Top Stories

പെയ്തൊഴിയാതെ ഭാഗം -3

 

പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ)





തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു..
ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി ഇന്ദു..

“ന്താ ഇബടെ?”

ഞാൻ അവളോട് കണ്ണും തിരുമ്മി ചോദിച്ചു.. സാധാരണ രാവിലെ മാളൂവോ അമ്മയോ പാറുവോ ഒക്കെയാണ് വിളിക്കാറ്..

“ഉണർത്താൻ വന്നതാ.. വാ പൂവ് പറിക്കാൻ പോകാം..”

അവൾ എന്റെ കവിളിൽ നുള്ളിയ ശേഷം ഓടി… ഞാൻ അവിടെ കിടന്നു ചിന്തിച്ചു.. ആരാണ് ഈ പെൺകുട്ടി.. എന്റെ ശത്രു എന്ന് കരുതിയവൾ.. ഇപ്പോഴിതാ എന്റെ നെഞ്ചിൽ കയറിയിരിക്കുന്നു…

വല്ലാത്തൊരു സ്നേഹം അവളോട്.. അവളെ ഇനി കാണാതിരിക്കാൻ കഴിയില്ല എന്നതുപോലെ.. സഹോദരൻ അല്ല പറഞ്ഞാൽ പിന്നെ എന്തായിരിക്കും?

“ഉണ്ണി…? “

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ഓടി.. കാപ്പിയും കുടിച്ചിട്ടാണ് പൂവ് പറിക്കാൻ പോയത്.. പൂവ് പറിച്ചു തിരിച്ചു വന്നു..

ഞാൻ ഒരു റോസാപ്പൂവ് അവളുടെ മുടിയിൽ കുടുക്കിവച്ചു.. നല്ല രസമുണ്ട് ഇപ്പോൾ കാണാൻ..
അവൾ അല്പം നാണത്തോടെയാണ് പുഞ്ചിരിച്ചത്….

ഹൃദയങ്ങൾ വളരെ അടുത്തു… നിമിഷങ്ങൾ കഴിയുംതോറും അവളുടെ ചിന്തകൾ എന്റെ ഹൃദയം കൈയടക്കി..

“എനിക്ക് നിന്നോട് സ്നേഹം ആണ്…”

വൈകുന്നേരം കുളക്കരയിൽ ഇരിക്കുമ്പോൾ അവളെന്നോട് പറഞ്ഞതുകേട്ട് ഞാൻ അവളെ പരിഭ്രമിച്ചു നോക്കി..

“സ്നേഹം.. നിക്കും ഉണ്ടല്ലോ…?”

“ആ സ്നേഹം അല്ല.. ഇത് വേറെ ഒരു സ്നേഹം… ലവ് എന്നാ അതിന് പറയുക.. “

അവൾ ചിരിച്ചു.. എനിക്ക് പെട്ടെന്ന് നാണം തോന്നി.. പേടിയും..

“ന്നെ അച്ഛൻ തല്ലും..”

എനിക്ക് വായിൽ വന്നത് അതാണ്… അത് കേട്ടപ്പോൾ അവൾ പൊട്ടി പൊട്ടി ചിരിച്ചു… എന്തൊരു ഭംഗിയാണ് ഇവളുടെ ചിരിക്ക്…

“ന്നെ കളിയാക്കാ?”

“അല്ല സച്ചൂട്ടാ.. നിനക്ക് അറിയുമോ? ആദ്യം അടിയൊക്കെ എനിക്കും പേടിയായിരുന്നു.. പക്ഷെ പിന്നെ വാശി ആയി.. ആരോടാ അറിയുമോ? എന്നെ ഒറ്റക്ക് ആക്കിയ ദൈവത്തിനോട്.. ആ ദൈവത്തിനോടുള്ള വാശിക്ക് ഞാൻ എനിക്ക് അടികിട്ടാനുള്ള വഴികൾ കണ്ടുപിടിച്ചു.. ഓരോ അടി കിട്ടുമ്പോഴും എനിക്ക് വല്ലാത്തൊരു സന്തോഷം ആയിരുന്നു… പക്ഷെ അന്ന് മരിക്കാൻ തീരുമാനിച്ചത് എന്റെ അമ്മയെ മോശം പറഞ്ഞതുകൊണ്ടാണ്..”

അവൾ നിസാരമട്ടിൽ അത് പറഞ്ഞപ്പോൾ എന്റെ നെഞ്ചാണ് നൊന്തത്… കണ്ണ് നിറഞ്ഞു..

“നിനക്ക് എന്നെ ഇഷ്ടമാണെന്നു എനിക്ക് അറിയാം സച്ചുട്ട..”

അവൾ എന്റെ വലത്തേ കൈ പിടിച്ചു..

“എങ്ങനെ അറിയാം?”

“ഞാൻ പറഞ്ഞതുകേട്ടപ്പോൾ നിന്റെ നെഞ്ച് വേദനിച്ചില്ലേ? കണ്ണ് നിറഞ്ഞില്ലേ? അതിൽ നിന്നും മനസിലാക്കാം..”

അവൾ പറഞ്ഞപ്പോൾ ഞാൻ തല താഴ്ത്തി.. ഈ പെണ്ണ് ഒരു അത്ഭുതമാണ്..

“സച്ചൂട്ടാ… അമ്പലത്തിൽ പോയാലോ?”

ഞാൻ അന്ന് അവളെയും കൂട്ടി അമ്പലത്തിൽ പോയി.. തൊഴുതു.. ദേവിയുടെ മുൻപിൽ നിന്നും അവൾ എന്റെ കൈപിടിച്ച് കണ്ണിൽ നോക്കി..

“സച്ചൂട്ടൻ അല്ലാതെ വേരേയൊരു ആൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.. എന്ത് സംഭവിച്ചാലും എത്ര അകന്നാലും, എന്നെ കൊണ്ടുപോയാലും ഞാൻ കാത്തിരിക്കും.. മരിക്കും വരെ… വാക്ക്.. മരിച്ചാൽ പോലും മാറാത്ത വാക്ക്…”

അത് പറഞ്ഞശേഷം അവൾ ഓടിപോയി.. പട്ടു പാവാട അല്പം പൊക്കിപ്പിടിച്ചു ഓടുന്നവളെ ഞാൻ അത്ഭുതത്തോടെയാണ് നോക്കിയത്… മുടികെട്ട് താളത്തിൽ തുള്ളുന്നു…

എന്റെ നെഞ്ചിൽ വല്ലാത്തൊരു ഇളംചൂട് വന്നു നിറഞ്ഞു…അത് പ്രണയം ആണെന്ന് അപ്പോൾ എനിക്ക് മനസിലായില്ല…
പ്രേമത്തിന്റെ നനുത്ത ഇളം ചൂട്.. മകരമാസത്തിലെ രാവിലെകളിൽ അടുക്കളയിൽ പോകുമ്പോൾ വിറക് കത്തുന്ന ഒരു ഇളംചൂട് ഉണ്ട്.. അതുപോലെയൊരു ചൂട്.. സുഖമുള്ള ഒരു ചൂട്…

തിരുവോണദിവസം… ഞങ്ങളുടെ കണ്ണുകൾ എപ്പൊഴും കൊരുത്തുകൊണ്ടിരുന്നു.. ഭാവി ഒന്നും ഞങ്ങൾ ആലോചിച്ചില്ല.. അവൾ എന്നെ പ്രണയത്തിൽ ആക്കിയിരുന്നു ..

