Top Stories

പെയ്തൊഴിയാതെ ഭാഗം-2

 പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ )





പേടിയോടേ ഞാൻ തിരിഞ്ഞു കുളപ്പടവ് കയറാൻ തുടങ്ങി… പരിഭ്രമം… ഞാൻ അവളെ കൊന്നു എന്നെനിക്ക് തോന്നി.. അവൾ മരിച്ചാൽ… അല്ല.. അവളെ കൊല്ലണം എന്ന് ചിന്തിച്ചത് ഞാൻ അല്ലെ?

ഇല്ല.. പാടില്ല… അങ്ങനെ ഒന്നും പാടില്ല..

അത് ചിന്തിച്ചു തീർന്നതും ഞാൻ ഓടിച്ചെന്നു പടവിൽ കാലുകൾ കുത്തി ഉയരത്തിൽ ചാടി വെള്ളത്തിലേക്ക് ഊളിയിട്ടു..

സെക്കൻഡിൽ ഒരു മാത്രയിലാണ് ഞാൻ അടിയിൽ എത്തിയത്.. വേഗം കൈകൾ വീശി നോക്കി.. കണ്ടു.. അടിയിൽ വെളുത്ത ഫ്രോക്…

കൈ ഇട്ടു അടിക്കാൻ ശ്രമിക്കുന്ന പെണ്ണ്.. വാ തുറന്നു വെള്ളം കുടിക്കുന്നുണ്ട് അവൾ..

ഞാൻ അവളുടെ മുൻപിൽ എത്തിയതും അവളെന്നെ പിടിച്ചു താഴ്ത്താൻ നോക്കി.. നിന്നുകൊടുക്കാൻ പാടില്ല..
ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. അവളെ തിരിച്ചശേഷം അവളുടെ മുടിക്കെട്ടിൽ പിടുത്തമിട്ടു… തിക്കുള്ള മുടിയാണ്…

വേഗം വലിച്ചു മുകളിലേക്ക് കാലുകൾ കൊണ്ട് ആഞ്ഞു തുഴഞ്ഞു… എന്തോ ഭാഗ്യത്തിന് അവളുടെ കാലുകളിൽ ആമ്പൽ കുടുങ്ങിയില്ല..

ശ്രമപെട്ട്‌ ഞാൻ അവളെ വലിച്ചു വശത്തേക്ക് തള്ളി കയറ്റി.. ഏറ്റവും താഴത്തെ പടവിൽ കിടത്തി.. അവളുടെ വയർ നന്നായി വീർത്തിരിക്കുന്നു.. വെള്ളം കുടിച്ചിട്ടുണ്ട്.. ഇവൾ മരിച്ചോ? ഞാൻ അവളുടെ ഡ്രസ്സ് പിടിച്ചു നേരെ ഇട്ടു… അവളുടെ മുഖത്തേക്ക് നോക്കി..

എന്റെ സംശയത്തിന്റെ മറുപടി ആയിട്ടാകാം.. അവൾ എടുത്തടിച്ചതുപോലെ വെള്ളം ശർദ്ധിച്ചു… ഞാൻ അവളുടെ തല ചെരിച്ചുവച്ചു വയറ്റിൽ മെല്ലെ അമർത്തി.. അതോടെ കൂടുതൽ വെള്ളം പുറത്തേക്ക് വന്നു… അല്പസമയം കൊണ്ട് അവൾ കുടിച്ച വെള്ളം ഒക്കെ ഛർദിച്ചു..

അവൾ മെല്ലെ കണ്ണുതുറന്നു എന്നെയൊന്ന് നോക്കി… ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടു അവൾ അവിടെ കിടന്നു.. ഞാൻ മെല്ലെ അവളുടെ മുടി ഒതുക്കിവച്ചു..

ഇതൊക്കെ അവൾ അച്ഛനോട് പറയുകയും ഇന്ന് അച്ഛൻ എന്നെ തല്ലിക്കൊല്ലും എന്ന് എനിക്ക് ഉറപ്പാണ്.. ഞാൻ മെല്ലെ ഒരു പടവിൽ ഇരുന്നു.. എനിക്ക് പേടി തോന്നി…

സൂര്യഭഗവാന്റെ അവസാന വെളിച്ചം മുഖത്ത് തട്ടിയപ്പോൾ അവൾ കണ്ണ് തുറന്നു മെല്ലെ എഴുന്നേറ്റ് ഇരുന്നു.. എന്നെ നോക്കി.. സങ്കടം ആണ് മുഖത്ത്…

“എന്തിനാ രക്ഷിച്ചത്? അച്ഛനെയും അമ്മയെയും തട്ടിയെടുക്കാൻ വന്നവൾ കുളത്തിൽ വീണു മരിച്ചാൽ.. അത് സച്ചൂട്ടന് സന്തോഷം അല്ലെ?”

അവളുടെ ചോദ്യം എന്റെ മുഖം കുനിച്ചു… ഇവളുടെ സംസാരം നോവിക്കുന്നു..

“അത്.. നീ എന്റെ സഹോദരിയാണ് ന്നാ പറഞ്ഞെ…”

ഞാൻ മെല്ലെ പറഞ്ഞു…

“ഞാൻ ഇയാളുടെ സഹോദരിയൊന്നും അല്ല.. വേറെ ആർക്കും അറിയില്ല അത്…”

അവളുടെ ചുണ്ടിൽ പുഞ്ചിരി..

“ങേ? അതെന്താപ്പോ അങ്ങനെ? അച്ഛൻ പറഞ്ഞുല്ലോ?”

