന നിലയിൽ ഞാൻ ഒന്നും അല്ല.. എന്നാലും അവസാനം അയച്ച കത്ത് ഒന്ന് നോക്കുമോ..? ദയവായി… അപേക്ഷ ആണ്….”

അപ്പുറത്ത് നിന്നും കരച്ചിൽ…

“ജസ്റ്റ് ഫക്ക് ഓഫ്…..!!!!! ഗോ റ്റു ഹെൽ…..!!!”

ഞാൻ അലറിക്കൊണ്ട് ഫോൺ കട്ട് ചെയ്തു… ആകെ വിറക്കുകയായിരുന്നു എന്നെ.. എനിക്ക് ഫോൺ എടുത്തു വലിച്ചെറിയാൻ തോന്നി..

“സ്വീറ്റി.. ആർ യു അൽറൈറ്?”

ഷോപ്പിൽ നിന്ന പെണ്ണിന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്… സത്യത്തിൽ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു… ഞാൻ പോലും അറിയാതെ..

“യെസ് യെ.. ആം കൂൾ…താങ്ക്സ്…”

ചോദിച്ചവൾക്ക് മറുപടി കൊടുത്തു വേഗം മുഖം തുടച്ചു ഷോപ്പിൽ നിന്നും ഇറങ്ങി… സന്ധ്യ ആയി.. ആദം സ്ട്രീറ്റ് ഒരു സുന്ദരിയായി നിൽക്കുന്നു… ജനം ഒഴുകുന്നു… ഒരു നിമിഷം ഞാൻ ഒറ്റക്ക് ആണെന്ന് തോന്നി…

വേഗം തന്നെ പാർക്ക് ചെയ്ത കാറിലേക്ക് ഓടി.. നേരെ ഒരു സ്ഥലം ലക്ഷ്യം ആക്കി വണ്ടിയോടിച്ചു… വണ്ടി നിർത്തി ഇറങ്ങി ഓടി.. ഒരു വില്ലയുടെ മുൻപിൽ നിന്നും ഡോറിൽ തട്ടി…

“ഇറ്റ്സ്‌ ഓപ്പൺ…”

അകത്ത് നിന്നും മധുരമുള്ള ഒരു ശബ്ദം… അകത്തേക്ക് ഓടി…

“അമ്മചിറ്റേ…..”

അതും വിളിച്ചു ഞാൻ അവരുടെ നെഞ്ചിലേക്ക് വീണുകിടന്നു കരഞ്ഞു… എന്റെ ചിറ്റ.. എന്റെ അമ്മ… എന്റെ എല്ലാം…

“എന്താ എന്റെ കുട്ടിക്ക് പറ്റിയത്…?”

ചിറ്റ സ്നേഹത്തോടെ എന്റെ തലയിൽ തലോടി.. നെറ്റിയിൽ ഉമ്മവച്ചു…
എന്നെ കൗച്ചിൽ ഇരുത്തി തോളിലേക്ക് ചായ്ച്ചു… മെല്ലെ തോളിൽ തട്ടി… അങ്ങനെ ഇരുന്നപ്പോൾ സമാധാനം തോന്നി… അമ്മയുടെ വാത്സല്യം..

“അവൾ വിളിച്ചു അല്ലെ?”

ചിറ്റയുടെ ചോദ്യം…

“മ്മ്മ്… എങ്ങനെ കഴിയുന്നു ചിറ്റേ… എനിക്ക് കൊല്ലാൻ തോന്നുന്നു.. ഐ വിൽ കിൽ ഹെർ…ഉറപ്പായും ഞാൻ കൊല്ലും അവരെ…”

ഞാൻ വിതുമ്പിക്കൊണ്ട് അവരുടെ തോളിൽ ചാഞ്ഞു… ചിറ്റ ഒന്നും മിണ്ടിയില്ല… എന്റെ തലയിൽ തലോടി..

“മുഖം കഴുകി വാ മോനുട്ടാ…ഇങ്ങനെ കരയണ്ട… വാ എണീയ്ക്ക്….”

ചിറ്റ എന്റെ കൈപിടിച്ച് വലിച്ചു എഴുന്നേൽപ്പിച്ചു.. ഞാൻ വാഷ് ബേസിനിൽ മുഖം കഴുകി തുടച്ചു.. കുറച്ചു വെള്ളം കുടിച്ചു.. അല്പം സമാധാനം തോന്നി.. കണ്ണാടിയിൽ നോക്കി… തിക്കുള്ള മുടി ഒന്ന് ഒതുക്കിവച്ചു.. വർഷങ്ങൾക്ക് ശേഷമാണ് കണ്ണ് നിറഞ്ഞത്..

“ഹെയ്‌ മിസ്റ്റർ ഹാൻഡ്‌സം… “

പുറകിൽ നിന്നും ഒരു വിളി കേട്ട് ഞാൻ പുഞ്ചിരിയോടെ തല ചെരിച്ചു..

അമേലിയ… എന്റെ അനിയത്തി…

“ഡീ… മിസ്ഡ് യു സൊ മച്‌…”

ഞാൻ ഓടിച്ചെന്നു അവളെ പൊക്കിയെടുത്തു വട്ടം ചുറ്റി… അവൾ പൊട്ടിചിരിച്ചുകൊണ്ടു എന്നെ മുറുക്കെ കെട്ടിപിടിച്ചു…. എന്റെ ജീവൻ ആണ് അവൾ…

“നിന്റെ ടൂർ കഴിഞ്ഞോ? എവിടെ അലക്സ്? ഒരു വഴിക്ക് ആക്കിയോ അവളെ നീ?”

അവളുടെ കുസൃതി നിറഞ്ഞ ചോദ്യം..

“നീ പോടീ പട്ടി… ഞങ്ങൾ ബെസ്റ്റ്‌ ഫ്രെണ്ട്സ് ആണ്…”

“ഒഹ്‌ റിയലി? നിന്റെ പില്ലോയുടെ അടിയിൽ നിന്നും എനിക്ക് അവളുടെ ഒരു സാധനം കിട്ടിയിരുന്നു.. ഫ്രെണ്ട്സ് ഈസ് ദാറ്റ് സൊ?”

ഞാൻ അവളെ നിലത്ത് നിർത്തി..

“ഷറ്റ്‌ ദി ഹെൽ അപ്… അമ്മ കേൾക്കല്ലേ… “

ഞാൻ അകത്തേക്ക് നോക്കി പേടിയോടെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“നോ.. ബട്ട് ഇൻ റിട്ടേൺ ഐ നീഡ് യുവർ കാർ…”

“ഫൈൻ ഫൈൻ.. എനിതിങ് യു വാന്റ്സ്‌… ഇറ്സ് എ ഡീൽ…”

“ആഹാ ഗുഡ് ബോയ്…. വാ കഴിക്കാം…”

അവളെന്നെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി… കള്ളച്ചിരിയോടെ…

****

“നീ പോകണം മോനുട്ടാ.”

ചിറ്റയുണ്ടാക്കിയ ബ്രിസ്‌കേറ് കഴിക്കുമ്പോൾ ചിറ്റ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി.. അമേലിയ ചിരിയോടെ എന്നെ നോക്കി ഇരിക്കുന്നു..

“അമ്മചിറ്റ എന്താ ഈ പറയുന്നത്?”

ഞാൻ തല വെട്ടിച്ചു..

“ഞാൻ പറഞ്ഞാൽ നീ കേൾക്കും എന്ന് എനിക്ക് ഉറപ്പുണ്ട്… അവൾക്ക് നിന്നെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. അറിയാം ചെയ്ത തെറ്റുകൾ ഒരിക്കലും മാപ്പ്‌ കൊടുക്കാൻ പറ്റാത്തത് ആണ്. പക്ഷെ എല്ലാത്തിനും ഇരുവശവും ഉണ്ട് കുട്ടി…”

ചിറ്റ അത് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി.. എന്നോടുള്ള വാത്സല്യം ആണ്… ഈ വാത്സല്യം ആണല്ലോ എന്റെ ജീവൻ…

“യു ഷുഡ് ഗോ ഹണി…”

അമേലിയ കൂടെ അത് പറഞ്ഞു.. ചിറ്റ ഒരു കത്ത് എടുത്തു എനിക്ക് തന്നു..

“വായിക്ക്….പ്ലീസ്…”

ഞാൻ എതിർപ്പൊന്നും കാണിക്കാതെ അത് തുറന്നു…

“ക്ഷമിക്കണം എന്ന് പറയാനുള്ള അവകാശം പോലും ഇല്ല കുട്ടി… അവസാന ആഗ്രഹം ആയി ഈ ഓണത്തിന് എല്ലാവരും തറവാട്ടിൽ ഉണ്ടാകണം.. മോനും വരണം… ഈ അമ്മയുടെ ആഗ്രഹം ആണ് മോനെ… അറിയാം.. ഞാൻ വെറുക്കപെട്ടവൾ ആണ്… കാത്തിരിക്കും ഞാൻ…ഒന്ന് കണ്ടാൽ മാത്രം മതി…”

അറിയാതെ എന്റെ കണ്ണ് നിറഞ്ഞു…

“ആകെ ഉള്ള ചെക്കനാണെ.. അവൻ കൊഞ്ചിക്കോട്ടെ… ന്റെ അടുത്തല്ലാതെ അവൻ ആരുടെ അടുത്താ കൊഞ്ചാ?”

എന്റെ ചേർത്ത് പിടിച്ചു നേര്യതുകൊണ്ടു എന്റെ മുഖം തുടച്ചു ചേർത്ത് നിർത്തി ഉമ്മകൾ തരുന്ന അമ്മയെ ഞാൻ ഓർമകളിൽ നിന്നും എടുത്തു.. പഴക്കമുള്ള ഓർമകൾ… കനലുകൾ പോലെ നീറുന്ന ഓർമകൾ..

“തമ്പ്രാൻകുട്ടിയുടെ ഒരു ഭാഗ്യം… അമ്മക്ക് എന്തൊരു സ്നെഹാ….”