“അമ്മേ.. നിക്ക് ഒരു ആഗ്രഹം ണ്ട്..”

തിരുവോണദിവസം അടുക്കളയിൽ തിരക്കിൽ ആയിരുന്ന അമ്മയെ ഞാൻ വിളിച്ചു..

“എന്താ മോനൂട്ട? അമ്മ തിരക്കിലാട്ടോ..”

അങ്ങനെ പറഞ്ഞുവെങ്കിലും അമ്മ വന്നു….

“അമ്മേ.. ഇന്ദുനെ ഇബടെ നിർത്തണം.. ഡോക്ടർ ആകാനാത്രെ ആഗ്രഹം.. നിക്ക് അമ്മ വാക്ക് താരോ അവളെ ഡോക്ടറാക്കാംന്ന്?”

എന്റെ ചോദ്യം കേട്ട് അമ്മ അമ്പരന്നു.. പിന്നെ ഒരു പുഞ്ചിരി വിടർന്നു…

“എന്താപ്പോ പെട്ടെന്നൊരു തോന്നൽ?”

“നേരത്തെ തോന്നിയതാ… വാക്ക് താരോ അമ്മ?”

അമ്മ എന്റെ തലയിൽ കൈവച്ചു..

“ഉണ്ണിക്കുട്ടന്റെ ആഗ്രഹം അല്ലെ.. സമ്മതം.. ഈ അമ്മ വാക്ക് തരുന്നു…”

അത് പറഞ്ഞശേഷം അമ്മ എന്റെ നെറ്റിയിൽ ചുംബിച്ചു… എനിക്ക് സന്തോഷമായി.. ഒത്തിരി സന്തോഷം.. അമ്മ തിരക്കിലേക്ക് പോയപ്പോൾ ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു.. അച്ഛനും അമ്മാവന്മാരും ഉമ്മറത്ത് ആണ്…

എനിക്ക് പുതിയ ഉടുപ്പ് കിട്ടിയിരുന്നു. ഓണ മുണ്ടും കിളിപിച്ച പട്ടുകൊണ്ട് ഉണ്ടാക്കിയ നീളൻ ഉടുപ്പും.

അവൾ അന്ന് ഇളംറോസ് നിറമുള്ള പാട്ടുപാവാടയിലും ബ്ലൊസിലും ആയിരുന്നു..
മുല്ലപ്പൂക്കൾ വച്ചിരുന്നു അവളും മാളുവും…

ഉച്ചക്ക് ഊണ് കഴിച്ചു.. വയറു നിറയെ… ഞാനും ഇന്ദുവും ആരും കാണാതെ ചില കറികളും കായ് വറുത്തതും ഒക്കെ കൈമാറി… പ്രണയം തുളുമ്പി തുടങ്ങിയിരുന്നു…

ഉച്ച കഴിഞ്ഞു ഞങ്ങൾ ഒളിച്ചുകളിക്കാൻ തുടങ്ങി… കേശു എണ്ണാൻ തുടങ്ങിയപ്പോൾ ഞാൻ ഓടിക്കയറിയത് മച്ചിലെ കോവണിയുടെ അടിയിൽ ഉള്ള റൂമിൽ ആണ്.. അധികം ഉപയോഗം ഇല്ലാത്ത ഒരു മുറി..

എന്റെ പുറകെ ഇന്ദുവും ഓടിക്കയറി.. അവൾ കതകടച്ചു വന്നപ്പോളാണ് അലമാരയുടെ പുറകിൽ ചാരി നിന്ന എന്നെ കണ്ടത്..

അപ്പോഴേക്കും കേശു എണ്ണി തീർന്നിരുന്നു.. അതോടെ അവൾ വന്നു എന്നോട് ചേർന്ന് നിന്ന് മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു..

അവൾ എന്നോട് ചേർന്ന് നിന്നപ്പോൾ അവളുടെ മുടിയിലെ മുല്ലപ്പൂക്കളുടെ സുഗന്ധം എന്നിൽ നിറഞ്ഞു.. ഞാൻ പരിസരം മറന്നു..

ഞാൻ അവളെപിടിച്ചു തിരിച്ചു നിർത്തി.. പിടക്കുന്ന കണ്ണുകൾ… ചുണ്ടിൽ പുഞ്ചിരിയാണ്..

“ഇന്ദു… എനിക്ക് ഇഷ്ട്ടാ നിന്നെ.. ഒത്തിരി ഒത്തിരി ഇഷ്ട്ടം.. പഠിച്ചു കഴിഞ്ഞു നമുക്ക് കല്യാണം കഴിച്ചാലോ?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ തല കുനിച്ചു.. നാണിച്ചു പെണ്ണ്…

“ആരും ഇല്ലാത്തവൾ ആണ് ഞാൻ.. എതിർപ്പുകൾ ഉണ്ടാകും.. പറ്റുമോ നിനക്ക്?”

അവളുടെ ചോദ്യം..

“നിനക്ക് വേണ്ടി അടികിട്ടിയാൽ സന്തോഷം ആയിക്കോളും നിക്ക്… അത്ര ഇഷ്ട്ടാ നിന്നെ…”

അവൾ കൈകൾ എന്റെ കഴുത്തിൽ കൂടെ ചുറ്റിപിടിച്ചു കാലിൽ കുത്തി പൊങ്ങി.. എന്റെ നെറ്റിയിൽ അവളുടെ ചൂടുള്ള ചുംബനം…

“ഈ വാക്ക് മതി എനിക്ക്.. ജീവിതം മുഴുവൻ കാത്തിരിക്കാൻ…എനിക്ക് ഒരു ഉമ്മ തരുമോ?”

നിരസിക്കാൻ ആയില്ല.. ഞാൻ അവളുടെ ഇരുകവിളുകളിലും ചുംബിച്ചു.. വിറക്കുകയുമായിരുന്നു എന്നെ.. അവളും…

മുറിയിൽ ജനലിൽ നിന്നും വരുന്ന വെളിച്ചം മാത്രമേ ഉള്ളു…
കേശു വന്നു മുറി തുറന്നു നോക്കി എങ്കിലും ഞങ്ങൾ പതുങ്ങി നിന്നു..

അവൻ ഞങ്ങളെ കണ്ടില്ല. അവൻ പോയപ്പോൾ കതക് ശക്തമായി വലിച്ചു അടച്ചിട്ടാണ് ഓടിയത്..

അലമാരയുടെ പുറകിൽ നിന്ന ഞങ്ങളുടെ ദേഹത്തേക്ക് മുകളിൽ നിന്നും എന്തൊക്കെയോ വീണു..

ഞാൻ കുതറി വെളിച്ചത്തിൽ നിന്നു..

“സച്ചൂട്ടാ.. എന്തോ ദേഹത്ത്..!”

അവൾ ഉച്ചത്തിൽ പറഞ്ഞപ്പോൾ ഞാൻ നെഞ്ചിൽ നോക്കി.. ഒരു പഴുതാര… ഞാൻ ഒരു അലർച്ചയോടെ അതിനെത്തട്ടി എറിഞ്ഞു..

അവളെ നോക്കി.. ഞെട്ടിപ്പോയി.. അവളുടെ തലയിലും തോളത്തും നാലോളം പഴുതാരകൾ.. തട്ടി എറിയുന്നതിന് മുൻപേ തന്നെ അതിൽ രണ്ടെണ്ണം അവളുടെ തോളുവഴിയും നെഞ്ചുവഴിയും ഉടുപ്പിന്റെ ഉള്ളിലേക്ക് ഇറങ്ങി…

“സച്ചൂട്ടാ.. അമ്മേ… അയ്യോ…ഓടിവാ… എന്നെ കടിച്ചു…..പാമ്പ്…..!!!”