ഞാൻ ആകാംഷയോടെ അവളെ നോക്കി..

“ഞാൻ ഇയാളുടെ അച്ഛന്റെ മകൾ ഒന്നും അല്ല… അച്ഛൻ എന്നെ കൂട്ടിക്കൊണ്ടുവന്നതാണ്…”

അവളുടെ കണ്ണുകൾ ഒന്ന് തുളുമ്പി… എനിക്ക് ഒന്നും മനസിലായില്ല..

“നിക്ക് മനസിലായില്ല….?”

“അത്ര മനസിലാക്കിയാൽ മതി.. എന്റെ അമ്മയുടെ അവസാന ഓർമയാണ് ഇയാൾ കുളത്തിലേക്ക് വലിച്ചു എറിഞ്ഞത്.. എന്റെ അമ്മയും അച്ഛനും സ്പടികശില്പങ്ങൾ ഉണ്ടാക്കുന്നവർ ആയിരുന്നു.. അമ്മ അവസാനം എനിക്കുവേണ്ടി ഉണ്ടാക്കി തന്നതാണ് അത്…”

അവൾ അത് പറഞ്ഞു കുളത്തിലേക്ക് നോക്കി.. അവൾ ഇനിയും കുളത്തിൽ ഇറങ്ങിപോകും എന്നെനിക്ക് തോന്നി.. അവളുടെ ആത്മാവ് അവിടെ പെട്ടതുപോലെ..

“അപ്പൊ.. നീയെന്റെ ആരാ?”

ഞാൻ അവളോട് ചോദിച്ചു.. അവൾ എഴുന്നേറ്റ് നിന്നു.. അവളെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

“സഹോദരി അല്ല.. ഇയാളുടെ മാളുവിനെപോലെ ആയിക്കോട്ടെ ഞാൻ? കൂട്ടുകാരി? എന്നെയും കൂട്ടുമോ കൂടെ?”

അവൾ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി.. ഞാൻ ഒന്നും മിണ്ടാതെ പടി കുറച്ചു മുകളിലേക്ക് കയറി.. ഒന്ന് തിരിഞ്ഞു നോക്കി..

തലതാഴ്ത്തി നിൽക്കുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണീർ ചാടുന്നുണ്ട്.. സങ്കടം ആണ്..

“നിന്റെ പേരെന്താ?”

ചോദ്യം കേട്ട് അവൾ തല പൊക്കി.. നനഞ്ഞ നീലകണ്ണുകൾ…

“ഇന്ദു.. ഇന്ദുഭൈരവി…”

ഞാൻ ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് ഓടി താഴേക്ക് ചെന്ന് കുത്തിപ്പൊങ്ങി കുളത്തിലേക്ക് ഒരു മൽസ്യം പോലെ മുങ്ങാംകുഴിയിട്ട്‌ പോയി…

അവളുടെ നിലവിളി ഞാൻ കേട്ടിരുന്നു… പക്ഷെ എന്റെ ഉദ്ദേശം വേറെ ആയിരുന്നു..

ആമ്പലിൽ പെടാതെ തന്നെ അടിത്തട്ടിലേക്ക് കുതിച്ച എനിക്ക് അത് വേഗം തന്നെ കാണാൻ കഴിഞ്ഞു.. സ്പടികശിൽപം…

അതെടുത്തു ഞാൻ വളരെ വിദഗ്ധമായി തന്നെ മുകളിൽ എത്തി… തല മാത്രം പുറത്തിട്ട് ശ്വാസം വലിച്ചു മെല്ലെ അവളുടെ അടുത്തേക്ക് നീന്തി..

“എന്താ ഈ കാണിച്ചേ? എനിക്ക് പേടിയാണ്…”

അവളുടെ കണ്ണിൽ ഭയം… സ്നേഹം.. ഇവൾക്കെങ്ങനെയാണ് എന്നോട് ഇത്ര സ്നേഹം വന്നത്?

പടവിന്റെ അടുത്തെത്തി ഞാൻ വലത്തേ കൈ അവളുടെ നേരെ നീട്ടി.. അതിൽ ഉണ്ടായിരുന്നു ആ ശിൽപം..

“കൃഷ്ണാ….”

അവൾ പുഞ്ചിരിയോടെ അത് വാങ്ങി നെഞ്ചിൽ ചേർത്ത് പിടിച്ചു.. ഞാൻ മെല്ലെ പടവിൽ കയറി അവളെ നോക്കി പുഞ്ചിരിച്ചു..

“എന്താ ഇവിടെ? ഇവൾ വെള്ളത്തിൽ ഇറങ്ങിയോ? നനഞ്ഞിട്ടുണ്ടല്ലോ…?”

ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി… ശ്രീദേവി ചിറ്റ. അച്ഛന്റെ പെങ്ങൾ ആണ്.. ഞങ്ങളെ കാണാത്തതുകൊണ്ട് വന്നതാണ്..

“ഇല്ല.. ഇത് പോയപ്പോൾ എടുക്കാൻ വേണ്ടി…”

അവൾ ഭയത്തോടെ പറഞ്ഞു.. അവർ ഞങ്ങളെ രണ്ടുപേരെയും ദേഷ്യത്തോടെ പിടിച്ചു വലിച്ചു കൊണ്ടുപോയി.. ഉമ്മറത്തു എത്തിയപ്പോൾ ആണ് കാർ വന്നു നിന്നത്..