മാളുവിന്റെ ശബ്ദം….

വേണ്ട… ഞാൻ തല ഒന്ന് കുടഞ്ഞു… ഓർമകൾ… കനൽ എരിയുന്ന ചിതപോലെയാണ് ഓർമകൾ… ഇളം കാറ്റടിച്ചാലും അതങ്ങനെ വീണ്ടും ജ്വലിക്കും..

ഞാൻ കൂടുതൽ ഒന്നും മിണ്ടാതെ മുകളിൽ ചെന്ന് അൽപനേരം കിടന്നു… അൽപ നേരം അങ്ങനെ കിടന്നു..

കൂട്ടുകാരി അലെക്സിയെ ഒന്ന് കാണണം… ഉടനെ ചിറ്റയോട് പറഞ്ഞു അമേലിയയെയും കൂട്ടി പുറത്തിറങ്ങി…

ഒരു ബാറിലേക്ക് ആണ് പോയത്… അലക്സി കാത്തിരിക്കുന്നുണ്ടായിരുന്നു… അവളും കൂടെ പറഞ്ഞതോടെ എനിക്ക് നിരസിക്കാൻ ആയില്ല.. നാട്ടിലേക്ക് പോകും എന്ന് വാക്ക് കൊടുത്തു..

****

അല്പദിവസങ്ങൾക്ക് ശേഷം…

“വിൽ വി മീറ്റ് എഗൈൻ?”

അലക്സി ഒന്ന് കൂടി എന്നോട് ചോദിച്ചു.. ഞാൻ അവളെ ഒന്ന് നോക്കി..

പക്കാ അമേരിക്കൻ പെൺകുട്ടി. നല്ല ശരീര സൗന്ദര്യം.. ചുവന്ന മുടി, പച്ച കണ്ണുകൾ… ആ കണ്ണിൽ അല്പം കണ്ണുനീർ വന്നു തുളുമ്പി നിൽക്കുന്നു..

“കം ഓൺ…”

ഞാൻ അവളെ ഒന്ന് പുണർന്നു അവളുടെ തുടുത്ത ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… അവൾ എന്നെ ശക്തിയിൽ പുണർന്നു ഒരു നിമിഷം നിന്നു..

“എനിക്ക് ഇല്ലേ ഉമ്മ?”

അമേലിയയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ അടർന്നുമാറി..

“കംഓൺ ഹി ഈസ് മൈ ബെസ്റ്റി…”

അവൾ അമേലിയയുടെ കവിളിൽ നുള്ളി…

“യ യ ഐ നോ ഐ നോ….”

അവൾ കള്ളചിരിയോടെ എന്നെ കെട്ടിപിടിച്ചു…

“ഐ വിൽ കാൾ യു ബോത്ത്… ബൈ…”

ഞാൻ അവരോട് പറഞ്ഞു ഷിക്കാഗോ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കയറി..

ഇവിടെ വന്നത് മുതൽ ഉള്ള കൂട്ട് ആണ്… എന്റെ അടുത്ത കൂട്ടുകാരി.. അലക്സി.. അവൾ ആയിരുന്നു ഏക ആശ്രയം..
പതിമൂന്ന് വർഷം ആയി അമേരിക്കയിൽ കാലു കുത്തിയിട്ട്.. ഇപ്പോൾ ഇതാ തിരിച്ചു പോകുന്നു.. സ്വന്തം നാട്ടിലേക്ക്..

സ്വന്തം ആണോ എന്ന് ചോദിച്ചാൽ.. എനിക്കും അറിയില്ല.. ആരെങ്കിലും എന്നെ കാത്തിരിക്കുമോ എന്ന് ചോദിച്ചാൽ അതും അറിയില്ല.. ആ അമ്മയെന്ന് പറയുന്ന സ്ത്രീ കാത്തിരിക്കുമോ.. ആർക്ക് വേണം അവരെ?

എന്നാലും പഴയ ഓർമകൾ….

ലുഫ്താൻസ വിമാനത്തിലെ ബിസിനസ് ക്ലാസിൽ എന്റെ സീറ്റിൽ ഇരുന്നപ്പോൾ ഒരു സുന്ദരി ആദ്യം തന്നത് ഒരു ഗ്ലാസ് ഷാമ്പയിൻ ആണ്..

അവളോട് നന്ദി പറഞ്ഞു ഞാൻ അതൊന്നു രുചിച്ചു.. ഒരു പെണ്ണിന്റെ ചുണ്ടിൽ നിന്നും വേണം ഈ ഷാമ്പയിൻ കുടിക്കാൻ….

ഒരു പുഞ്ചിരി വിടർന്നു മെല്ലെ…. അലെക്സിയുടെ ചുണ്ടിൽ നിന്നും കുടിച്ചിട്ടുണ്ട്.. അല്പം നാണം വന്നു…

വിമാനം റൺവേയിൽ കൂടി ഓടി ചിറകുകൾ നിവർത്തി ആകാശത്തേക്ക് പറന്നപ്പോൾ ഞാൻ ചാരി ഇരുന്നു ഓർമകളിലേക്ക് ഒന്ന് മടങ്ങി..

***
പാലക്കാട് ഒറ്റപ്പാലം ഭാഗത്തുള്ള ഒരു ഉൾഗ്രാമം..

ഒരു ഓണക്കാലം… അവധി ദിവസങ്ങൾ ആണ്..

“മോനു.. ന്താ കുട്ടി ഇങ്ങനെ കിടക്കണേ.. എണീറ്റു വന്നേ….”

അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ടപ്പോൾ ചാടി എണീറ്റു.. മരകോവണി ഇറങ്ങി താഴേക്ക് ചെന്നു..

“നാളെ അത്തം ആണ് കുട്ടി.. ഇങ്ങനെ കിടന്നാൽ എങ്ങനെയാ?”

അമ്മ എന്നെ കണ്ടതും വന്നു കവിളിൽ തലോടി പല്ലു തേക്കാൻ ഉമിക്കരി എടുത്തു തന്നു..

“അമ്മേ….”

ഞാൻ അമ്മയുടെ നെഞ്ചിൽ തല വച്ചു നിന്നു.. അമ്മ മുടി കൈവിരൽ കൊണ്ട് ചീകി ഒതുക്കി.. മറു കൈകൊണ്ടു എന്നെ കെട്ടിപ്പിടിച്ചു.. നെറ്റിയിൽ ചുംബിച്ചു..

“കെട്ടിച്ചു വിടാൻ ആയി ന്നാലും ചെക്കന് അമ്മ മതി എല്ലാത്തിനും…”

ദേവി ചിറ്റ ആണ്.. എനിക്ക്‌ അല്പം നാണക്കേട് തോന്നി..

അമ്മ ചിരിച്ചു..

“ആകെ ഒരു ഉണ്ണി അല്ലേ ഉള്ളു ദേവീ.. അവൻ കൊഞ്ചിക്കോട്ടെ.. അല്ലേടാ വാവേ?”

അത് കേട്ട് ഞാൻ അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു പുറത്തേക്ക് നടന്നു.. തൊടിയിൽ നടന്നു പല്ലുതേക്കുന്നത് ആണ് ശീലം..

“നാളെ അവന്റെ അച്ഛൻ വരും….”

അമ്മ അല്പം നാണിച്ചു കൊണ്ട് ചിറ്റയോട് പറയുന്നത് ഞാൻ കേട്ടു..
എനിക്കും സന്തോഷം തോന്നി.. അച്ഛൻ വരുമ്പോൾ എന്തൊക്കെ കൊണ്ടുവരുമോ ആവൊ…

പല്ലു തേച്ചു അടയും തിന്നു നേരെ പുറത്തക്ക് പോയി.. എന്റെ കളിക്കൂട്ടം കാത്തു നിൽക്കുന്നുണ്ട്..

മാളു എന്ന മാളവിക, അപ്പു എന്ന അച്യുതൻ, കേശു, പിന്നെ സച്ചൂട്ടൻ എന്ന ഞാനും.. എല്ലാവരും എന്നെ തംബ്രാൻകുട്ടി ന്ന വിളിക്കുക.. അച്ഛനെ എനിക്ക് പേടി ആണ്.. പിന്നെ വർഷങ്ങൾ കൂടുമ്പോഴേ വരുള്ളൂ..

“തബ്രാൻകുട്ടി.. നാളെ നിന്റെ അച്ഛൻ വരും ല്ലേ?”

മാളു ചോദിച്ചു.. ആകാംഷയോടെ..

ഞാൻ അവരെയും കൂട്ടി വീടിന്റെ പുറകിലെ കുളപ്പടവിൽ പോയി ഇരുന്നു.. ആമ്പൽ നിറഞ്ഞ കുളം ആണ്..

“അച്ഛനെ.. കപ്പല് കയറിയാ വരുന്നേ.. സിലോണിലാ.. സിലോൺ…. അവിടുന്ന് പിന്നെ ട്രെയിൻ പിടിച്ചു വരും…. നാളെ എത്തും ന്നാ പറഞ്ഞെ…”

ഞാൻ ഗമയിൽ പറഞ്ഞു…

“അല്ല തംബ്രാൻകുട്ടി… ഈ സിലോൺ എവിടെയാ?”

കേശുവിന്റെ ചോദ്യം..

“അതിപ്പോ.. നിക്കും വെല്യ പിടി ഇല്ല.. കുറെ ദൂരം പോകാൻ ഉണ്ട്‌.. കടലിൽ കൂടി….”

“അല്ലാ.. അപ്പൊ കടലിൽ കൂടെ പോയാൽ.. അവിടെ എത്തുമോ?”

“ആ നാളെ അച്ഛൻ വരട്ടെ.. ചോദിക്കാം.. ജ്യോഗ്രഫി പഠിച്ചതിൽ സിലോൺ എവിടെ ആണാവോ…..”