പഴുതാരയെ കാണാത്ത അവൾ അലറിക്കൂവി.. നിമിഷ നേരംകൊണ്ട് ഞാൻ അവളുടെ തലയിൽ ഉണ്ടായിരുന്നതിനെ തട്ടിമാറ്റി…

“സച്ചൂട്ടാ.. ഉള്ളിൽ.. ഉള്ളിൽ കയറി.. അഴിക്ക്.. എന്റെ ഉടുപ്പ് അഴിക്ക് സച്ചൂട്ടാ….”

അവൾ അലറിക്കൊണ്ട് കുതറിച്ചാടി.. അവൾ അവളുടെ ടോപ് വലിച്ചു ഊരാൻ നോക്കിയപ്പോൾ ഞാൻ പതറി നിന്നു..

“സച്ചൂട്ടാ…. അമ്മെ….”

അവൾ എന്നെ നോക്കി അലറി.. അതോടൊപ്പം അവൾ നെഞ്ച് പൊത്തി അലറി കരഞ്ഞു നിലത്തു വീണു ഉരുണ്ടു.. പഴുതാര അവളെ കുത്തി എന്നെനിക്ക് മനസിലായി.. ഞാൻ വളരെ വേഗംതന്നെ അവളുടെ അടുത്ത് ഇരുന്നു ഒന്നും ആലോചിക്കാതെ അവളുടെ ബ്ലൗസ് വലിച്ചു കീറിയപ്പോൾ ആണ് കതക് മലർക്കെ തുറന്നു മാളു വന്നത്.
അവൾ ഈ കാഴ്ച കണ്ടു ഞെട്ടി നിന്നു… ഇന്ദു അലറിക്കരയുകയായിരുന്നു…

“തംബ്രാൻകുട്ടി… അയ്യോ ഇന്ദു…..….അച്ഛാ അമ്മേ ഓടി വാ….ഓടി വാ… “

മാളു അത് കണ്ടു അലറിക്കൂവി ഓടിവന്നു.. അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി..

“മിണ്ടല്ലേടീ…..”

ഞാൻ അവളോട് അലറി… ശേഷം കിടന്നു പിടക്കുന്ന ഇന്ദുവിന്റെ ഉടുപ്പ് ബാക്കി കൂടെ വലിച്ചു കീറി.. അവളുടെ ഷിമിസിന്റെ അടിയിൽ കൈയ്യിട്ടു ഒരെണ്ണത്തിനെ പിടിക്കാൻ ശ്രമിച്ചു..
അവളുടെ ഇടുപ്പിൽ ഇരുന്നതിനെ എനിക്ക് കിട്ടി. അത് എന്റെ കയ്യിൽ കുത്തി എങ്കിലും ഞാൻ വേദന സഹിച്ചുകൊണ്ട് അവളുടെ നെഞ്ചിൽ ഉള്ളതിനെ കൈ ഇട്ടു പിടിച്ചു..

“ഡാ…!!”

ഒരു അലർച്ച കേട്ടു.. അതോടൊപ്പം നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊണ്ട് ഞാൻ തെറിച്ചുപോയി ഭിത്തിയിൽ അടിച്ചു നിലത്തുവീണു.. കയ്യിൽ നിന്നും പഴുതാരകൾ തെറിച്ചു എങ്ങോട്ടോ പോയി…

അടഞ്ഞുപോയ കണ്ണ് വലിച്ചു തുറന്നപ്പോൾ അച്ഛൻ എന്നെ നിലത്തിട്ട് ചവിട്ടുന്നതാണ് അറിഞ്ഞത്… പ്രതികരിക്കാൻ പോലും ആയില്ല.. പറയണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല.. വായിൽ ചോര…

അലറിക്കരഞ്ഞു കൊണ്ട് എഴുന്നേറ്റ് ഇരുന്ന ഇന്ദു എന്നെ നോക്കിയതും നിലത്തു വീണു കൈകാലുകൾ ഇട്ടു അടിക്കാൻ തുടങ്ങി.. അവളുടെ കണ്ണ് മിഴിഞ്ഞു വന്നു.. നാക്ക് വെളിയിൽ വന്നു.. അതോടെ എന്റെ ബോധം മറഞ്ഞു…

“ഒരു തുള്ളി വെള്ളം കൊടുത്തുപോകരുത് ഈ നാറിക്ക്…കൊല്ലും ഇന്ന് ഞാൻ അവനെ….”

അലറിക്കൊണ്ട് അച്ഛൻ അവളെ കോരിയെടുത്തു പുറത്തേക്ക് ഓടുന്നതും മാളു അതിന്റെ പുറകെ ഓടിയതും കതക് അടഞ്ഞതും ഞാൻ സ്വപ്നത്തിൽ എന്നതുപോലെ കണ്ടു..

***

ഉണർന്നപ്പോൾ കൈകാലുകൾ അനക്കാൻ കഴിയുന്നില്ല.. ദേഹം മൊത്തം വേദന.. ഞരങ്ങിക്കൊണ്ടു ഞാൻ എഴുന്നേറ്റ് ഇരുന്നു.. ആ റൂമിൽ തന്നെയാണ്..

“അമ്മേ…”

അറിയാതെ വിളിച്ചുപോയി.. കതക് തുറന്നു ദേവിചിറ്റ വന്നു..

“നീ അവളെ ഉപദ്രവിക്കാൻ നോക്കിയോ സച്ചൂട്ടാ?”

അവരുടെ സ്വരം കേട്ടപ്പോൾ ഞാൻ വേദന മറന്നു അവളെ നോക്കി… അമ്മ കരഞ്ഞുകൊണ്ട് വാതിൽക്കൽ നിൽക്കുന്നത് ഞാൻ കണ്ടു..

“ഇല്ല… ഇല്ല…! മാളു കണ്ടതാ… അമ്മേ.. “

ഞാൻ മെല്ലെ പറഞ്ഞു…

“നുണയാൻ ആണ്.. കരച്ചിൽ കേട്ടാ ഞാൻ വന്നേ.. ഇവൻ അവളുടെ തുണി കീറണത് കണ്ണോണ്ട് കണ്ടതാ ഞാൻ.. ഈ റൂം അടഞ്ഞാ കിടന്നേ.. മനഃപൂർവാ…. !”

ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞരങ്ങി.. സത്യം വിളിച്ചു പറയാൻ പോലും പറ്റുന്നില്ല.. സാക്ഷി മാളു ആണ്.. അവൾ കണ്ടിട്ടുണ്ടാകാം..

“സത്യം പറ സച്ചു….”

ദേവിചിറ്റ എന്നോട് ചോദിച്ചു.. ഞാനെന്തു പറഞ്ഞാലും ഇവർ വിശ്വസിക്കില്ല എന്നെനിക്ക് തോന്നി.. മാളു ആണ് ഏക ആശ്രയം…

ദേവിചിറ്റയെ തള്ളിമാറ്റി ഞാൻ മാളുവിനെ കാണണം എന്ന് തീരുമാനിച്ചു വേദന മറന്നു ഇറങ്ങിയോടി… കാലുകൾ ഉറക്കുന്നില്ലായിരുന്നു പക്ഷെ ഓടി..