അച്ഛനും അമ്മയും ഇറങ്ങി.. ദേവിചിറ്റയും.

“എന്താ ശ്രീ? ഇവരെന്താ നനഞ്ഞിരിക്കുന്നത്?”

അച്ഛൻ അവരെയും ഞങ്ങളെയും നോക്കി..

“ഈ കൊച്ചിനെ കൊണ്ടുപോയി അവൻ വെള്ളത്തിൽ ഇറക്കിയിരുന്നു… ജീവനോടെ കിട്ടിയത് ഭാഗ്യം….”

അവർ ദേഷ്യത്തോടെ പറഞ്ഞു. അമ്മ എന്നെ അതിശയത്തിൽ നോക്കി..

“ഇല്ല.. അങ്ങനെ ഒന്നും അല്ല…”

“നീ മിണ്ടരുത്….!”

അവൾ പറഞ്ഞുവന്നപ്പോഴേക്കും അച്ഛൻ അവളോട് അലറി.. അവൾ ആകെ പേടിച്ചു..

ഉടനെ തന്നെ അച്ഛൻ തൊടിയിൽ നിന്നും വടിയെടുത്തു എന്നെ തല്ലി.. അമ്മ ഇടക്ക് കയറാൻ നോക്കി എങ്കിലും അച്ഛൻ എന്നെ വലിച്ചുമാറ്റി തല്ലി.. എല്ലായിടത്തും കിട്ടി അടി..

“കൊല്ലാൻ കൊണ്ടുപോയതാണോ നീയവളെ?”

അതും ചോദിച്ചായിരുന്നു അടി.. ഞാൻ അനങ്ങാതെ നിന്നു.. അവൾ പേടിച്ചു വാ പൊത്തി കരഞ്ഞത് ഒരു നിമിഷം ഞാൻ നോക്കി പുഞ്ചിരിച്ചു…

“എന്താടാ ചിരിക്കൂന്നേ? ഇനിയും വേണോ?”

അച്ഛൻ വീണ്ടും വടി എന്റെ നേരെ നീട്ടി.. ഞാൻ ഒന്നും മിണ്ടിയില്ല.. സങ്കടവും തോന്നിയില്ല.. ഇനിയും കിട്ടും എന്നെനിക്ക് അറിയാം..

“മതി അടിച്ചത്.. മോനു വാ…”

ദേവി ചിറ്റ എന്നെ കൈപിടിച്ച് കൊണ്ടുപോയി.. വരാന്തയിൽ ഇരുത്തി.. വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ചു.

“മോൻ എന്തിനാ അവളെയും കൊണ്ട് കുളത്തിൽ പോയത്?”

ദേവിചിറ്റ എന്നോട് ചോദിച്ചു..

“എന്നെ ആരും കൊണ്ടുപോയില്ല. ഞാൻ പോയതാണ്.. വെള്ളത്തിൽ വീണ എന്നെ രക്ഷിച്ചത് സച്ചൂട്ടനാണു.. അല്ലാതെ ഇവർ പറയുന്നതുപോലെ ഒന്നും അല്ല.. അവൻ ഇല്ലെങ്കിൽ എന്റെ ശവം കാണാമായിരുന്നു നിങ്ങൾക്ക്.. അതിനും അവനെ തല്ലി കൊല്ലുമായിരുന്നു അല്ലെ?”

അവളുടെ വായിൽ നിന്നും വന്ന വാക്ക് കേട്ട് എല്ലാവരും ഞെട്ടി എന്നെ നോക്കി.. അവളുടെ പക്വതയുള്ള സംസാരം കേട്ട് ഞാൻ അതിശയിച്ചു ഇരുന്നു.. അവൾ എനിക്കെതിരെ ഒന്നും പറയാത്തത് എന്നെ സന്തോഷിപ്പിച്ചു.

അച്ഛൻ എന്നെ നോക്കി.. അമ്മ വന്നു അടുത്തിരുന്നു.. അച്ഛന്റെ പെങ്ങൾ തല കുനിച്ചു നിന്നു..

“മോനുട്ട സാരമില്ല.. മോന്റെ അച്ഛനല്ലേ.. അങ്ങനെ കേട്ടപ്പോ അടിച്ചുപോയതാണ്..”

അമ്മ എന്നെ ചേർത്തുപിടിച്ചു…

“എനിക്ക് തോന്നണില്യ…”

ഞാൻ നിർവികാരമായ രീതിയിൽ മറുപടി കൊടുത്തു…

“എന്ത്?”

“ഇതെന്റെ അച്ഛനൊന്നും അല്ല.. എന്നെ ദത്തെടുത്തതാണോ? അല്ലാച്ചാ വഴിയിൽ കിടന്നു കിട്ടിയതാകുംല്ലേ? എന്റെ കൂട്ടുകാരുടെ അച്ഛന്മാർ ഒക്കെ വല്യ സ്നേഹാ അവരോട്.. മിട്ടായിയും ഉടുപ്പും ഒക്കെ വാങ്ങി കൊടുക്കും.. എന്റെ അച്ഛൻ എന്നെ തല്ലാൻ അല്ലാതെ എന്നെ നോക്കാറുകൂടെ ഇല്ല.. അന്ന് പറഞ്ഞപോലെ കൊണ്ടോയി കളഞ്ഞോളു അമ്മെ.. ഞാൻ പൊക്കോളാ….”