ഞാൻ നന്നായി ചിന്തിച്ചു നോക്കി.. ഏയ് അങ്ങനെ ഒരു സ്ഥലം ഇല്ല.. ഇനി അറിയാത്തത് ആണോ ആവൊ

“നമുക്ക് കളിച്ചാലോ? നാളെ രാവിലെ പൂ പറിക്കാൻ പോണ്ടേ?”

മാളു എണീറ്റ് നിന്ന് ചോദിച്ചു..

“ഉവ്വ്.. രാവിലെ പോണം.. അത്തം അല്ലേ? പൂവ് പിള്ളേര് പറിച്ചു പോവോ എന്തോ….”

“വാ കളിക്കാം….”

ഞങ്ങൾ ഓടി കളി തുടങ്ങി.. പത്താം ക്ലാസ്സിൽ ആണെങ്കിലും ആർക്കും കുട്ടികളിക്ക് കുറവുകൾ ഒന്നും ഇല്ല…
ഉച്ച ആയപ്പോൾ ആണ് കളി നിർത്തിയത്.. അമ്മ വിളിച്ചപ്പോൾ ഞാൻ അവരെയും കൂട്ടി അകത്തേക്ക് ചെന്നു..

“എല്ലാരും ഇരുന്നേ… മാളു.. നിന്റെ ചേച്ചി വന്നില്ലേ?”

“ഇല്ല ഓപ്പോളേ.. ആവര് അമ്മവീട്ടിൽ പോയി…”

അമ്മ ഇലയിൽ ഊണ് വിളമ്പി.. അവധി ദിവസങ്ങളിൽ ഇവർ എന്റെ വീട്ടിൽ ആണ് ഭക്ഷണം.. അമ്മയുടെ നിർബന്ധം ആണ്.

സാമ്പാറും, കാളനും, പപ്പടവും കണ്ണിമാങ്ങാ അച്ചാറും.. പിന്നെ തോരൻ.. ഞങ്ങൾ കലപില കൂട്ടി കഴിച്ചു… കഴിച്ചു തീർത്തു വീടിന്റെ ഉള്ളിൽ ആയി ഒളിച്ചു കളി.. വൈകുന്നേരം കുളത്തിൽ കുത്തി മറിഞ്ഞു സന്ധ്യ ആകാൻ ആയപ്പോൾ പിരിഞ്ഞു..

“ദീപം.. ദീപം.. ദീപം….”

അച്ഛന്റെ പെങ്ങളുടെ മകൾ പാറു ആണ് ദീപം വെച്ചത്.. അതിനെ വണങ്ങി.. അമ്മയുടെ ഒപ്പം തറവാട് അമ്പലത്തിൽ പോയി സർപ്പക്കാവിൽ തിരിയും വച്ചു വീട്ടിൽ വന്നു..

“നാളെ അച്ഛൻ വന്നാൽ എന്നെ തിരിച്ചറിയ്യോ?”

ഞാൻ അമ്മയോട് ചോദിച്ചു..

“അതെന്താ നിനക്കിപ്പം അങ്ങനെ ഒരു സംശയം?”

“അല്ല.. കുറെ നാളായില്ലേ പോയിട്ട്.. അപ്പൊ ന്നെ മറന്നലോ?”

“അങ്ങനെ മറക്കോ വാവേ? മോന്റെ അച്ഛൻ അല്ലെ?”

ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി.. ഉറക്കം വന്നില്ല അന്ന്… അച്ഛൻ എന്തേലും കൊണ്ടുവരുമോ ആവൊ…

എപ്പോഴോ ഉറങ്ങി… അതി രാവിലെ പാറു ആണ് വിളിച്ചത്..

“ചെക്കാ. എണീറ്റെ.. പൂ പറിക്കാൻ പോവാം? പിള്ളേര് വന്നൂട്ടോ…”

ഞാൻ അതുകേട്ടതോടെ ചാടി എഴുന്നേറ്റ് പുറത്തെ ബാത്റൂമിലേക്ക് ഓടി.. വേഗം തന്നെ പൂക്കുടയും എടുത്തു ഇറങ്ങി… മാളുവും അച്ചുവും കേശുവും കാത്തു നിൽക്കുന്നുണ്ടായിരുന്നു….

സൂര്യഭഗവാൻ ചുംബിക്കുന്നതും കാത്തു നിന്ന പൂക്കളെ ഞങ്ങൾ വേദനിപ്പിക്കാതെ അരുമയോടെ പറിച്ചെടുത്തു… കലപില കൂട്ടി ഓടി… അവസാനം വീട്ടിൽ എത്തി വലിയ ഒരു പൂക്കളം ഇട്ടു… അതിന് ശേഷം മാളുവിന്റെ വീട്ടിൽ.. പിന്നെ കേശുവിന്റെ… അപ്പുവിന്റെ… എല്ലായിടത്തും പൂക്കളവും ഇട്ടു ഞങ്ങൾ തളർന്നു ഇരുന്നു….

“തമ്പ്രാൻ വന്നാൽ പിന്നെ നീ വരോ ഞങ്ങടെ ഒപ്പം?”

മാളുവിന്റെ സംശയം ആണ്..

“ഞാൻ വരുംട്ടോ.. നിക്ക് നിങ്ങളില്ലാതെ എങ്ങനാ?”

അത് കേട്ടതും അവളുടെ മുഖത്ത് കൊച്ചു നുണക്കുഴി വിരിഞ്ഞു…

“എസ്ക്യൂസ്‌ മി….സർ…”

ങേ? മാളു ഇംഗ്ലീഷ് പറയുന്നോ? കണ്ണ് തുറന്നു.. നീലക്കണുകൾ ഉള്ള സുന്ദരമായ ഒരു മുഖം ആണ് കണ്ടത്… അൽപ സമയം എടുത്തു ഞാൻ ലുഫ്ത്താൻസ എയർവെയ്‌സിലെ ബിസിനസ് ക്ലാസ്സിൽ ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന് മനസിലാക്കാൻ…

അറിയാതെ ഒന്ന് മയങ്ങിയിരുന്നു.. അവൾ തന്ന മെനുവിൽ നിന്നും ഇഷ്ടപെട്ട ഭക്ഷണം ഓർഡർ ചെയ്തു.. ഒപ്പം ഷാംപെയ്ൻ..

അതും നുണഞ്ഞു ഞാൻ പുറത്തേക്ക് നോക്കി.. വിമാനം വളരെ ഉയരത്തിൽ ആണ്… ആകെ വെള്ളനിറം മാത്രം…

അപ്പുറത്തെ സീറ്റിൽ ഇരുന്ന ഒരു സുന്ദരിചേച്ചിയിൽ കണ്ണുകൾ ഉടക്കി.. വല്ലാത്ത ഒരു പരിചയം തോന്നുന്നു… ഇംഗ്ലീഷ് ലുക്ക് ആണ് പക്ഷെ എവിടെയോ ഒരു മലയാളി ലുക്ക് ഇല്ലേ എന്നൊരു തോന്നൽ….

അവർ എന്നെ നോക്കി ചിരിച്ചു… ഞാനും..

ഭക്ഷണം കഴിഞ്ഞു ഞാൻ എഴുന്നേറ്റ് വിമാനത്തിൽ ഉള്ള മിനി ബാറിലേക്ക് നടന്നു..

“വെൽക്കം സർ… “

സ്വർണമുടിയുള്ള തരുണി എന്നെ നോക്കി പുഞ്ചിരിച്ചു..

“താങ്ക് യു.. ക്യാൻ ഐ ഗെറ്റ് സം വിസ്കി…?”

“വിത്ത് പ്ലഷർ സർ…”

അവൾ വേഗം വിസ്കി എടുത്തു മിക്സ് ചെയ്യാൻ തുടങ്ങി… സൈഡിൽ ഒരാൾ വന്നു നിന്നപ്പോൾ ഞാൻ നോക്കി.. നേരത്തെ കണ്ട ചേച്ചി..

“ഹേയ്… ആർ യു ഗുഡ്…?”

എന്റെ ചോദ്യം കേട്ടപ്പോൾ അവർ ചിരിച്ചു.. ആഞ്‌ജലീന ജോളിയെപോലെ ആണ് പുള്ളിക്കാരി.. നല്ല സുന്ദരി..

“ഫന്റാസ്റ്റിക്… ഇന്നെന്റെ ബർത്ത്ഡേ ആണ്.. അതും വിമാനത്തിൽ…”

മലയാളം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… അമ്പരന്നു അവരെ നോക്കി…

“വൗ.. മലയാളി ആണോ? ആൻഡ് ഹാപ്പി ബർത്ത്ഡേ… ക്യാൻ ഐ ഓഫർ യു എ ഡ്രിങ്ക്?”

“താങ്ക് യു.. അതെ അമ്മ മലയാളി ആണ്, ഡാഡ് ഈസ് ബ്രിട്ടീഷ്.. യ വൈ നോട്? ഐ വിൽ ഹാവ് എ ഡ്രിങ്ക്…ബൈ ദി വെയ്.. ആം ബർനേറ്റ”

അവർ പുഞ്ചിരിച്ചു കൈ നീട്ടി…

“ആം ആദിദേവ്…, “

ഞാൻ ഒരു കൊക്ക്‌റ്റെയിൽ അവർക്ക് വേണ്ടി പറഞ്ഞു… കുറച്ചു നേരംകൊണ്ട് തന്നെ ഞങ്ങൾ അടുത്ത കൂട്ടുകാർ ആയി..

ഒരു ചേച്ചി എന്ന സ്ഥാനത്തേക്ക് എത്താൻ അധിക നേരം വേണ്ടിവന്നില്ല… ഞാൻ അവരെ ബെർണി ചേച്ചി എന്ന് വിളിച്ചു.. കുറെ നേരം സംസാരിച്ചു..