പുറകിൽ ദേവിചിറ്റയുടെ സ്വരം.. ഉമ്മറത്തു എത്തിയപ്പോൾ അച്ഛനും അമ്മാവന്മാരും..

“ആരാ ഇവനെ തുറന്നു വിട്ടെ?”

അച്ഛൻ തിണ്ണയിൽ വച്ചിരുന്ന ബെൽറ്റ് വലിച്ചെടുത്തു എന്നെ അടിച്ചു… ഒരു അടി കൊണ്ടു.. പക്ഷെ ഞാൻ അലറിക്കൊണ്ട് ഓടി ഗേറ്റ് കടന്നു..

അച്ഛനും അമ്മാവന്മാരും പുറകെ ഓടിവന്നു.. എന്റെ ഓട്ടം എത്തിനിന്നത് മാളുവിന്റെ വീട്ടിൽ ആണ്.. പൂക്കളത്തിൽ വീണുപോയ ഞാൻ ഉമ്മറത്ത് നിന്നിരുന്ന മാളുവിന്റെ കാലിൽ വീണു..

“പറ മാളു.. നീ കണ്ടതല്ലേ.. പറ മാളു ഞാൻ അവളെ ഉപദ്രവിക്കില്ല ന്നു…”

അലറിക്കരഞ്ഞു ഞാൻ… അവളുടെ കാലു പിടിച്ചു..

“ഇല്ല… നീ മോശാ.. ഞാൻ കണ്ടതാ.. അവളുടെ തുണി വലിച്ചു കീറിയെ.. നിക്ക് പേടിയാ നിന്നെ.. അമ്മേ.. അച്ഛാ ഓടിവായോ… “

അവൾ അലറിക്കൂവി… അത് കേട്ടുകൊണ്ട് ആണ് എന്റെ അച്ഛൻ പുറകിൽ വന്നത്..
പട്ടിയെ തല്ലും പോലെ എന്നെ നിലത്തിട്ട് ബെൽറ്റുകൊണ്ടു തല്ലി.. അതിന് ശേഷം എന്റെ ഒരു കയ്യിൽ പിടിച്ചുവലിച്ചു ഇഴച്ചു കൊണ്ടുപോയി.. മണ്ണിട്ട പാതയിൽകൂടെ..

എന്നെ ഗേറ്റിന് വെളിയിലിട്ടു.. നെഞ്ചിൽ ഒരു ചവിട്ട് കൂടെ കിട്ടി..

“പൊയ്ക്കോ നീ.. ഇനി ഈ വീട്ടിൽ നിനക്ക് സ്ഥാനം ഇല്ല.. ആരും ഇല്ലാത്ത ഒരു പെണ്ണിനെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച നിന്നെപ്പോലെ ഒരു മകൻ ഇല്ലായെന്ന് ഞാൻ കരുതാം..”

തളർന്നു കിടന്ന എന്നെ അവിടെ ഇട്ടു അച്ഛൻ ഗേറ്റ് അടച്ചു… വീണ്ടും ബോധം മറഞ്ഞു..

ആരുടെയോ കരച്ചിൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ഇടത്തെ കണ്ണ് തുറക്കുന്നില്ലായിരുന്നു.. വായിൽ ഒക്കെ ചോര..

“ന്തിനാ കുട്ടി നീയത് ചെയ്തേ?”

ആരോ ചോദിച്ചു.. കണ്ണ് തുറന്നു നോക്കി.. അടുക്കളയുടെ പുറംഭാഗത്ത് എന്നെ കിടത്തിയിരിക്കുന്നു.. ആരാ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നുപോലും അറിയില്ല..

അമ്മ അടുത്തുണ്ട്..

“അമ്മേ.. ദേവീ സത്യം.. ഞാൻ ഒന്നും ചെയ്തില്യ.. പഴുതാര കയറിപ്പോ ….ഇന്ദു പറയും അമ്മേ …”

ഞാൻ മെല്ലെ പറഞ്ഞു.. വായ അനക്കാൻ വയ്യ..

“വേണ്ട.. ഒന്നും പറയണ്ടനീ.. എവിടെക്കാചാ പൊക്കോ.. നിക്ക് കാണണ്ട നിന്നെ.. നി നിനക്ക് ഇങ്ങനെ ഒരു അമ്മ ഇല്ല്യ..”

ഉച്ചത്തിൽ പറഞ്ഞു എന്നെ നോക്കാതെ അമ്മ അടുത്തുനിന്ന ദേവിചിറ്റയുടെ കൈപിടിച്ച് അകത്തേക്ക് വലിച്ചുകൊണ്ടുപോയത് ഞാൻ കണ്ടു..

മെല്ലെ എഴുന്നേറ്റിരുന്നു.. അകെ മൊത്തം വേദന മാത്രം.. ഇനി ഈ വീട്ടിൽ സ്ഥാനം ഇല്ല.. എല്ലാവരും അകത്തേക്ക് കയറിപ്പോയി..
ഇനി വയ്യ..

പറമ്പിന്റെ അരികത്ത് ഒരു പൊട്ടക്കിണർ ഉണ്ട്.. ഞാൻ മെല്ലെ എഴുന്നേറ്റ് നടന്നു.. അത് ലക്ഷ്യം ആക്കി.. കാലുകൾ ഉറക്കുന്നില്ല നിലത്ത്.. വീഴാൻപോകുന്നു..

അവിടെ എത്തി.. കിണറിൽ നിറയെ പാറയാണ്. വീണാൽ കിട്ടില്ല..

“ന്നാലും ദേവീ.. ന്നെ ഇത്രക്ക് വേണ്ടതായില്യെ…”

അതും ചോദിച്ചു മെല്ലെ തിട്ടയിൽ വലിഞ്ഞു കയറി.. താഴേക്ക് ചാടാൻ ആഞ്ഞതും പുറകിൽ നിന്നും ഒരു കൈ വന്നു എന്നെ വലിച്ചു താഴേക്ക് ഇറക്കി അവരുടെ മടിയിൽ കിടത്തി.. ദേവിചിറ്റ..

“മരിച്ചോളാ ചിറ്റേ ഞാൻ.. ആർക്കും വേണ്ട ന്നെ…”

മെല്ലെ പറഞ്ഞു.. കരഞ്ഞു..

“എനിക്ക് വേണെങ്കിലോ എന്റെ കുട്ടിനെ? വരുവോ ഒപ്പം …?”
ദേവിചിറ്റ എന്റെ നെറ്റിയിൽ ഉമ്മവച്ചു..

“മരിച്ചോളാ ഞാൻ… ന്നാലും ഇന്ദു പറയും സത്യംന്താണ് ….”

“കുട്ടാ.. വരുമോ ചിറ്റയുടെ ഒപ്പം? അത് പറ.. ഞാൻ കൊണ്ടുപോകാം..മരിക്കാൻ ഒന്നും വിട്നില്ല്യ നിന്നെ…”

ചിറ്റ വീണ്ടും ചോദിച്ചു.. നിറഞ്ഞ കണ്ണുകളോടെ..

“വരാം..”

മറുപടി കൊടുത്തു… വേറെ വഴിയില്ലായിരുന്നു..

“രാവുണ്ണി..? എഡോ രാവുണ്ണി ?”

ചിറ്റ ഉറക്കെ വിളിച്ചു… അയാൾ ഓടി വന്നു..

“എന്താ ദേവീകുഞ്ഞേ…”

“ഒരു കാറ് വിളിക്യാ.. വേഗം ….”