ഒറ്റ ശ്വാസത്തിൽ ആണ് ഞാൻ അത് പറഞ്ഞത്.. അച്ഛന്റെ കയ്യിൽ നിന്നും വടി താഴെ വീണതും അമ്മ വാ പൊത്തി പിടിച്ചു തേങ്ങിയതും ദേവിചിറ്റ നിറമിഴിയോടെ എന്നെ നോക്കിയതും അവളുടെ നീലക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും ഞാൻ കണ്ടു…

മെല്ലെ ഇറങ്ങി നടന്നു ഗേറ്റ് കടന്നു.. വാശിയോടെ..

“മോനുട്ട എങ്ങോട്ടാ നീ?”

പുറകിൽ നിന്നും ചിറ്റയുടെ സ്വരം… കേൾക്കാത്ത മട്ടിൽ നടന്നു.. എത്തിയത് അമ്പലത്തിൽ ആണ്..

“തംബ്രാൻകുട്ടി എന്താ ഒറ്റക്ക്? കൂട്ടുകാരൊന്നും ഇല്ലേ?”

ആരോ ചോദിച്ചത് കേട്ടില്ല.. നേരെ ദേവിയുടെ മുൻപിൽ ചെന്ന് നിന്നു.. ഒന്നും പറഞ്ഞില്ല.. ദേവിക്ക് എല്ലാം അറിയാലോ..

എന്നാലും ഒരു ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു.. എന്റെ അച്ഛൻ മാത്രം എന്താ ഇങ്ങനെ? മനസ് നൊന്തു..

ആ നോവിനെ പൊള്ളിച്ചുകൊണ്ടാണ് മാളു അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി അമ്പലത്തിലേക്ക് വന്നത്..

“നീ ഇവ്ടെ ഉണ്ടാരുന്നോ… ന്താ ഒറ്റക്ക്? എന്താ നനഞ്ഞേ?”

അവൾ ഓടി വന്നു കൈ പിടിച്ചപ്പോൾ എല്ലാം മറന്നു ഞാൻ പുഞ്ചിരിച്ചു…

“അച്ഛൻ വാങ്ങി തന്നതാ…”

അവൾ അവളുടെ പുതിയ പട്ടു പാവാടയും ബ്ലൊസും കുപ്പിവളകളും കാണിച്ചുതന്നപ്പോൾ ആണ് എല്ലാവരും അസൂയയോടെ നോക്കുന്ന എന്റെ ജീവിതം എത്ര താഴെയാണ് എന്നെനിക്ക് മനസിലായത്..

എന്റെ അച്ഛൻ എന്നെ സ്നേഹത്തോടെ ഒന്ന് നോക്കുകകൂടെ ഇല്ല.. ശരിക്കും എന്നെ വീണുകിട്ടിയത് തന്നെയാകും… അല്ലെ?

ദേവിയെ നോക്കിയാണ് ചോദിച്ചത്.. ഒന്നും മിണ്ടിയില്ല.. മിണ്ടില്ലല്ലോ..

അവരും അച്ഛന്റെ ഭാഗം ആയിരിക്കും.. ആലിന്റെ തറയിൽ ഇരുന്നു.. ചാരി ഇരുന്നു എപ്പോഴോ മയങ്ങി.. എന്നെ വിറക്കുന്നുണ്ടായിരുന്നു…

***
കണ്ണ് തുറന്നപ്പോൾ അമ്മയും ചിറ്റയും നിറമിഴികളുമായി ഇന്ദുവും മാളുവും മുൻപിൽ.. ഞാൻ അതിശയിച്ചു നോക്കി..

നെറ്റിയിൽ തുണി നനച്ചിട്ടിരിക്കുന്നു.. ഷീറ്റുകൊണ്ട് ദേഹം മൂടിയിരിക്കുന്നു.. നല്ല ക്ഷീണം തോന്നി…

“മോനുട്ട….”

അമ്മ നെറ്റിയിൽ ഉമ്മവച്ചു തുണി എടുത്തുമാറ്റി.. ഞാൻ പകച്ചു നോക്കി…

“മയങ്ങി കിടക്കാരുന്നു ആലിന്റെ ചോട്ടിൽ നീ…എന്തിനാ കുട്ടി വിഷമിക്കണേ.. ഞങ്ങൾ ഒക്കെ ഇല്ലേ നിനക്ക്? നിന്റെ അച്ഛൻ ആരോടും സ്നേഹം കാണിക്കാറില്ല… അല്ലാതെ വഴീന്നു കിട്ടിയതൊന്നും അല്ല നിന്നെ… പ്രസവിച്ച ഉടനെ ഞാനാ നിന്നെ വാങ്ങിയേ…”

ചിറ്റ അടുത്തിരുന്നു എന്റെ കയ്യിൽ ചുംബിച്ചുകൊണ്ട് അതുപറഞ്ഞപ്പോൾ സന്തോഷം തോന്നി.. ഞാൻ അവളെ പാളി നോക്കി..

“ഞാൻ കാരണം ആണ് അല്ലെ എല്ലാം…”

അവൾ മെല്ലെ പറഞ്ഞു സങ്കടത്തോടെ തല താഴ്ത്തി..

“നിക്ക് അതിന് നിന്നോട് ദേഷ്യല്ലാ… ഞങ്ങടെ കൂട്ടത്തീ കൂട്ടി നിന്നെ….”

വയ്യെങ്കിലും ഞാൻ അവളോട് പറഞ്ഞപ്പോൾ അവളുടെ കണ്ണ് വിടർന്നു.. അമ്മ ചിരിയോടെ എന്നെ നോക്കി.. കവിളിൽ ഒരു ഉമ്മ തന്നു… ചിറ്റയും സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു..