അൽപനേരം കഴിഞ്ഞു സീറ്റിൽ പോയി ഇരുന്നു മെല്ലെ കണ്ണുകൾ അടച്ചു…

***

ആകാംഷയോടെ കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ… പക്ഷെ അച്ഛൻ രാവിലെ എത്തിയില്ല.. ഉച്ചക്കും വന്നില്ല.. പക്ഷെ വൈകുന്നേരം ഒരു വെളുത്ത പറ്റ്മിനി കാർ വീടിന്റെ മുൻപിൽ വന്നു നിന്നു…

മുകളിൽ കുറെ സ്യൂട്ട്‌കേസുകൾ…

“അമ്മെ… അച്ഛൻ വന്നൂട്ടോ….”

ഞാൻ അലറിക്കൂവി ഓടിച്ചെന്നു… ഒരു സഫാരി സ്യൂട്ട്‌ ധരിച്ചു അച്ഛൻ ഇറങ്ങിയപ്പോൾ എനിക്ക് അല്പം പേടി തോന്നി… ആകെ മാറിയതുപോലെ…

എന്നാലും ഓടിച്ചെല്ലാൻ എനിക്ക് കഴിഞ്ഞു… പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ഛൻ കാറിൽ നിന്നും കൈ പിടിച്ചു ഒരു പെൺകുട്ടിയെ ഇറക്കി…

ഇളം റോസ് ഫ്രോക് ഇട്ട… കയ്യിൽ ഒരു സ്പടികശില്പവും തലയിൽ ഒരു തൊപ്പിയും ധരിച്ച ഒരു സുന്ദരികുട്ടി…

“രാവുണ്ണി.. ബാഗ് എടുത്തു വെക്കാ….”

അച്ഛൻ കാര്യസ്ഥൻ രാവുണ്ണിയോട് പറഞ്ഞു എന്നെ ഒന്ന് നോക്കിയതുപോലും ഇല്ലാതെ അവളുടെ കൈപിടിച്ച് വരാന്തയിലേക്ക് കയറി…

ഓടി വന്ന അമ്മ അവളെക്കണ്ടു ഞെട്ടി അവിടെ നിന്നു… അമ്മ എന്നെ ആന്തലോടെ ഒന്ന് പാളി നോക്കിയപ്പോൾ ആ കണ്ണിൽ വേദനയാണ് ഞാൻ കണ്ടത്…

ആരും ഒന്നും മിണ്ടിയില്ല…

“ഇവൾ ഇനി ഇവിടെ ഉണ്ടാകും….”

അച്ഛൻ അതും പറഞ്ഞു അവളെയും കൂട്ടി അകത്തേക്ക് പോയപ്പോൾ ഞാൻ അവിടെ നിന്നു… കണ്ണ് നിറഞ്ഞിരുന്നു…. അച്ഛൻ ഒന്ന് നോക്കിയത് കൂടെ ഇല്ലല്ലോ…

മെല്ലെ കുളപ്പടവിൽ ചെന്ന് അവിടെ ഇരുന്നു.. എന്നാലും അത് ആരായിരിക്കും.. എനിക്ക് അവളോട് അസൂയ തോന്നി… ദേഷ്യവും…

സന്ധ്യ ആയപ്പോൾ വീട്ടിൽ എത്തി… അനക്കം ഒന്നും ഇല്ല.. നേരെ അടുക്കളയിൽ ചെന്നു..

“അമ്മേ.. അതാരാ അമ്മെ…”

ഞാൻ അമ്മയുടെ കൈപിടിച്ച് കുലുക്കി..

“നിന്റെ അപ്പനോട് തന്നെ പോയി ചോദിക്കടാ….!”

അമ്മയുടെ അലർച്ച കേട്ട് ഞാൻ ഞെട്ടി വിറച്ചു പുറകോട്ട് ചാടി.. ആരെയോ ഇടിച്ചു നിന്നു… ദേവിചിറ്റ…

“അവൻ എന്ത് ചെയ്തിട്ടാ ലക്ഷ്മി? വാ മോനെ…”

ചിറ്റ എന്നെയും പിടിച്ചു അകത്തേക്ക് ചെന്നു.. എന്നെ വടക്കിനിയിൽ ആട്ടുകട്ടിലിൽ ഇരുത്തി.. എനിക്ക് നന്നായി സങ്കടം വന്നിരുന്നു.. അമ്മ ആദ്യമായാണ് എന്നോട് ഇങ്ങനെ..

“സാരല്ലട്ടൊ.. അമ്മക്ക് വിഷമം ആയതുകൊണ്ടാട്ടോ..”

ചിറ്റ എന്റെ തലയിൽ തലോടി.. നിറഞ്ഞ കണ്ണുകൾ തുടച്ചു…

“ചിറ്റേ.. ആരാ അത്..? ആ കുട്ടി?”

ഞാൻ ആകാംഷയോടെ ചോദിച്ചു…

“നിന്റെ അച്ഛന്റെ മോളാത്രെ….”

അത് കേട്ടപ്പോൾ എന്റെ നെഞ്ചിൽ വല്ലാത്തൊരു വേദന വന്നു.. വെറുതെയല്ല അച്ഛൻ എന്നെ ശ്രദ്ധിക്കാത്തത്.. പണ്ടുതൊട്ടേ മോളെ ആയിരുന്നു അച്ഛന് വേണ്ടത്… ഞാൻ ഒന്നും മിണ്ടിയില്ല…

കുട്ടിക്കളി കളിക്കും എങ്കിലും ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു…

“ഡാ നിന്റച്ഛൻ ഒരു പെൺകുട്ടിയെ കൊണ്ടന്നുല്ലേ… “

പിറ്റേന്ന് മാളു എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഉണ്ടായില്ല… ഞാൻ അവളെ നോക്കി നിർജീവം ആയി ചിരിച്ചു..

ഉച്ചക്ക് വീട്ടിൽ എത്തി.. ഭക്ഷണ സമയത്ത് അച്ഛന്റെ കയ്യിൽ തൂങ്ങി അവൾ വന്നു… എന്നെ ഒന്ന് നോക്കിയത് കൂടെ ഇല്ല അച്ഛൻ… ഞാൻ നിരാശയോടെ തല താഴ്ത്തി… ഇടക്ക് എപ്പോഴോ തല പൊക്കി നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു..

ഞാൻ ദേഷ്യത്തിൽ തല വെട്ടിച്ചു… വെറുപ്പോടെ…

***

ഒരു ദിവസംകൊണ്ടു തന്നെ ഞാൻ ഒറ്റപെട്ടതുപോലെ എനിക്ക് തോന്നി… പറമ്പിൽ നടന്നു അടുക്കളവഴി അകത്തേക്ക് കയറാൻപോയ ഞാൻ ഒരു കാഴ്ച കണ്ടു ഞെട്ടി അവിടെ നിന്നു…

അമ്മ അവളുടെ മുടി കെട്ടിവച്ചു കൊടുക്കുന്നു… അവർ വന്നതിന് ശേഷം അമ്മ എന്നോട് മിണ്ടിയിട്ടില്ല… ഇന്നലെ ദേഷ്യപ്പെട്ടതിൽ ശേഷം ഞാൻ അമ്മയുടെ അടുത്തുപോയിട്ടില്ല..
പക്ഷെ ഇപ്പോൾ അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി മുടി കെട്ടികൊടുക്കുന്നു…

അമ്മ എന്നെ കണ്ടു… ഒരു നിമിഷം എന്നെ നോക്കി.. അവളും… നിറഞ്ഞ കണ്ണുകൾ താഴ്ത്തി ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.. കുളപ്പടവിൽ ചെന്ന് ഇരുന്നു കരഞ്ഞു… തോളിൽ ഒരു കൈ വന്നപ്പോൾ ഞാൻ നോക്കി..

ദേവിചിറ്റ… അവർ എന്നെ മടിയിലേക്ക് ചായ്ച്ചു ഇരുത്തി.. ഒന്നും മിണ്ടിയില്ല.. അങ്ങനെ ഇരുന്നു…ഒരു നിമിഷം ഞാൻ ഒരു പെണ്ണ് ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു…

അവളോട് എനിക്ക് ദേഷ്യം ആയിരുന്നു.. എന്റെ അമ്മയെയും അച്ഛനെയും തട്ടിയെടുത്ത അവളെ ഞാൻ വെറുത്തു.. എനിക്ക് അവളെ കൊല്ലണം എന്ന് തോന്നി… അവസരം കിട്ടിയാൽ ഞാൻ അത് ചെയ്യും എന്നും ഉറപ്പിച്ചു..

അവളുടെ കയ്യിൽ ഒരു സ്പടികത്തിന്റെ ശിൽപം ഉണ്ടായിരുന്നു.. ചിറക് വിരിച്ചു നിൽക്കുന്ന ഒരു മാലാഖ.. അത് അവൾ ഇടക്ക് എടുത്തുകൊണ്ടുവരും… എനിക്ക് ആകെ ഉള്ളത് പറമ്പും കൂട്ടുകാരും മാത്രം…

ഉമ്മറത്തു ഇരുന്നപ്പോൾ ആണ് അമ്മ ചായ കൊണ്ടുവന്നു തന്നത്.. ഇലഅടയും..

“മോനു ചായ…”

“അമ്മയുടെ പുതിയ മോൾക്ക് കൊടുത്താൽ മതി….”

ഞാൻ ചീറിക്കൊണ്ട് ഇലയട തട്ടിയെറിഞ്ഞു… ചായ തട്ടി മറിച്ചു… അമ്മ അമ്പരന്നു നിന്നപ്പോൾ അത് കണ്ടുകൊണ്ടാണ് അച്ഛൻ വന്നത്…

തൊടിയിൽ നിന്നും ഒരു കമ്പ് എടുത്താണ് അച്ഛൻ എന്നെ തല്ലിയത്‌… ഞാൻ കരഞ്ഞില്ല.. അമ്മയെ ദേഷ്യത്തിൽ നോക്കി… അമ്മ ഇടക്ക് കയറി എന്നെ പിടിച്ചു മാറ്റി പുറകിൽ ഒളിപ്പിച്ചു…

“അഹങ്കാരം കാണിച്ചാൽ കൊണ്ടുപോയി കളയും ഞാൻ…”

എന്റെ നേരെ അലറിയ ശേഷം അച്ഛൻ തിരിഞ്ഞു നടന്നപ്പോൾ എനിക്ക് അടികിട്ടിയ ഭാഗം വേദനിചില്ല.. നെഞ്ചാണ് വേദനിച്ചത്..