ദേവിചിറ്റ അതുപറഞ്ഞതും അയാൾ ഓടിപോയി.. എന്നെ താങ്ങി എടുത്തു ചിറ്റ കിണറും കരയിൽ ഇരുത്തി.. ഒരു തോർത്ത് വെള്ളത്തിൽ മുക്കി തുടച്ചു.. മുറിവുകൾ ഒക്കെ വല്ലാതെ നീറി.. പുതിയ ഉടുപ്പ് ഒക്കെ കീറി.. ചോരയിൽ കുതിർന്നു..

പുറകുവശത്തുകൂടെ ആണ് എന്നെ ഉമ്മറത്തേക്ക് കൊണ്ടുപോയത്..

“ഇവനെ ഞാൻ കൊണ്ടൊവ്വ…നിക്ക് വേണം ഇവനെ..”

ചിറ്റ എല്ലാവരോടും ആയി പറഞ്ഞു.

അച്ഛൻ ഉമ്മറത്തു ഉണ്ടായിരുന്നു.. വേറെ ആരൊക്കെയോ കൂടെ..

“കൊണ്ടോയിക്കോ.. എങ്ങോട്ടേലും.. കൊന്നാലും എനിക്ക് പരാതി ഇല്ല.. നശിച്ച ജന്മം.. ആ കുട്ടീടെ ബോധം പോലും തെളിഞ്ഞില്ല. പനിച്ചു വിറക്കാ അത് ….”

അച്ഛൻ പറഞ്ഞതും ചിറ്റ എന്നെ കാറിൽ ഇരുത്തി.. കയറുന്നതിന് മുൻപേ ഞാൻ നോക്കിയപ്പോൾ മുകളിൽ അമ്മ നോക്കി നിക്കുന്നുണ്ടായിരുന്നു. ജാലകത്തിന്റെ പുറകിൽ .. ഞാൻ നോക്കിയതും അമ്മ ജനാലവാതിൽ അടച്ചു..

ഇനി ആ മനസിലും സ്ഥാനം ഇല്ല എന്ന് മനസിലായി..

അപ്പുവും കേശുവും ഗേറ്റിൽ ഉണ്ടായിരുന്നു.. ചിറ്റ ബാഗ് എടുത്തു വന്നു.. കാർ നീങ്ങി..

ആദ്യം ഒരു വലിയ വീട്ടിൽ ഇറങ്ങി.. ഒരു സ്ത്രീ വന്നു.. അവരും ചിറ്റയും എന്നെ അകത്ത് കിടത്തി.. അവർ എന്റെ മുറിവുകൾ ഒക്കെ കെട്ടി.. കയ്യിൽ പ്ലാസ്റ്റർ പോലെ എന്തോ ചുറ്റി..

“നിന്റെ കയ്യിൽ എന്തോ കടിച്ചല്ലോ? എന്താ കുട്ടി അത്?”

അവർ ചോദിച്ചു.. മയങ്ങാനുള്ള മരുന്ന് തന്നിരുന്നു..

“പഴുതാര…”

ഞാൻ മെല്ലെ മറുപടി കൊടുത്തു…

“അതെങ്ങനെ കയ്യിൽ കുത്തി?”

“അവളുടെ… അവളുടെ ദേഹത്ത് ….”

അത്രയേ പറയാൻ പറ്റിയുള്ളൂ… മയങ്ങി..

“എന്തൊരു അടിയാ അടിച്ചത്? കൊച്ചല്ലേ അവൻ…”

അതുകൂടി കേട്ടു… വേറെ ഒന്നും ഓർമയില്ല…

***

ബോംബെ നഗരം… തീവണ്ടിയിൽ ആണ് വന്നത്.. ആദ്യം ആണ് തീവണ്ടിയിൽ.. പക്ഷെ മനസും ശരീരവും ശവം ആയിരുന്നു..
വലിയ കെട്ടിടങ്ങൾ കണ്ടപ്പോൾ ചിറ്റയുടെ തോളിൽ ചേർന്ന് കിടന്നു..
ഏതോ ഒരു വീട്ടിൽ എത്തി..

“അഹ് എത്തിയോ?”

ദേവിചിറ്റയുടെ ഭർത്താവ് അവിടെ ഉണ്ടായിരുന്നു.. ആദ്യം കാണുകയാണ്.. പേര് ജോൺ എന്നാണ് എന്ന് മാത്രം അറിയാം.. ദേവിചിറ്റ നസ്രാണിയെ ആണ് കല്യാണം കഴിച്ചേ.. അവർക്ക് ഒരു മോൾ ഉണ്ട്.. അമേലിയ..

എന്നെ അകത്തു കിടത്തി.. രണ്ടുപേരും ഒരുമിച്ചാണ് എന്നെ കിടത്തിയത്..

“ഏട്ടാ.. ഇവനെ നമുക്ക് കൊണ്ടുപോകാം… എത്ര പൈസ ചിലവായാലും വേണ്ടില്ല.. എനിക്ക് അവനെ വേണം..”

ചിറ്റയുടെ ശബ്ദം ഞാൻ കേട്ടു..

“എന്റെ ദേവീ.. നീയൊന്നു സമാധാനിക്ക്.. എല്ലാം ഞാൻ ശരിയാക്കാം.. പക്ഷെ അവന്റെ വീട്ടിൽ സമ്മതിക്കോ?”

“ഞാൻ പറഞ്ഞിട്ടുണ്ട്.. ദുഷ്ടൻ ആണ് അയാൾ.. തെരുവ് പട്ടിയെ അടിക്കുമ്പോലെ ആണ് അടിച്ചത്… മകൻ അല്ലെ?”

സംസാരം അങ്ങനെ പോയി …

***
എനിക്ക് നന്നായി പനിച്ചിരുന്നു.. ദിവസങ്ങൾ പോകുംതോറും അതുമാറി വന്നു..

ദേവിചിറ്റ എന്നെ നന്നായി സ്നേഹിച്ചു.. ജോൺഅച്ഛൻ എന്നാണ് ഞാൻ ആളെ വിളിച്ചത്.. അമേലിയ എന്റെ അടുത്തുതന്നെ ചുറ്റിപറ്റി നിന്നു.. അവൾക്ക് എന്നെ കിട്ടിയതിൽ സന്തോഷം ആയിരുന്നു..

“വീട്ടിൽ നിന്നും വിളിച്ചിരുന്നു… “

ഞാൻ അവിടെ എത്തി ഏഴാം ദിവസം ചിറ്റ എന്നോട് പറഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല..

“ചിറ്റ ഒരു കൂട്ടം ചോദിക്കട്ടെ?”

എന്റെ അടുത്തിരുന്നു ചിറ്റ ചോദിച്ചു..

“മ്മ്മ് … “

“അന്ന് നടന്നത്.. അവളുടെ ദേഹത്തെ പഴുതാരയെ എടുക്കാൻ വേണ്ടിയാണ് അല്ലെ സച്ചൂട്ടൻ അവളുടെ തുണി വലിച്ചു കീറിയത് അല്ലെ?”

ചിറ്റ ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. മെല്ലെ പുഞ്ചിരിച്ചു.. എങ്ങനെ അറിഞ്ഞു എന്നുപോലും ചോദിച്ചില്ല..