“ഇപ്പോഴാ സമാധാനായെ… ചുക്ക് കാപ്പി കൊണ്ടരാട്ടോ അമ്മ…”

അമ്മ വേഗം നെഞ്ചിൽ കൈവച്ചു പുറത്തേക്ക് പോയി.. എനിക്കും സമാധാനം തോന്നി.. എന്നാലും അടികിട്ടിയ സങ്കടം ഉണ്ടായിരുന്നു… വേദനയും…

പിറ്റേന്ന് അടുക്കളപ്പുറത്ത് ഇരുന്നപ്പോൾ ഇന്ദു വന്നു അടുത്തിരുന്നു.. അവൾ എന്റെ കൈപിടിച്ച് നോക്കി.. അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു…

അവളുടെ കണ്ണ് നിറഞ്ഞത് അതിശയത്തോടെയാണ് ഞാൻ കണ്ടത്…

“ന്തിനാ കരയണെ?”

“വേദനിച്ചില്ലേ ഒത്തിരി? സച്ചൂട്ടനു വേദനിച്ചപ്പോ എനിക്ക് ഇവിടെ ആണ് വേദനിച്ചത്…”

അവൾ നെഞ്ചിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ഞാൻ കണ്ണ് നിറച്ചു അവളെ നോക്കി..

അവൾക്ക് എന്നോട് എങ്ങനെ ഇത്ര സ്നേഹം വന്നു എന്നെനിക്ക് മനസിലായില്ല.. എന്തിന്? ഇന്നലെ മിണ്ടിയെ ഉള്ളു… എന്നോട് നല്ല സ്നേഹം കാണിക്കുന്നത് ദേവി ചിറ്റ ആണ്.. പിന്നെ അമ്മയും, കൂട്ടുകാരും..

“എന്താ ഇങ്ങനെ നോക്കുന്നത്? ഞാൻ പറഞ്ഞത് വിശ്വാസം ഇല്ല എന്നുണ്ടോ?”

അവൾ എന്നോട് ചോദിച്ചു.. ഞാൻ പുഞ്ചിരിച്ചു..

അമ്മ നെയ്യപ്പവും കടുംകാപ്പിയും കൊണ്ടുവന്നു തന്നു രണ്ടുപേർക്കും..

“ഒരുമിച്ചു ഇരിക്കാ രണ്ടുപേരും? സന്തോഷായീട്ടോ…”

അമ്മ രണ്ടുപേരുടെയും തലയിൽ തലോടി അകത്തേക്ക് പോയി..

“ആ കാപ്പി ഒന്ന് കുടിക്കുമോ?”

അവൾ അത് ചോദിച്ചു അവളുടെ കാപ്പി ഒന്ന് മൊത്തി… ഞാനും എന്റെ കപ്പിൽ നിന്നും അല്പം കുടിച്ചു..

“എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഇത് കുടിക്ക് സച്ചൂട്ടാ…”

അവൾ എന്റെ കപ്പ് അവളുടെ കയ്യിലേക്ക് വാങ്ങി പകരം അവൾ വായിൽ വച്ച കപ്പ് എനിക്ക് തന്നു.. ഒരു നിമിഷം ഞാൻ പരിഭ്രമിച്ചു പോയി…

മാളു പോലും ഇങ്ങനെ ചെയ്തിട്ടില്ല… അവൾ ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചു എന്നെ നോക്കി ചിരിച്ചു..

ഞാൻ അറിയാതെ തന്നെ എന്റെ കൈ കപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു.. പതിവില്ലാത്ത ഒരു രുചി..

അവൾ പുഞ്ചിരിച്ചുകൊണ്ട് നെയ്യപ്പം കടിച്ചു.. അതിന് ശേഷം അതെനിക്ക് നീട്ടി…

“ഇതുപോലെ ആകണം സച്ചൂട്ടാ എന്നും..ഒരുമിച്ച്.. അവസാനം വരെ…”

അവൾ പറഞ്ഞതുകേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇവൾ എന്താ ഈ പറയുന്നത്?

“എന്താ അങ്ങനെ? സഹോദരി ന്നല്ലേ പറഞ്ഞെ?”

ഞാൻ ആശങ്കയോടെ ചോദിച്ചു..

“ഇല്ല സച്ചുട്ട.. ഞാൻ ഇയാളുടെ സഹോദരി അല്ല.. അച്ഛൻ തിരിച്ചു പോകുമ്പോൾ എന്നെ കൊണ്ടുപോകും.. എന്റെ അച്ഛനും അമ്മയും ഇല്ല.. എന്നാലും അവിടെയുള്ള ഒരു അനാഥാലയത്തിൽ ആക്കും എന്നാണ് പറഞ്ഞത്.. പേടിക്കണ്ട.. ഞാൻ പോകേണ്ടവൾ ആണ്.. പക്ഷെ എന്നെ മറക്കാൻ പാടില്ല.. ആരും ഇല്ലാത്തവൾ ആണ് ഞാൻ…”

അവൾ നിലത്തേക്ക് നോക്കി പറഞ്ഞു… കണ്ണ് നിറഞ്ഞിരുന്നു..

“നിനക്ക് ഇവിടെ നിന്നാൽ ന്താ? പിന്നെ ആരും ഇല്ലാത്തവൾ ഒന്നും അല്ലട്ടോ നീ.. ഞാൻ ഉണ്ടാകും…”

ഞാൻ അവളുടെ കൈപിടിച്ച് പറഞ്ഞു.. അവൾ പുഞ്ചിരിച്ചു..