“കൊഞ്ചിച്ചു കൊണ്ടുനടന്നവനെ ഒറ്റ ദിവസം കൊണ്ട് തന്നെ നീ മാറ്റികളഞ്ഞല്ലോടീ….നന്നായി…”

ദേവിചിറ്റ വന്നു എന്റെ കൈ പിടിച്ചു നടന്നുകൊണ്ടു അമ്മയോട് അത് പറഞ്ഞപ്പോൾ

“എന്റെ ദേവീ…”

എന്ന് വിളിച്ചു നെഞ്ചിൽ കൈവച്ചു അമ്മ എന്നെ നോക്കിയത് മനഃപൂർവം ഞാൻ കണ്ടില്ല എന്ന് നടിച്ചു…

***

“ഞാൻ അമ്മയുടെ കൂടെ കിടക്കട്ടെ..?”

അവളുടെ ശബ്ദം ഞാൻ ആദ്യമായ്‌ ആണ് കേൾക്കുന്നത്… അവൾ എന്റെ അമ്മയോട് ചോദിച്ചത് ആണ് ഇത്..

ഞാൻ തല താഴ്ത്തി… എനിക്ക് അറിയാമായിരുന്നു അമ്മ അവളെ ഏറ്റെടുത്തു കഴിഞ്ഞു എന്ന്… ഇനി എനിക്ക് ഈ വീട്ടിൽ സ്ഥാനം ഇല്ല എന്ന് ഞാൻ ചിന്തിച്ചു..

“മോനു ഇന്ന് എന്റെ ഒപ്പം…”

ദേവിചിറ്റ എന്നെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മവച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി… ഒരാൾ എങ്കിലും ഉണ്ടല്ലോ..

***

“എനിക്ക് ദേവിചിറ്റ തന്നാൽ മതി….”

പിറ്റേന്ന് രാവിലെ അമ്മയുടെ മുഖത്ത് നോക്കി അമ്മ തന്ന ഭക്ഷണം ഞാൻ നിരസിച്ചു..

“മോനു… നീയെന്താ ഇങ്ങനെ..? നിന്റെ അമ്മയല്ലേ ഞാൻ…? “

അമ്മ വിതുമ്പിക്കൊണ്ടാണ് എന്നോട് ചോദിച്ചത്…

“അമ്മക്ക് പുതിയ മോൾ ഉണ്ടല്ലോ.. ഞാൻ അടുത്ത് വന്നപ്പോ ചീത്ത പറഞ്ഞു ഓടിച്ചില്ലേ? ന്നെ ഒഴിവാക്കില്ലേ….? അവളുടെ മുടി കെട്ടിക്കൊടുത്തില്ലേ? ഒപ്പം കിടത്തിയില്ലേ…?”

അത് പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞിരുന്നു…

“എന്റെ മോനു… ഒക്കെ മോനുട്ടന്റെ തെറ്റിദ്ധാരണകൾ അല്ലെ… എങ്ങനെയാ നിന്നെ ഒഴിവാക്കുക? അമ്മക്ക് വിഷമം വന്നതുകൊണ്ടല്ലേ അങ്ങനെ.. എന്റെ വാവ അല്ലെ നീ?”

അമ്മ ഓടിവന്നു എന്നെ ഇരുക്കെ കെട്ടിപിടിച്ചു അത് പറഞ്ഞപ്പോൾ അറിയാതെ ഞാൻ കരഞ്ഞുപോയി… എന്നാലും ഞാൻ ബലം പിടിച്ചിരുന്നു..

“എന്നോട് പിണക്കാ മോനു?”

അമ്മ എന്റെ മുഖം പിടിച്ചു… ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി… അമ്മ സാരിത്തുമ്പ് കടിച്ചുകൊണ്ട് കരയുന്നത് കണ്ടു എങ്കിലും എനിക്ക് ദേഷ്യം ആയിരുന്നു.. എല്ലാവരോടും…

***

“ഇവടെ വാ…”

അച്ഛന്റെ ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി.. അവളും ഉണ്ട് ഒപ്പം… അച്ഛന്റെ ചാര്കസേരയുടെ അരികിൽ തന്നെ… അമ്മയുണ്ട് ഉമ്മറത്ത്…

ഞാൻ മെല്ലെ ചെന്നു..

“ഇവൾ നിന്റെ സഹോദരിയാണ്.. അവളോട് ദേഷ്യം കാണിക്കരുത്…”

അച്ഛന്റെ സ്വരം.. ഞാൻ അവളെ നോക്കി.. അവൾ എന്നെ നോക്കി ചിരിച്ചു.. എനിക്ക് ദേഷ്യം വന്നു..

“വേണ്ട… എനിക്ക് ആരും വേണ്ട.. എന്റെ അച്ഛനെയും അമ്മയെയും തട്ടിയെടുക്കാൻ വന്നതാ ഇവൾ.. വെറുപ്പാണ് എനിക്ക്.. കൊല്ലും ഞാൻ… കൊല്ലും…..!”

ഞാൻ അലറിക്കൊണ്ട് അവളുടെ നേരെ കൈ ചൂണ്ടി.. അച്ഛനും അമ്മയും പകപ്പോടെ ആണ് എന്നെ നോക്കിയത്… അവൾ പുഞ്ചിരിച്ചുകൊണ്ട് തല താഴ്ത്തുന്നത് ഞാൻ കണ്ടു…

കവിൾ അടക്കം ആണ് അടി കിട്ടിയത്… തലകറങ്ങി ഞാൻ നിലത്തുവീണു…

“ദേവീ ന്റെ മോൻ….!”

അമ്മ ഓടി വന്നു എന്നെ വാരിയെടുത്ത് നെഞ്ചോടു ചേർത്ത് അച്ഛനെ നോക്കി..

“ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല നിങ്ങൾ അവനോട്.. എന്നിട്ട് അടിക്കുന്നു.. അച്ഛൻ ആണോ നിങ്ങൾ? അത്രക് വേണ്ടെങ്കിൽ കൊണ്ടുപോയി കൊല്ല് ഇവനെ…”

അമ്മ കൈ ചൂണ്ടി അച്ഛനോട് അലറിയപ്പോൾ അച്ഛൻ പകപ്പോടെ അമ്മയെ നോക്കി.. അതിന് ശേഷം അവളുടെ കൈപിടിച്ച് പുറത്തേക്ക് പോയി.. ദേഷ്യത്തോടെ… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

അമ്മ എന്നെ നെഞ്ചോടു ചേർത്ത് കരഞ്ഞു… ചുണ്ട് പൊട്ടിയിരുന്നു.. ദേവിചിറ്റയും വന്നു എന്റെ അരികിൽ ഇരുന്നു..

“സമാധാനം പോയി ദേവീ….”

അമ്മ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു.. ഞാൻ കരഞ്ഞില്ല.. അച്ഛനോടും എനിക്ക് പക തോന്നി.. ഏതോ ഒരു പെണ്ണിന് വേണ്ടി എന്നെ അടിച്ചു.. കൊല്ലും ഞാൻ അവളെ എന്ന് ഉറപ്പിച്ചു..

രണ്ടോ മൂന്നോ ദിവസങ്ങൾ അങ്ങനെ പോയി.. അമ്മ എന്നെ നന്നായി ശ്രദ്ധിച്ചു.. അവളെയും എന്നെയും അമ്മ സംസാരിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ നിന്നില്ല.. എനിക്ക് അവളെ കൊല്ലണം എന്നായിരുന്നു മനസ്സിൽ..

“എന്നോട് എന്തിനാ ഇങ്ങനെ ദേഷ്യം?”

കുളപ്പടവിൽ ഒറ്റക്ക് ഇരുന്ന ഞാൻ ആ ചോദ്യം കേട്ട് തിരിഞ്ഞു… അവൾ.. വെളുത്ത ഫ്രോക് ആണ് വേഷം.. കയ്യിൽ സ്പടികംകൊണ്ട് ഉണ്ടാക്കിയ ചിറക് വിരിച്ചു നിൽക്കുന്ന മാലാഖയുടെ പ്രതിമ.. അവൾ കുളപടവുകൾ ഇറങ്ങി വന്നത് ഞാൻ കണ്ടില്ല..

എനിക്ക് അവളെ കണ്ടതും ദേഷ്യം ഇരച്ചുകയറി.. കൊല്ലാനുള്ള ദേഷ്യം.. ഞാൻ എഴുന്നേറ്റ് പുറത്തക്ക് നടന്നു…

പക്ഷെ അവൾ എന്റെ കയ്യിൽ പിടിച്ചു..

“എന്നോട് ഒന്ന് മിണ്ടിക്കൂടെ?”

“വിടഡീ കൈ….!”

ഞാൻ അലറിയപ്പോൾ അവൾ ഞെട്ടി പുറകോട്ട് മാറി… കണ്ണിൽ വെള്ളം നിറഞ്ഞു…

“ദുഷ്ട്ടയാ നീ… എന്റെ അച്ഛനെയും അമ്മയെയും തട്ടിയെടുക്കാൻ വന്നവൾ… പൊയ്ക്കൂടേ നിനക്ക്? എനിക്ക് കാണണ്ട നിന്നെ….പോയി ചത്തോ നീ…!”

ഞാൻ അലറി… കൈ ചൂണ്ടി…

അവൾ ഒന്ന് പുഞ്ചിരിച്ചു… അവളുടെ നീലകണ്ണുകളിൽ നിന്നും വെള്ളം ചാടിയതു കണ്ടപ്പോൾ എനിക്ക് സന്തോഷം ആണ് തോന്നിയത്..