“ഇനി അടുത്ത ചോദ്യം.. വീട്ടിലേക്ക് തിരിച്ചു പോകണോ മോനുട്ടന്?”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. എന്നെ നിലത്തിട്ട് ചവിട്ടുന്ന അച്ഛന്റെ രൂപം മനസ്സിൽ തെളിഞ്ഞു…

“വേണ്ട.. വേണ്ട അമ്മചിറ്റേ… ന്നെ കൊല്ലും അയാൾ.. നിക്ക് പേടിയാ… എന്നെ വിടല്ലേ…എന്നെ അങ്ങട് വിട്ടാൽ ഞാൻ ചാകും.. ന്നെ കൊല്ലും..”

ഞാൻ ചിറ്റയെ കെട്ടിപിടിച്ചുകൊണ്ടു ഇരുന്നു വിറച്ചു..

“എന്താ എന്നെ വിളിച്ചേ? അമ്മേ ന്നോ? എന്റെ ദേവീ….”

ചിറ്റ എന്നെ മുറുക്കി കെട്ടിപിടിച്ചു തെരുതെരെ ഉമ്മകൾ കൊണ്ട് മൂടി.. ചിറ്റയും കരയുന്നുണ്ടായിരുന്നു.. അതൊക്കെ നോക്കി നിറഞ്ഞ കണ്ണുകളോടെ ജോൺഅച്ഛൻ നിന്നിരുന്നു..

കുറച്ചു ദിവസങ്ങൾ കൂടെ കഴിഞ്ഞപ്പോൾ ഞാൻ അവരുമായി നന്നായി പൊരുത്തപ്പെട്ടു.. എന്നാലും മനസ് നാട്ടിൽ ആയിരുന്നു.. മനസ്സിൽ നിറയെ ഇന്ദുവും അമ്മയും.. പക്ഷെ അച്ഛനെ ഓർക്കുമ്പോൾ പേടി തോന്നും..

പല രാത്രികളിലും ഞാൻ അലറി കരഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു.. അന്നൊക്കെ ചിറ്റ വന്നു എന്നെ കെട്ടിപിടിച്ചു കിടക്കും.. ജോൺഅച്ഛൻ എന്നെ പുറത്തൊക്കെ കൊണ്ടുപോകാൻ തുടങ്ങി.. അതുപോലെ ഒരു സഹോദരിയുടെ സ്നേഹം കൂടെ.. പാറുവിനെ ആണ് ഞാൻ അമേലിയയിലൂടെ കണ്ടത്..

ആദ്യമായി ഒരു അച്ഛന്റെ സ്നേഹം ഞാൻ അറിഞ്ഞു.. ഉടുപ്പുകൾ വാങ്ങി തന്നു.. എനിക്ക് ഒത്തിരി സന്തോഷം തോന്നി.. എന്നെ കുറെ ഓഫീസുകളിൽ ഒക്കെ കൊണ്ടുപോയിരുന്നു.. എന്തിനാണെന്ന് എനിക്ക് മനസിലായില്ല.

അങ്ങനെ ഒരു ദിവസം.. അവർ രണ്ടുപേരും എന്നെ വിളിച്ചു അടുത്തിരുത്തി..

“മോനുട്ടാ.. അവസാനമായി ഒരു ചോദ്യം കൂടെ.. ഞങ്ങളുടെ ഒപ്പം വരുന്നോ അതോ നിനക്ക് അമ്മയുടെ അടുത്തേക്ക് പോയാൽ മതിയോ?”

ഞാൻ ഒന്ന് ആലോചിച്ചു.. എന്നെ ഇറക്കി വിട്ടതാണ്.. ഒരു തെറ്റും ചെയ്യാതെ തന്നെ.. ഇനിയും അതുപോലെ ഉണ്ടാകും.. ജോൺഅച്ഛൻ അത്രക്ക് അടുത്തിരുന്നു.. ഇന്ദു.. അവളെയും അമ്മയെയും ഓർത്തപ്പോൾ സങ്കടം തോന്നി…

പക്ഷെ അമ്മ അവസാനം പറഞ്ഞ വാക്കും.. അവളെ ഞാൻ അവിടെ ഇല്ലെങ്കിൽ അവിടെ തന്നെ നിർത്തും.. അവളെ പഠിപ്പിക്കും. ആരും ഇല്ലാത്ത അവളെ മകൾ ആയി അമ്മ നോക്കിക്കോളും..

ഇതൊക്കെ ചിന്തിച്ചു ഞാൻ തീരുമാനം എടുത്തു..

“എനിക്ക് ജോൺഅച്ഛനും അമ്മചിറ്റയും മതി.. അമേലിയയും..”

അവർ രണ്ടുപേരും എന്നെ ഒരുമിച്ചു കെട്ടിപിടിച്ചുകൊണ്ടാണ് അതിന് പ്രതികരിച്ചത്….

“എങ്ങോട്ടാ നമ്മൾ പോണേ അറിയ്യോ?”

“എങ്ങോട്ടാ?”

“അമേരിക്ക… ഷിക്കാഗോയിൽ….”

ഞാൻ അവിശ്വസനീയതയോടെ അവരെ നോക്കി.. ഞാൻ ഇപ്പോൾ അവരുടെ മകൻ ആണെന്നും പോകാനുള്ള എല്ലാം തയാറാക്കാൻ വേണ്ടിയാണ് പല ഓഫീസുകളിലും നടന്നത് എന്നും അവർ പറഞ്ഞു..

ഇനി ഒരിക്കലും വീട്ടിൽ പോകില്ല എന്ന് തീരുമാനിച്ചിരുന്ന ഞാൻ അങ്ങനെ അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി.. അവിടെ എത്തിയപ്പോൾ വല്ലാതെ മനസ് വേദനിച്ചിരുന്നു..

എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു.. ഒപ്പം ഒരു സ്കൂളിൽ ചേർത്തു.. എന്റെ പത്താം ക്ലാസ് മുടങ്ങിയിരുന്നു..
ആദ്യം ഒക്കെ അമേരിക്കൻ കുട്ടികൾ കളിയാക്കിയിരുന്നു.. പക്ഷെ കാലം കടന്നപ്പോൾ അവരുടെ ഒപ്പം എന്നെ കൂട്ടി..

ഷിക്കാഗോയിൽ എത്തി മൂന്ന് മാസം കഴിഞ്ഞപ്പോൾ ആണ് അമ്മചിറ്റ എന്നോട് ഒരു കാര്യം പറഞ്ഞത്.. സത്യം അറിഞ്ഞ ശേഷം എന്റെ അച്ഛൻ അവരെ വിളിച്ചിരുന്നു.. പക്ഷെ എനിക്ക് അച്ഛൻ എന്ന് കേട്ടാൽ തന്നെ പേടി ആയിരുന്നു..

ഞങ്ങൾ ഷിക്കാഗോയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു.. ചെയ്ത കാര്യങ്ങൾ തെറ്റാണെന്നു അറിഞ്ഞതുമുതൽ നെഞ്ചുവേദന ഉണ്ടായിരുന്നു.. അത് ഒരു ദിവസം അച്ഛനെ കൊണ്ടുപോയി..

ആ വാർത്ത കേട്ടപ്പോൾ എനിക്ക് ആശ്വാസം ആണ് തോന്നിയത്.. ഒന്ന് അച്ഛൻ ഇനി എന്നെ അടിക്കില്ല. രണ്ടു, ഇന്ദു വീട്ടിൽ ഉണ്ടാകും… വേറെ ഒരു വികാരവും എനിക്ക് തോന്നിയില്ല…

ദിവസങ്ങൾ മാസങ്ങൾ ആയി.. അതിനിടയിൽ ആണ് പുതിയ ഒരാൾ വന്നത്..
അലക്സി.. അവൾ എന്റെ അടുത്ത കൂട്ടുകാരിയായി മാറി.. ലൈഫ് ആകെ മാറി മറിഞ്ഞു.. അവൾ വന്നതോടെ ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങി.. എന്നെ അമേരിക്കൻ ജീവിതം അവൾ പഠിപ്പിച്ചു..