“ഇല്ല.. ഇന്നലെ അച്ഛൻ പറഞ്ഞിരുന്നു ഓണം കഴിഞ്ഞാൽ കൊണ്ടുപോകും എന്ന്.. എന്നെ തേടി വരുമോ സച്ചുട്ട?”

അവൾ കണ്ണ് വിടർത്തി എന്നോട് ചോദിച്ചു.. അപ്പോഴേക്കും ആരൊക്കെയോ വനന്തുകൊണ്ട് ഞങ്ങൾ ആ സംസാരം അവിടെ നിർത്തി..

***

“ഞാൻ ഇവിടെ ഇരുന്നോളാം..”

രാത്രി അടുക്കളയുടെ പടിയിലേക്ക് കയറി ഇരുന്നു ഞാൻ അമ്മയോട് പറഞ്ഞു.. അമ്മ കഞ്ഞി വിളമ്പാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..

“ഞാനും ഇവിടെ…”

ഇന്ദു വന്നു എന്റെ അടുത്തിരുന്നു.. എനിക്ക് ഒരു സന്തോഷം തോന്നി.. അമ്മയുടെ മുഖത്ത് ഒരു ചിരിയും..

ഞങ്ങൾ രണ്ടുപേരും നിലത്തു ചമ്പ്രം പടിഞ്ഞിരുന്നു കഞ്ഞി കുടിച്ചു.. അവൾ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു..

ഞങ്ങളുടെ ഒപ്പം അവളും കൂടി.. വഴിനീളെ നടന്നു പൂവ് പറിക്കാനും, പൂക്കളം ഇടാനും ഊഞ്ഞാൽ ആടാനും ഒക്കെ അവൾ കൂടെ ഉള്ളത് വലിയ ഒരു രസം ആയിരുന്നു…

“ഞാൻ നിന്റെ സഹോദരി അല്ല..എന്നെ അങ്ങനെ അല്ല കാണേണ്ടത്…”

അവൾ ഇടക്ക് ഇടക്ക് അങ്ങനെ പറയുന്നത് എന്തിനാണ് എന്നെനിക്ക് മനസിലായില്ല..

“ന്താ നിന്റെ അച്ഛനും അമ്മക്കും പറ്റിയെ?”

ആകാംഷ സഹിക്കാൻ വയ്യാതെ ഒരു മരച്ചുവട്ടിൽ ഇരുന്ന ഞാൻ അവളോട് ചോദിച്ചു..

അവൾ അൽപനേരം മിണ്ടാതെ ഇരുന്നു..

“സ്പടികശില്പങ്ങൾ ഉണ്ടാക്കുന്നവർ ആയിരുന്നു അവർ.. വീട്ടിൽ നിറയെ ശില്പങ്ങൾ ആണ്.. സന്തോഷവതി ആയിരുന്നു ഞാൻ.. ഒരു ദിവസം സ്കൂൾ കഴിഞ്ഞുവന്ന ഞാൻ കണ്ടത് തീയാണ്..
ആളിപ്പടരുന്ന തീ… വീടും കടയും മുഴുവൻ… അതിൽ എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു.. എന്നെ കൂട്ടാതെ.. എന്നെ കൂട്ടാതെ പോയി സച്ചൂട്ടാ അവർ.. ഒറ്റക്ക് ആക്കി പോയി എന്നെ…”

അവൾ അലറിക്കരഞ്ഞുകൊണ്ടു എന്റെ തോളിലേക്ക് ചാരിയപ്പോൾ ഞാൻ കരച്ചിലൂടെ അവളെ ചേർത്തുപിടിച്ചു… കുറെ നേരം കരഞ്ഞു രണ്ടുപേരും..

“സിലോണിൽ ഒരു ബന്ധുവീട്ടിൽ ആയിരുന്നു ഞാൻ.. ഞാൻ അവർക്ക് ശല്യം ആയിരുന്നു.. ഒത്തിരി വഴക്ക് പറയും.. അടിക്കും.. അതിന്റെ അടുത്താണ് സച്ചൂട്ടന്റെ അച്ഛൻ താമസിച്ചിരുന്നത്.. എനിക്ക് ഇടക്ക് ചോക്കലേറ്റ് ഒക്കെ തരും.. സമാധാനിപ്പിക്കും.. എന്റെ മോളായി വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കും.. അങ്ങനെ ഒരു ദിവസം എന്നെ അവർ ഒത്തിരി അടിച്ചു സച്ചൂട്ടാ… അന്ന് രാത്രി കടലിൽ ചാടി മരിക്കാൻ പോയതാണ്..
അന്ന് അച്ഛൻ എന്നെ കണ്ടു.. നാട്ടിലേക്ക് വരുകയാണ് ഒപ്പം വന്നാൽ വീട്ടിൽ നിർത്താം എന്ന് പറഞ്ഞപ്പോൾ വന്നതാണ് ഞാൻ.. ആകെ അമ്മ തന്ന ആ ശിൽപം മാത്രമേ ഉണ്ടായിരുന്നുള്ളു.. “

എന്റെ നെഞ്ച് പൊടിഞ്ഞുപോയി… ഈ ചെറുപ്പത്തിൽ അവൾ അനുഭവിച്ചത് ഒത്തിരിയാണ്.. ആദ്യമായി എനിക്ക് എന്റെ അച്ഛനോട് ഇഷ്ട്ടം തോന്നി..