“അങ്ങനെ ഒന്നും ഇല്ല… അവരെ ഞാൻ തട്ടിയെടുക്കില്ല..എന്നോട് കൂട്ട്‌ ആകുമോ? ഇതാ.. ഇത് തരാം…”

അവൾ ആ സ്പടികപ്രതിമ എന്റെ നേരെ നീട്ടി…അവളുടെ കണ്ണുകളിൽ പ്രതീക്ഷ…
ഒരു നിമിഷം അതിൽ എന്റെ കണ്ണുകൾ ഉടക്കി.. ഇല്ല… വേണ്ട…
കലി പിടിച്ചു നിന്ന ഞാൻ അത് പിടിച്ചു വാങ്ങി കുളത്തിന്റെ നടുക്ക് ആഴത്തിലേക്ക് എറിഞ്ഞു…

“അമ്മെ…….!”

അവൾ നെഞ്ചിൽ കൈവച്ചു മറുകൈ കുളത്തിലേക്ക് ചൂണ്ടി അലറിക്കരഞ്ഞപ്പോൾ ഞാൻ അവളെ വിട്ടു കുളപ്പടവ്‌ കയറി വാതിൽ കടന്നുപോയി….

അവളെ കരയിച്ചതിൽ എനിക്ക് സന്തോഷം തോന്നി…

“മോനു.. അമ്മ അമ്പലത്തിൽ പോവ്വാ.. നീ അവളെ കുളത്തിന്റെ അവിടെ കണ്ടാൽ ചീത്ത പറഞ്ഞു ഓടിച്ചോളൂട്ടോ.. നീന്തൽ ഒന്നും അറിയാത്ത കുട്ടിയാണ്.., രാവുണ്ണി.. ഒന്ന് ശ്രദ്ധിക്കണേ…പെണ്ണുങ്ങൾ അകത്താണെ… “

അമ്മ പറഞ്ഞു…

“ഞാൻ തൊടിയിൽ ഉണ്ടാകും തമ്പ്രാട്ടി…”

കാര്യസ്ഥൻ രാവുണ്ണി തൊടിയിലേക്ക് നടന്നു..

അമ്മയും അച്ഛനും ദേവിചിറ്റയും കാറിൽ കയറി പോകുന്നത് ഞാൻ ഒരുനിമിഷം നോക്കി നിന്നു.. പെട്ടെന്ന് എനിക്ക് വല്ലത്തൊരു പേടി തോന്നി..

പെട്ടെന്ന് ഞാൻ തിരിഞ്ഞു ഓടി കുളകരയിലേക്ക്…. അവളുടെ പേര് പോലും എനിക്ക് അറിയില്ല… വാതിൽ കടന്നു താഴേക്ക് ഓടി…

“കുട്ടി???”

ഇല്ല ആരും ഇല്ല.. കുളപ്പടവ് ഓടിയിറങ്ങിയ ഞാൻ കണ്ടത് ശാന്തമായി കിടന്നിരുന്ന കുളത്തിൽ വെള്ളം ഉലയുന്നതും നടുക്ക് നിന്നും കുമിളകൾ വരുന്നതും ആണ്… കുളത്തിൽ ആമ്പൽ ആണ്.. പെട്ടാൽ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല…

“എന്റെ ദേവീ…”

ഞാൻ നെഞ്ചിൽ കൈവച്ചു അവിടെ ഇരുന്നുപോയി… ഞാൻ മനസ്സിൽ വിചാരിച്ചതുപോലെ അവളെ കൊന്നു എന്നെനിക്ക് തോന്നി… ഓടിപോയ്ക്കോ എന്ന് മനസ് എന്നോട് പറഞ്ഞു..

കുളത്തിൽ നിന്നും കുമിളകൾ ഉയരുന്നുണ്ടായിരുന്നു..

****

“ഹെയ്‌…. വെക് അപ് മാൻ…”

കണ്ണ് തുറന്നു… ബെർണി ചേച്ചി ആണ്… ഞാൻ കണ്ണ് തിരുമ്മി നോക്കി.. മിഡിൽ ഈസ്റ്റ് ഭാഗം എത്തി എന്ന് മനസിലായി.. ദുബായ് നിന്നും വേറെ ഫ്ലൈറ്റ് ആണ്..

“ഞാൻ ഒന്ന് ഉറങ്ങി ചേച്ചി…”

“മ്മ്മ് എന്തൊക്കെയോ വിളിച്ചുപറഞ്ഞു ഉറക്കത്തിൽ…. “

അവർ ഒരു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് ചമ്മൽ തോന്നി…

“ഒന്നു പോടീ ചേച്ചി…”

ഞാൻ അവരുടെ കവിളിൽ ഒരു നുള്ളു കൊടുത്തു.. നുണകുഴികൾ തെളിഞ്ഞു…

ചേച്ചി ദുബായ് ഇറങ്ങുകയാണ്.. ഒരിക്കലും പിരിയാത്ത ഒരു ചേച്ചി അനിയൻ ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു…

ചിറകുകൾ വിരിച്ചു വിമാനം ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി… അമേരിക്കൻ മണ്ണിൽ നിന്നും മിഡിൽ ഈസ്റ്റ് വരെ കൊണ്ടുവന്ന പക്ഷി നിന്ന് കിതച്ചപ്പോൾ ഞാൻ പുറത്തിറങ്ങി..

ദുബൈ എയർപോർട്ടിൽ നിന്നും അല്പം ഭക്ഷണം കഴിച്ചു.. അവിടെ നിന്നും എനിക്ക് ഉള്ള വിമാനം വരുന്ന ഗേറ്റിൽ ചെന്ന് ഇരുന്നു..

പെട്ടെന്ന് തന്നെ ദുബൈ എയർപോർട്ടിൽ നിന്നും എമിരേറ്റ്സ് വിമാനത്തിൽ കൊച്ചിയിലേക്ക്…

ചിന്തകൾക്ക് സമയം കൊടുത്തില്ല.. ബിസിനസ് ക്ലാസ്സിലെ സുന്ദരി ഹോസ്റ്റസുമാരോട് തമാശകൾ പറഞ്ഞു മനസിലെ നീറ്റൽ ഒഴിവാക്കാൻ ശ്രമിച്ചു..

അവസാനം.. നാടിന്റെ പച്ചപ്പ് കാണാൻ തുടങ്ങി.. കേരളം… സൊ കാൾഡ് ദൈവത്തിന്റെ സ്വന്തം നാട്… എനിക്ക് പുച്ഛം തോന്നി.. നാടിനോടല്ല… എന്നോട്..

എയർപോർട്ടിൽ ഇറങ്ങി.. രണ്ടു സ്കോച്ച് വിസ്കി കൂടെ വാങ്ങി പുറത്തേക്ക്..
ബുക്ക് ചെയ്ത ടാക്സിയിൽ പാലക്കാടൻ മണ്ണിലേക്ക്… ഒറ്റപ്പാലം.. ഒരു കൊച്ചു ടൗൺ.. അവിടെ നിന്നും വീണ്ടും 15 കിലോമീറ്റർ… ഒരു കുഗ്രാമം…

നാട്ടിലെ ചൂടും പൊടിയും അല്പം അലോസരപ്പെടുത്തി എങ്കിലും ഞാൻ അത് ആസ്വദിച്ചു…

പണ്ടത്തെ കുമാരേട്ടന്റെ ചായക്കട ഒരു ബേക്കറി ആയി രൂപപ്പെട്ടു.. ഒപ്പം പലചരക്ക് കടയും… വേറെ ഒരു മാറ്റവും ഞാൻ കാണുന്നില്ല..

ശിവപാർവ്വതി അമ്പലവും, യുപി സ്കൂളും കൊച്ചു സർക്കാർ ആശുപത്രിയും ഒക്കെ കടന്നുപോയപ്പോൾ ഹൃദയം തുടിച്ചു…

പണ്ട് ഓടി നടന്ന വഴികളാണ്..
മണ്ണിട്ട വഴി മാറി ടാർ റോഡ് ആയിരിക്കുന്നു… ദേവീ ക്ഷേത്രത്തിലെ ആൽമരവും, ആൽത്തറയും അതുപോലെതന്നെ…

അതാണ് ഗ്രാമങ്ങളുടെ ഭംഗി എന്ന് ഞാൻ ഓർത്തു… യക്ഷിയുടെ നീണ്ടമുടിക്കെട്ടുപോലെ ആണ് ഗ്രാമത്തിന്റെ ഭംഗി… ഒരിക്കലും അതിന് കോട്ടം സംഭവിക്കില്ല…

വീട്ടിലേക്ക് കയറി വണ്ടി നിന്നപ്പോൾ ഞാൻ മെല്ലെ ഇറങ്ങി… നെഞ്ച് വല്ലാതെ ഇടിക്കുന്നു.. എന്താ ഇങ്ങനെ?

“തമ്പ്രാൻകുട്ടി… എത്തീ ല്ലേ…. എത്ര നാളായി…”

കാര്യസ്ഥൻ രാവുണ്ണിയെട്ടൻ… കുറച്ചു പ്രായം ആയി എന്നൊഴിച്ചാൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല… വീടിനും… പെയ്ന്റ്‌ മാറിയിട്ടുണ്ട്… വേറെ മാറ്റങ്ങൾ ഒന്നും ഇല്ല..

ഒരു നിമിഷം നെഞ്ച് വിങ്ങിപ്പൊട്ടി… കരഞ്ഞുകൊണ്ട് ഇവിടെ നിന്നും പോയ ആ ദിവസം ഓർമയിൽ വന്നപ്പോൾ മനസിലേക്ക് പക ഇരച്ചു കയറി…

“മോനു… വന്നു ല്ലേ… ഒന്ന് കണ്ടല്ലോ ദേവീ…ഇനി മരിച്ചാലും വേണ്ടില്ല….”

അലറികരഞ്ഞുകൊണ്ട് വന്നയാളെ ഞാൻ നോക്കി.. അമ്മ… ഒത്തിരി വയസ്സായതുപോലെ … ആകെ ശോഷിച്ചതുപോലെ.. മുടി നരച്ചിരിക്കുന്നു… പണ്ടത്തെ അമ്മയുടെ ഒരു കോലം മാത്രം..