ബ്ബെസ്റ്റ്‌ ഫ്രെണ്ട്സ് ഫോർഎവർ എന്ന വാചകത്തിൽ ഉറച്ചു നിന്നു എങ്കിലും മനസും ശരീരവും കൈവിട്ട സാഹചര്യവും ഞങ്ങൾ തമ്മിൽ ഉണ്ടായി.. അതിൽ ഒരു കുറ്റബോധവും ഇല്ലായിരുന്നു..

ദേവിചിറ്റ അമേലിയയും എന്നെയും ഒരുപോലെയാണ് കണ്ടത്. സ്നേഹിച്ചു.. നന്നായി തന്നെ.. പഠനം കഴിഞ്ഞു.. സ്വന്തമായി ഒരു കമ്പനി തുടങ്ങി.. അത് മികച്ച രീതിയിൽ പോകുമ്പോൾ ആണ് അമ്മ വിളിച്ചത്..

അമ്മ കഴിഞ്ഞ അഞ്ചു വർഷം ആയി കത്തുകൾ അയക്കുമായിരുന്നു.. ഒരിക്കലും തുറന്നു നോക്കിയിട്ടില്ല..

***

ഫോൺ റിങ് ചെയ്തു.. ഞാൻ ബെഡിൽ ഇരിക്കുകയായിരുന്നു.. പാറു കൊണ്ടുവച്ച ചായ തണുത്തിരുന്നു.. ഓർമകളിൽ ഒന്ന് മയങ്ങിപോയിരുന്നു..

അമ്മചിറ്റ ആണ് ഫോണിൽ.. ഫോൺ എടുത്തു..

“എനിക്ക് എന്റെ കുട്ടിയോട് ഒരു കാര്യം പറയാൻ ഉണ്ട്.. ഇതാണ് സന്ദർഭം എന്ന് തോന്നി..”

ഫോൺ എടുത്ത ഉടനെ അമ്മ പറഞ്ഞതാണ് ഇത്..

“എന്താ അമ്മചിറ്റേ?”

“ഓർമയുണ്ടോ അന്ന് നിന്നെ നിന്റെ അച്ഛൻ അടിച്ച ശേഷം ഞങ്ങൾ അടുക്കളപുരത്ത് കിടത്തിയത്?”

“മ്മ്മ് … എങ്ങനെ മറക്കാൻ ആണ്? അമ്മ എന്നെ ഇനി കാണണ്ട എന്ന് പറഞ്ഞ ദിവസം…”

“കുട്ടി.. അന്ന് സംഭവിച്ചത് എന്താ അറിയുമോ?”

“ഇല്ല.. എന്താ അമ്മചിറ്റേ?”

അവർ പറയാൻ തുടങ്ങി….

***

“വേണ്ട.. ഒന്നും പറയണ്ടനീ.. എവിടെക്കാചാ പൊക്കോ.. നിക്ക് കാണണ്ട നിന്നെ.. “

അത് പറഞ്ഞശേഷം അമ്മ ദേവിയുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി.. പത്തായത്തിൽ കയറി കതക് അടച്ചു..

“എന്താ ലക്ഷ്മി ഇവിടെ? നീയെന്തിനാ അവനോട്…”

ദേവിചിറ്റക്ക് പൂർത്തിയാക്കാൻ ആയില്ല.. അതിന് മുൻപേ അലറിക്കരഞ്ഞുകൊണ്ട് അമ്മ ചിറ്റയുടെ കാലിൽ വീണിരുന്നു..

“എന്താ നീ ഈ കാണിക്കണേ ലക്ഷ്‌മി.. പ്രാന്താണോ നിനക്ക്?”

ചിറ്റ നിലത്തിരുന്നു അമ്മയെ കെട്ടിപിടിച്ചു…

“ദേവീ.. അവനെ കൊണ്ടുപോക്കോ നീ.. എന്റെ നെഞ്ച് ആണ് പറിച്ചു തരുന്നത്.. പക്ഷെ അവൻ വേണ്ട ഇനി ഇവിടെ.. ദുഷ്ടൻ ആണ് അവന്റെ അച്ഛൻ.. നാട്ടിൽ മുഴുവൻ അറിഞ്ഞു.. എന്റെ മോൻ ഒരിക്കലും അത് ചെയ്യില്ല ദേവീ.. അവനെ വളർത്തിയത് ഞാൻ ആണ്.. അവൻ ഒരു പെണ്ണിനോടും അത് ചെയ്യില്ല്യ.. അവനു അവളെ ഇഷ്ട്ടാ.. പക്ഷെ ഇനി ഈ നാട്ടിൽ അവൻ വേണ്ട ദേവീ.. എന്റെ കുഞ്ഞിനെ ആളുകൾ അതും ഇതും പറയുന്നത് ഈ അമ്മക്ക് സഹിക്കാൻ ആക്കില്യ.. നിക്ക് അറിയാം അവൻ പാവന്നു… കൈ വിടരുത് ദേവീ അവനെ.. ഈ അമ്മയെയും.. അവൻ എന്നെ വെറുത്തോട്ടെ.. ന്നാലും എന്റെ കുട്ടി സന്തോഷായി ജീവിച്ചാൽ മതി നിക്ക്…അവനെ കൊണ്ടോണം ദേവീ നിയ്യ്‌.. “

***

“ഇത്രയും പറഞ്ഞു അലറിക്കരയുന്ന ലക്ഷ്മിയെ ഞാൻ പരിഭ്രമിച്ചു നോക്കി… അപ്പോഴാണ് പത്തായപ്പുരയുടെ ജനാല വഴി പൊട്ടകിണറ്റിന്റെ തിട്ടയിൽ വലിഞ്ഞു കയറുന്ന നിന്നെ കണ്ടത്.. അപ്പോൾ വേറെയൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു മോനുട്ടാ… നിന്റെ അമ്മയെ ഇനിയും വെറുക്കരുത്..നിന്റെ അമ്മ പാവം ആണ്.. അവൾക്ക് വാക്ക് കൊടുത്തതാണ് ഇത് ഒരിക്കലും നിന്നോട് പറയില്ല എന്ന്.. പക്ഷെ ഇനിയും വയ്യ കുട്ടി.. അമ്മചിറ്റ അല്ലെ പറയുന്നത്? വെറുക്കരുത് ഇനിയും നിന്റെ അമ്മയെ.. “

അത്രയും അമ്മചിറ്റ കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് കരയുക എന്നല്ലാതെ വേറെ ഒന്നും മുൻപിൽ ഇല്ലായിരുന്നു.. കണ്ണിൽ നിന്നും വെള്ളം പുഴപോലെ ഒഴുകി…

അമ്മ.. അമ്മയപ്പോൾ എന്നെ ഇവിടുന്നു രക്ഷിച്ചതാണോ?
അമ്മക്ക് സത്യം അറിയാമായിരുന്നോ? ദൈവമേ.. എനിക്ക് ആകെ പ്രാന്ത് പിടിക്കുന്നത്പോലെ തോന്നി…

ഞാൻ വേഗം മുഖം കഴുകി വേഷം മാറി.. പുറത്തേക്ക് ഇറങ്ങി..