“അപ്പോൾ തിരിച്ചു കൊണ്ടുപോകും എന്ന് പറഞ്ഞതോ?”

ഞാൻ അവളോട് ചോദിച്ചു..

“അത്.. സച്ചൂട്ടനു എന്നെ ഇഷ്ട്ടം ആയില്ലല്ലോ.. അതാണ്…”

അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ അവളെ പകച്ചുനോക്കി..

“എനിക്ക് ഇഷ്ടാ നിന്നെ…”

ഞാൻ മെല്ലെ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു…

“എനിക്കും.. എന്നെ എന്തായാലും കൊണ്ടുപോകും.. മറക്കുമോ എന്നെ? എനിക്ക് ഒരു ഡോക്ടർ ആകണം സച്ചൂട്ടാ.. നീ ഉണ്ടാവുമോ എന്റെ ഒപ്പം? സഹോദരൻ ആയിട്ടൊന്നും അല്ല. “

അവൾ അത് പറഞ്ഞു എന്തോ ആലോചിച്ചു ചിരിച്ചു.. നാട്ടിൻപുറത്തുകാരൻ ആയ എനിക്ക് അവളെ മനസിലാകുന്നില്ലായിരുന്നു… അവൾ പറയുന്നതും എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.. പേടി തോന്നി… വല്ലാത്ത പേടി..

****

ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞാൻ കണ്ണുതുറന്നത്.. ഫോണിൽ നോക്കി.. ഉച്ചക്ക് മുൻപേ കിടന്നതാണ്.. സമയം നാല് മണി..

അമേലിയ ആയിരുന്നു.. അവളോട് സംസാരിച്ചു ഫോൺ വച്ചു..

ഒന്ന് കുളിച്ചു വന്നു.. വാതിൽ തുറന്നുകിടക്കുന്നു.. ഞാൻ മേശയിൽ നോക്കി..

പകുതി കുടിച്ച ഒരു ചായ ഗ്ലാസും ആരോ കടിച്ച ഒരു ഇലഅടയും…. അത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ ഒന്ന് തുളുമ്പി… പണ്ടത്തെ ഓർമകൾ… പക്ഷെ കാലം ഒരുപാട് കഴിഞ്ഞില്ലേ? അവൾ അതൊന്നും മറന്നില്ല എന്നാണോ?

ഞാൻ ആ ഇലയട എടുത്തു കടിച്ചു… വല്ലാത്തൊരു രുചി… ചായ അല്പം കുടിച്ചു.. എന്റെ എല്ലാ രോമങ്ങളും എഴുന്നേറ്റ് നിന്നു..
കണ്ണടച്ച് ഞാൻ അത് ആസ്വദിച്ചു..

“സ്സ്സ്‌… മ്മ്മ്ചും…”

അടക്കി പിടിച്ച ഒരു ചിരി എന്റെ ചെവിയിൽ എത്തി.. ഞെട്ടി കണ്ണുതുറന്നപ്പോഴേക്കും അകന്നു പോകുന്ന പാദസ്വരത്തിന്റെ കിലുക്കം ആണ് കേട്ടത്.. ഓടി കതകിന്റെ അടുത്തെത്തി നോക്കി..

ആരെയും കണ്ടില്ല.. അല്പം ദൂരെ ഒരു ചിരിയോടെ നിൽക്കുന്ന അമ്മയെ കണ്ടതും ഞാൻ അകത്തേക്ക് വലിഞ്ഞു… ഇതെന്താണിപ്പോൾ അവസ്ഥ??

“സച്ചൂട്ടാ…?”

ഒരു വിളി കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു.. മാളു.. എനിക്ക് ദേഷ്യം ഇരച്ചുകയറി..

“എന്നോട് ക്ഷമിക്കില്ലേ സച്ചൂട്ടാ? അറിയാതെ പറ്റിപോയതല്ലേ?”

അവൾ കരഞ്ഞുകൊണ്ട് മുട്ടുകുത്തി എന്റെ കാലിൽ പിടിക്കാൻ ശ്രമിച്ചു… എനിക്ക് ദേഷ്യം കൊണ്ട് കണ്ണുകാണാൻ കഴിയാത്ത അവസ്ഥയായി..

“ഡോണ്ട് ടച് മി…! എന്നെ.. നീ മനഃപൂർവം ചെയ്തതാണ് അത്…കാണണ്ട എനിക്ക് നിന്നെ.. ഫക്ക് ഓഫ്…!!! ഗോ ഡൈ…!”

അലറിക്കൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഒരു ദയയും ഇല്ലാതെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുവന്നു.. ഒരു ചാക്കുകെട്ട് വലിച്ചു പുറത്തേക്ക് ഇടുന്നതുപോലെ പുറത്തേക്ക് വലിച്ചിട്ട ശേഷം അകത്തു കയറി കതകടച്ചു.. ശക്തമായി..

അവളുടെ അലറിക്കരച്ചിൽ മുഴങ്ങിക്കേട്ടു.. അമ്മ വന്നു അവളെ സമാധാനിപ്പിക്കുന്നതും.. രാവുണ്ണിയുടെ സ്വരവും കേട്ടു..

“ഇവിടെ വാ മാളുസെ….”

എന്ന് വിളിച്ചു ഒരു മധുരസ്വരം, ഒപ്പം പാദസ്വരത്തിന്റെ കിലുക്കം… മാളുവിന്റെ കരച്ചിൽ കൂടി വന്നു… ഞാൻ ചെവി പൊത്തി ബെഡിൽ ഇരുന്നു..
ശബ്ദങ്ങൾ അകന്നുപോയപ്പോൾ ഞാൻ വേഷം മാറി പുറത്തേക്ക് ഇറങ്ങി..