“ന്താ ഇങ്ങനെ നോക്കണേ? അമ്മയാ മോനു…”

അവർ വിങ്ങിപ്പൊട്ടി…

“അമ്മയോ? ആരുടെ? എന്റെ അമ്മ അങ്ങ് ഷിക്കാഗോയിൽ ഉണ്ട്.. ജന്മം തന്ന വകുപ്പിൽ ആണെങ്കിൽ യെസ്‌… യു ആർ ജസ്റ്റ് മൈ മദർ… ദാറ്റ്സ് ഇറ്റ്… അതിൽ കൂടുതൽ ഒന്നും ഇല്ല… “

എന്റെ പുച്ഛത്തോടെയുള്ള മറുപടി കേട്ടപ്പോൾ അവർ വായിൽ കൈ അമർത്തി കരഞ്ഞു… വിറക്കുന്നുണ്ടായിരുന്നു അവരെ

“കുട്ടി.. തമ്പ്രാട്ടിയെ വിഷമിപ്പിക്കല്ലേ.. വയ്യാതിരിക്കുകയാണെ…”

രാവുണ്ണി എന്നോട് വേഗം പറഞ്ഞു…

“തമ്പ്രാട്ടിക്ക് വിഷമം ആകാൻ പാടില്ല അല്ലെ രാവുണ്ണി… ബാക്കി ഉള്ളവർക്കു ആകാം അല്ലെ? തന്റെ കാര്യം നോക്കടോ…”

അയാളുടെ തലയും കുനിഞ്ഞു..

“രാവുണ്ണി.. അവൻ എന്താച്ചാ പറഞ്ഞോട്ടെ.. അത്രക്ക് തെറ്റാ അവനോട് നമ്മൾ ചെയ്തുകൂട്ടിയെ.. ണിട്ടും വന്നല്ലോ ന്റെ കുട്ടി.. നി മരിച്ചാലും വേണ്ടില്ല… രാവുണ്ണി ബാഗൊക്കെ എടുത്തു അകത്തേക്ക് വെക്കാ.. മുകളിൽ മുറി ആരു വൃത്തിയാക്കിട്ടുണ്ട്…”

അമ്മ തിടുക്കത്തിൽ പറഞ്ഞു…

“ഈ വീട്ടിൽ ഞാൻ കയറില്ല… രാവുണ്ണി.. ബാഗ് അങ്ങോട്ട് വച്ചോളു…”

ഞാൻ ഔട്ട്ഹൗസ്‌ ചൂണ്ടി കാണിച്ചു..

“ന്റെ ദേവീ… മോനു…അകത്തു മോന്റെ മുറി തന്നെ ഉണ്ട്.. അങ്ങോട്ട് വാ… അപമാനിക്കരുത് ഈ അമ്മയെ…”

അമ്മ എന്നോട് കൈ കൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞു.. എനിക്ക് ചിരിയാണ് വന്നത്…

“ബാഗ് അവിടെ തന്നെ വെക്ക് രാവുണ്ണി… ഈ വീട്ടിൽ എനിക്ക് സ്ഥാനം ഇല്ല.. പടിയിറക്കി വിട്ടതാണ് പണ്ടേ….”

അതും പറഞ്ഞു ഞാൻ പുറത്തെ പുരയിലേക്ക് നടന്നു.. രണ്ടു റൂമും അടുക്കളയും ഒരു ബാത്ത്റൂമും ഉള്ള ഒരു കൊച്ചു വീടാണ് ഔട്ട്ഹൗസ്‌…

“കുട്ടി. അവിടെ വൃത്തി ഇല്ല.. കൂടാതെ ഒരു യക്ഷി സാമിപ്യം ഉണ്ട്ത്രെ… അകത്തേക്ക് പോകാം കുട്ടി…”

രാവുണ്ണി ഓടി വന്നു വഴിതടഞ്ഞു..

“യക്ഷി മൈ ഫുട്… എടുത്തു വക്കടോ ബാഗ്.. വേഗം വൃത്തിയാക്കണം…. “

എന്റെ ഒച്ച നന്നായി പൊങ്ങി… അതോടെ രാവുണ്ണി ബാഗ് എടുക്കാൻ പോയി… ഞാൻ അമ്മയെ പുച്ഛ ഭാവത്തിൽ ഒന്ന് നോക്കി ഉമ്മറത്തു വന്നു നിന്ന ബന്ധുക്കളെ മൈൻഡ് പോലും ചെയ്യാതെ അകത്തു കയറി… ആകെ പൊടിപടലം ആണ്…

അപ്പോഴാണ് തൊടിയിൽ ഒരു അസ്ഥിത്തറ കണ്ടത്.. വൃത്തി ആക്കി വച്ച ഇടം… എന്തോ മനസ് ഒന്ന് തേങ്ങി… കിട്ടാതെ പോയ ഓർമകൾ..

“അത് മോനെ….”

പുറകിൽ വന്ന രാവുണ്ണി പറയാൻ തുടങ്ങി….

“വിശദീകരണം ഒന്നും വേണ്ട. ഐ നോ…. “

ഞാൻ അയാളോട് ഒച്ചയിട്ടു… അതോടെ ആൾ വേഗം പോയി.. ദേഷ്യം ആയിരുന്നു എനിക്ക്.. എല്ലാവരോടും…

കതകിൽ മുട്ട് കേട്ടു… നോക്കി… ഒരു പെൺകുട്ടി..

“സച്ചൂട്ടാ…, ഞാനാ… പാറു.. പാർവതി…”

അവൾ അല്പം പേടിയോടെ ആണ് എന്നോടത് പറഞ്ഞത്.. ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു.. പണ്ടും പാവം ആയിരുന്നു ഇവൾ.. അച്ഛന്റെ പെങ്ങളുടെ മോൾ…

“സുഖം അല്ലെടീ?”

“മ്മ്മ്.. കല്യാണം കഴിഞ്ഞൂട്ടൊ… ആള് വന്നിട്ടില്യ.. അതെ കഴിക്കാൻ ചെല്ലാൻ പറഞ്ഞു.. ഊണ് കാലായി…”

അവൾ തനി നാട്ടുമ്പുറത്തുകാരിയെപോലെ വാചാലതയായി… പണ്ടും അങ്ങനെ ആണ്..

“എനിക്ക് ഇങ്ങോട്ട് മതി.. അവിടേക്ക് ഇല്ല…”

ഞാൻ അവളെ നോക്കി പറഞ്ഞു.. അവൾ നിരാശയോടെ എന്നെ നോക്കി..

“ഒന്നും മറന്നില്ല്യ അല്ലെ..? “

“നിന്നെ നിന്റെ അച്ഛനും അമ്മയും ലാളിച്ചു വളർത്തിയത് അല്ലെ? ഇപ്പോഴും അതിനു കുറവ് ഒന്നും ഇല്ലല്ലോ അല്ലെ? ആം ഐ റൈറ്റ്?”

ആ ചോദ്യം അവളെ ഉലച്ചുകളഞ്ഞു… നിറഞ്ഞകണ്ണുകൾ എന്നിൽ നിന്നും മറക്കാൻ വേണ്ടിയാകും അവൾ ഓടി…

തണുത്ത വെള്ളത്തിലൊന്നു കുളിച്ച ശേഷം പാറു കൊണ്ടുവന്ന ഊണ് കഴിച്ചപ്പോഴേക്കും രാവുണ്ണി ആ കൊച്ചുവീട് വൃത്തിയാക്കിയിരുന്നു.. പുതിയ ബെഡ്ഡും എല്ലാം… ഒന്ന് മയങ്ങി…

ചില ഓർമ്മകൾ കുത്തി നോവിക്കുന്നുണ്ടായിരുന്നു ഇടനെഞ്ചിനെ.. പക്ഷെ ഇല്ല… ഐ ഡോണ്ട് ഗിവ് എ ഡാം…

വൈകുന്നേരം എന്നീറ്റ് ഒന്നുകൂടെ കുളിച്ചു.. നേരത്തെ വാങ്ങിവെച്ച കാവി മുണ്ടും കറുത്ത ഫുൾ സ്ലീവ് ഷർട്ടും, ചെരിപ്പും ഇട്ടു പുറത്തിറങ്ങി…

“മോനു… എങ്ങോട്ടാണ്.. ചായ വച്ചിരുന്നു…”

അമ്മയുടെ ശബ്ദം… ഞാൻ തിരിഞ്ഞു അവരെ ദേഷ്യത്തിൽ നോക്കി..

“എങ്ങോട്ടായാലും എന്താ തള്ളെ നിങ്ങൾക്ക്? പണ്ട് ഇറക്കി വിട്ടപ്പോൾ ഈ സ്നേഹം ഒന്നും ഇല്ലായിരുന്നല്ലോ?”

എടുത്തടിച്ചപോലെയുള്ള എന്റെ ചോദ്യം കേട്ടപ്പോൾ അമ്മ നെഞ്ചിൽ കൈവച്ചു.. ശ്വാസം ആഞ്ഞു വലിച്ചു… കണ്ണ് മറിഞ്ഞു പുറകോട്ട് വീണതും ഒരുമിച്ചു ആയിരുന്നു..

ഒരുനിമിഷം ഞാൻ പതറിനിന്നു..

“അയ്യോ തമ്പ്രാട്ടി…..”

രാവുണ്ണി ഓടി വന്നു അമ്മയെ എടുത്തു വരാന്തയിൽ കിടത്തി.. അപ്പോഴേക്കും മറ്റു ചിലർ ഓടി വന്നിരുന്നു..

“ബിപി കയറിയതാവും.. ആ ഗുളിക ഇങ്ങെടുത്തേ പാറു… “

ആരോ വിളിച്ചു പറഞ്ഞു അമ്മയുടെ മുഖത്ത് വെള്ളം തളിച്ചപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി.. നടന്നു വഴിയിലൂടെ… മനസ് കല്ലായിരിക്കുന്നു… എല്ലാവരോടും ദേഷ്യം… കൊല്ലാനുള്ള ദേഷ്യം..