അമ്പലത്തിൽ ആണ് കാലുകൾ എത്തി നിന്നത്… ദേവിയെ കണ്ടു.. ഒന്നും പറയാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു ദേവി.. അല്ലെങ്കിലും ചിരി മാത്രമേ ഉള്ളു.. ഒന്നും പറയില്ലല്ലോ..

മെല്ലെ ആൽത്തറയിലേക്ക്.. അവിടെ ഉണ്ടായിരുന്നു അപ്പുവും കേശുവും… അവരുടെ ഒപ്പം ഇരുന്നു.. നാട്ടിലെ പുതിയ കാര്യങ്ങൾ പറഞ്ഞു.. അമേരിക്കയിലെ വിശേഷങ്ങൾ പറഞ്ഞു… കുറെ സമയം അങ്ങനെ ഇരുന്നു.. സന്ധ്യ ആയി..

പെട്ടെന്നാണ് അപ്പുവിന് ഒരു ഫോൺ വന്നത്.. അവൻ അതെടുത്തതും വല്ലാതെ ഞെട്ടുന്നതും ചാടി എഴുന്നേറ്റ് കേശുവിന്റെ കൈപിടിച്ച് ഓടിയതും നിമിഷനേരം കൊണ്ട് ആയിരുന്നു..

“എന്താ? എന്താടാ അപ്പു?”

ഞാൻ ഉച്ചത്തിൽ ചോദിച്ചു.. അവൻ ഒരുനിമിഷം അവിടെ നിന്നു.. എന്നെയൊന്നു ദേഷ്യത്തിൽ നോക്കി വീണ്ടും ഓടി.. കേശുവും അവന്റെ പുറകെ പോയപ്പോൾ ഞാൻ ഇതെന്താണ് എന്ന് കരുതി അവിടെ തന്നെ ഇരുന്നു..

എന്തെങ്കിലും ആകട്ടെ എന്ന് കരുതി മെല്ലെ വീട്ടിലേക്ക് നടന്നു.. വഴിയിൽ എത്തിയപ്പോളാണ് വീട്ടിലെ വണ്ടി പാഞ്ഞു എതിരെ വന്നത്..

വഴിയിൽ ഒതുങ്ങി നിന്നു.. വണ്ടി ഓടിച്ചിരുന്നത് അപ്പു ആണ് എന്ന് ഞാൻ കണ്ടു…

കേശു മുൻപിൽ ആധിയോടെ ഇരിക്കുന്നതും പുറകിൽ രണ്ടുപേരുടെ മടിയിൽ ഒരാളെ കിടത്തിയിരിക്കുന്നതും ഒരു മാത്രയിൽ ഞാൻ കണ്ടു.. കാറ് പാഞ്ഞുപോയി.. ഒപ്പം അതിൽനിന്നും ആരുടെയോ കരച്ചിലും…

നെഞ്ചിൽ എന്തോ ഒരു വിങ്ങൽ.. ആർക്കോ എന്തോ പറ്റിയതുപോലെ.. ഞാൻ ഓടി വീട്ടിൽ ചെന്നപ്പോൾ അമ്മ ഗേറ്റിന്റെ അടുത്ത് ഉണ്ട്.. എന്തോ ഒരു ആശ്വാസം തോന്നി..

ആരെയാ കാറിൽ കൊണ്ടുപോയത് എന്ന് ചോദിക്കണം എന്ന് തോന്നി പക്ഷെ ചോദിച്ചില്ല.. എന്നെ കണ്ടതും അമ്മ അകത്തേക്ക് പോയി.. എന്തോ വലിയ സങ്കടം ഉള്ളതുപോലെ തോന്നി..

റൂമിൽ പോയിരുന്നു.. എന്തായിരിക്കും എന്ന് ആലോചിച്ചു..

“ചായ കുടിച്ചോളൂട്ടോ…”

സ്വരം കേട്ട് ഞാൻ ഞെട്ടി നോക്കി.. പാറു ആണ്.. ഞാൻ അവളെ നോക്കി.. അവൾക്കും സങ്കടം ആണ്.. അവളുടെ കയ്യിൽ പാത്രങ്ങൾ.. ഗ്ലാസിൽ ചായ.

“പാറു…, ആരെയാ കാറിൽ?”

“നിന്റെ ശത്രു.. മാളു.. കൈഞരമ്പ് മുറിച്ചു. ആരും കണ്ടില്ലത്രേ..ചോര കുറെ പോയീ… ഇനി ജീവൻ കിട്ടാൻ പാടത്രേ ന്നാ ഇന്ദു പറഞ്ഞെ…ടൗണിലേക്കാ കൊണ്ടൊയെ…”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ബെഡിൽ തലതാഴ്ത്തി ഇരുന്നപ്പോൾ അവൾ ചായ മേശയിൽ വച്ചു, എന്തൊക്കെയോ എണ്ണക്കടികളും വിളമ്പി വച്ച് അവൾ പോയി..

കണ്ണിൽ നിന്നും തുള്ളികൾ കണ്ണിനെ പൊള്ളിച്ചുകൊണ്ടു നിലത്തേക്ക് വീണപ്പോൾ പൊട്ടുകയായിരുന്നു ഇടനെഞ്ച്..

തുടരും..

No comments