നടത്തം എത്തി നിന്നത് ആൽത്തറയിൽ ആണ്.. വേറെ ആരും ഇല്ല.. അവിടെ ചാരി ഇരുന്നു കണ്ണടച്ചു…

“തംബ്രാൻകുട്ടി….!”

ഒരു വിളി കേട്ടാണ് കണ്ണ് തുറന്നത്…

മുൻപിൽ മുടി വിടർത്തിയിട്ട് ചന്ദനം തൊട്ട, സെറ്റ് സാരി ഉടുത്ത ഒരു സുന്ദരിപ്പെണ്ണ്…
അതാരാണെന്ന് എനിക്ക് വളരെ വേഗംതന്നെ മനസിലായി..

“തംബ്രാൻകുട്ടി… ന്റെ സച്ചു… ഞാനാ… മാളു.. മാളവിക…”

അവൾ കരഞ്ഞു കൊണ്ട് എന്റെ കൈപിടിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ അവളുടെ കൈ കുടഞ്ഞെറിഞ്ഞു..

“തൊടരുത് എന്നെ….!”

അലറി ഞാൻ… നിയന്ത്രണം പോയിരുന്നു… ഇവൾ ആണ്.. ഇവൾ ആണ് എല്ലാത്തിനും കാരണം… എനിക്ക് അവളെ കൊല്ലാൻ തോന്നി….

“സച്ചു.. ഞാൻ.. ന്റെ ദേവീ… “

അവൾ കരഞ്ഞുകൊണ്ട് മുട്ടുകുത്തി നിലത്തിരുന്നു.. എനിക്ക് അവളോട് ഒരു ദയയും തോന്നിയില്ല…

“ഡീ.. നീ വീട്ടി പൊയ്‌ക്കെ….”

ഒരു കൈവന്നു അവളെ പിടിച്ചു പൊക്കി.. ഞാൻ നോക്കി… ആ മുഖം കണ്ടതും എനിക്ക് ആളെ മനസിലായി.. അപ്പു… അച്യുതൻ…

“നിക്ക് പോണ്ട.. ചാവും ഞാൻ.. ഞാൻ കാരണാ…..നോക്കിക്കോ അമ്പലകുളത്തീ ചാടി ചാവും ഞാൻ…”

അവൾ അലറികരഞ്ഞപ്പോൾ എനിക്ക് അവളോട് കൂടുതൽ ദേഷ്യം വന്നു..

“മാളു.. അവൻ വന്നല്ലേ ഉള്ളു.. ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ.. ഡാ അവളെ വീട്ടിൽ വിട്ടെ…”

അപ്പു അവളെ പിടിച്ചു തിരിച്ചു നിർത്തി.. ഒരാൾ വന്നു എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളെ പിടിച്ചുകൊണ്ടുപോയി.

അവൾ തേങ്ങി കരയുന്നുണ്ടായിരുന്നു.. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അവളെ കൊണ്ടുപോയ ആളെ എനിക്ക് അറിയാം.. കേശു…

തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ അപ്പു പിടിച്ചു.. ഞാൻ അവനെ നോക്കി..

“സച്ചു… എത്ര നാളായെടാ കണ്ടിട്ട്?”

അവന്റെ നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ ആയില്ല.. മുറുക്കെ കെട്ടിപിടിച്ചു ഞാൻ അവനെ… കണ്ണ് നിറഞ്ഞിരുന്നു…

***

“അന്ന് സംഭവിച്ചതൊക്കെ…..”

ആൽത്തറയിൽ ഇരുന്നു അപ്പു പറഞ്ഞതും ഞാൻ അവനെ തടഞ്ഞു..

“അതിനെപ്പറ്റി ഇനി പറയരുത് അപ്പു.. മറക്കാൻ ശ്രമിക്കുകയാണ്.. പ്ലീസ്….”

അവന്റെ മുഖം കുനിഞ്ഞു…

“അതല്ലടാ… അവൾ.. മാളു.. കല്യാണത്തിന് പോലും സമ്മതിക്കുന്നില്ല.. നീ ക്ഷമിച്ചാൽ മാത്രം….”

“അപ്പു… ക്ഷമിക്കാം.. എനിക്ക് നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു തരാൻ പറ്റുമോ അവൾക്ക്?? എന്നാൽ ഞാൻ ക്ഷമിക്കാം… പറ.. സെ ദാറ്റ് റ്റു മൈ ഡാം ഫേസ്…”

ചാടി എഴുന്നേറ്റ് അലറി ഞാൻ… അവൻ കണ്ണുനീരോടെ തലകുനിച്ചു.. തിരിഞ്ഞു നടന്നു ഞാൻ.. തിളച്ചുമറിയുന്ന മനസുമായി..

വീട്ടിൽ ചെന്ന് കയറി.. പോയാലോ എന്ന് ആലോചിച്ചു.. ഇല്ല.. അമ്മചിറ്റക്ക് വാക്ക് കൊടുത്തതാണ് ഓണം കഴിഞ്ഞേ പോകു എന്ന്… നാളെ അത്തം… ആ നശിച്ച ദിവസം…

വൈകുന്നേരം രാവുണ്ണിയാണ് ഭക്ഷണം കൊണ്ടുവന്നത്.. അത് കഴിച്ചു കിടന്നു.. ഗ്രാമത്തിന്റെ നിശബ്ദതയിൽ എപ്പോഴോ ഉറങ്ങി…

പിറ്റേന്ന് രാവിലെ എന്തൊക്കെയോ ബഹളം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. രാവുണ്ണിയുടെ ശബ്ദം ആണ്..

എഴുന്നേറ്റ് കതക് തുറന്നു.. പൂക്കളം ഇടുകയാണ്.. പുതിയ തലമുറയിലെ കുട്ടികൾ ഉണ്ട്.. രാവുണ്ണി മാവിൽ ഊഞ്ഞാൽ കെട്ടുന്നു..
തറവാട്ടിൽ ആരൊക്കെ ഉണ്ട് എന്നുപോലും ഞാൻ നോക്കിയില്ല.. എനിക്ക് കാണണ്ട ആരെയും.. ആരെയും എന്റെ അടുത്തേക്ക് വിടരുത് എന്ന് ഞാൻ പറഞ്ഞിരുന്നു.. പാറുവിന് മാത്രം വരാം…

അമ്മ ഓടി എന്റെ അടുത്ത് വന്നു.. അമ്പലത്തിൽ പോയി വന്ന വഴിയാണ് എന്ന് തോന്നി..

“മോനു.. ഇന്ന് അത്തം ആണ്.. ഇന്നെങ്കിലും അങ്ങോട്ട് മാറുമോ? കണ്ണ് നിറച്ചു ഒന്ന് കാണാൻ വേണ്ടിയാണ് കുട്ടി… വയ്യ… സഹിക്കാൻ വയ്യ…”

ഞാൻ അവരെ നോക്കി.. എനിക്ക് ദേഷ്യം ആണ് വന്നത്..

“അറിയാലോ വരില്ല എന്ന്? എന്റെ മനസ് മാറില്ല.. നിങ്ങൾ ഇന്ന് കാണിക്കുന്ന ഈ കണ്ണുനീരിന്റെ ഇരട്ടിയിൽ അധികം എന്റെ കണ്ണിൽ നിന്നും വീണിട്ടുണ്ട്.. ആൻഡ് നൗ.. ഐ ഡോണ്ട് ഗിവ് എ ഷിറ്റ്‌ റ്റു എനിവൺ..

എനിക്ക് നിങ്ങളെ വെറുപ്പാണ്.. ഇനി സ്നേഹിക്കണം എങ്കിൽ സാക്ഷാൽ ദേവി തന്നെ വന്നു പറയേണ്ടി വരും.. അതുണ്ടാകില്ല എന്നെനിക്ക് അറിയാം.. സൊ ജസ്റ്റ് ഗോ.. ഓണം കഴിഞ്ഞാൽ ഞാൻ പോകും… എന്റെ അമ്മചിറ്റ പറഞ്ഞതുകൊണ്ട് മാത്രം വന്നു.. സൊ ലീവ് മി അലോൺ….”

പ്രതീക്ഷിച്ച കാര്യം കേട്ടപോലെ അമ്മ ഒന്ന് പുഞ്ചിരിച്ചു.. മെല്ലെ തിരിഞ്ഞു നടന്നു… എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്ന് എന്നെ നോക്കി..

“ദേവീ വന്നു പറഞ്ഞാൽ മോൻ ക്ഷണിക്കുമോ ഈ അമ്മയോട്? അങ്ങനെ ആചാ ദേവീ തന്നെ വരും.. നോക്കിക്കോ….”

അമ്മ അത് പറഞ്ഞപ്പോൾ ഞാൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു…

“പറയാൻ മറന്നു.. അവൾ ഡോക്ടറു പഠനം കഴിഞ്ഞു വരുന്നുണ്ട്… ഇന്ന് എത്തും അത്രേ… “

അമ്മ പറഞ്ഞതുകേട്ട് ഞാൻ സംശയത്തോടെ അവരെ നോക്കി…

“ആര് വരും എന്ന്?” ആര് വന്നാലും എനിക്ക് എന്താ അല്ലെങ്കിൽ തന്നെ? ഒന്ന് പോയെ തള്ളെ….ശല്യം…”

“വരുന്നത്.. അവൾ ആണ്.., ഇന്ദു…”

അതുകേട്ട് ഞാൻ ഒന്ന് ഞെട്ടി… ധൈര്യം ഒക്കെ ചോർന്നുപോയതുപോലെ… വിയർത്തു…

വേഗം അകത്തുകയറി കതകടച്ചു അതിൽ ചാരി നിന്നു.. നെഞ്ച് വല്ലാതെ പിടക്കുന്നു…

തുടരും…

No comments