നേരെ മുൻപിൽ അമ്മ.. അമ്മ എന്നെ കണ്ടു ചീത്ത പറയും എന്ന് കരുതിയാകണം തിരിഞ്ഞു പോകാൻ നോക്കിയപ്പോൾ കാലു ഒന്ന് തെന്നി.. മലർന്നടിച്ചു വീഴാൻപോയ അമ്മയെ ഞാൻ തോളിൽ പിടിച്ചു നിർത്തി…

അമ്മ എന്നെ പരിഭ്രമിച്ചു നോക്കി…

“നോക്കി നടക്ക് അമ്മേ.. വീഴണ്ട ഇനി…”

അത് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.. നെഞ്ചിൽ കൈവച്ചു നിറഞ്ഞകണ്ണുകളുമായി നിൽക്കുന്ന അമ്മയെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.. കണ്ണ് നനഞ്ഞിരുന്നു..

ഒരു ഓട്ടോ വരുന്നുണ്ടായിരുന്നു.. അതിൽ കയറി ടൗണിൽ ആശുപത്രിയിൽ എത്തി..

“മാളു? കൈ മുറിച്ച?”

റിസപ്ഷനിൽ ചോദിച്ചു അകത്തേക്ക് നടന്നു.. ഓപ്പറേഷൻ തീയേറ്ററിൽ ആണ്.. അപ്പുവും കേശുവും അവളുടെ അമ്മയും അച്ഛനും അവിടെ നിന്നിരുന്നു..

എന്നെ കണ്ടതും എല്ലാവരും മുഖം മുഖം നോക്കി.. ഞാൻ മെല്ലെ അവിടെ ചാരി നിന്നു.. ഉള്ളിൽ ഒരു പ്രാർത്ഥനയുമായി..

റൂം തുറന്നു ഒരു നേഴ്സ് ഓടിവന്നു..

“ഉടനെ എബി നെഗറ്റീവ് രക്തം വേണം.. വിളിച്ചു പറഞ്ഞിട്ടുണ്ട് വരുമ്പോൾ അൽപനേരം ആകും പക്ഷെ അതിനു മുൻപേ ഒരു ബാഗ് രക്തം എങ്കിലും വേണം..

ആരെങ്കിലും ഉണ്ടോന്നു നോക്കു… കുട്ടിയുടെ നില വഷളാണ്..വേഗം നോക്കു.. ഞങ്ങളും നോക്കുന്നുണ്ട്…”

അവർ പരിഭ്രമത്തോടെ പറഞ്ഞപ്പോൾ അവളുടെ അച്ഛനും അമ്മയും കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു..

അപ്പു മുണ്ടു മടക്കി കുത്തി പുറത്തേക്ക് ഓടി.. ഞാൻ ഇടം കൈകൊണ്ടു ഓടുന്ന അവന്റെ വലത്തേ കയ്യിൽ പിടിച്ചു നിർത്തി..
അവൻ ഒന്ന് വട്ടം തിരിഞ്ഞുനിന്നു എന്നെ അല്പം ദേഷ്യത്തിൽ നോക്കി…

“വേറെ എവിടേം പോകണ്ട.. ഞാൻ എബി നെഗറ്റീവ് ആണ്.. എന്റെ എടുക്കാം..”

ഞാൻ മെല്ലെ പറഞ്ഞു… ഒരു നിമിഷം എല്ലാവരും നിശബ്ദർ ആയെങ്കിലും നേഴ്സ് എന്നെ വളരെ വേഗത്തിൽ തന്നെ ഒരു റൂമിൽ കയറ്റി രക്തം എടുക്കാൻ തുടങ്ങി..

കയ്യിൽ തന്ന റബ്ബർ ബോൾ ഞാൻ മെല്ലെ ഞെരിച്ചു.. കണ്ണടച്ച് കിടന്നു.. സത്യത്തിൽ.. ഈ ദേഷ്യം ഒക്കെ എന്തിനാണ്? എന്തിനായിരുന്നു? എനിക്ക് മറുപടി ഇല്ലായിരുന്നു..

മാളു.. അന്ന് അവൾ കണ്ടതാണ് ഞാൻ ഇന്ദുവിന്റെ പട്ടുബ്ലൗസ് വലിച്ചു കീറുന്നത്.. അടുത്തുവന്ന അവളോട് ഞാൻ മിണ്ടല്ലേ എന്നാണ് പറഞ്ഞത്..

പൊതുവെ എന്നെ എപ്പോൾ അടിക്കണം എന്ന് ചിന്തിച്ചു നടക്കുന്ന അച്ഛൻ.. അറിയില്ല അയാൾക്ക് എന്നോട് എന്തിനാ ഇത്ര ദേഷ്യം എന്ന്..
അയാൾ അതൊരു അവസരം ആയി കണ്ടിരിക്കാം.. അല്ലെങ്കിൽ ഞാൻ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് എന്ന് ഉറപ്പിച്ചിരിക്കാം..

അന്ന് ഇന്ദു അപസ്മാരത്തിന്റെ ലക്ഷണം ആണ് കാണിച്ചത്.. അത് അച്ഛൻ എന്നെ ചവിട്ടികൂട്ടുന്നത് കണ്ടിട്ട് ആകണം..

അവൾ എപ്പോൾ എണീറ്റു എന്നുപോലും അറിയില്ല. ഒന്ന് അറിയാം.. അവൾ കുറെ ദിവസം ആരോടും മിണ്ടിയില്ലായിരുന്നു.. ഉറക്കത്തിൽ എഴുന്നേറ്റ് നിലവിളിക്കുമായിരുന്നു.. ചിറ്റ പറഞ്ഞ അറിവ് ആണ്..

ബ്ലഡ് എടുത്തു.. ആരോടും ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.. മണിക്കൂറുകൾ.. ഇന്ദുവിനെ ഞാൻ കണ്ടില്ല.. കാണാൻ തോന്നിയില്ല.. എപ്പോഴോ അപ്പു അവളെയും മാളുവിന്റെ അമ്മയെയും വീട്ടിൽ വിട്ടിരുന്നു.. നേരം വെളുത്തു..

“മാളുവിന് ബോധം തെളിഞ്ഞിട്ടുണ്ട്.. ഇനി കുഴപ്പം ഒന്നുമില്ല.. ആരാ സച്ചു? അവനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു.. “

നേഴ്സ് വന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ നോക്കി.. ഞാൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. വാതില്ക്കലേക്ക് കണ്ണും നട്ട് കിടക്കുന്ന മാളു.. പണ്ടത്തെ മാളു അല്ല അവളിപ്പോൾ..
ഒത്ത ഒരു പെണ്ണ് ആണ്.. സുന്ദരി.. ആര് കണ്ടാലും നോക്കും..

“സച്ചൂട്ടാ.. ഞാൻ..”

അവൾ എന്നെ കണ്ടതും എണീക്കാൻ ശ്രമിച്ചു…

“അവിടെ കിടക്ക്‌ മാളു..”

ഞാൻ അവളെ അവിടെ പിടിച്ചു കിടത്തി.. ഏങ്ങൽ അടിച്ചുകരയുന്ന അവളെ ഞാൻ നോക്കി..

“ഞാൻ.. ഞാൻ.. എന്നോട്.. ക്ഷമിക്കണം ന്നു പോലും…”

ഞാൻ അവളുടെ വായ മൂടി…

“അതിനെപ്പറ്റി സംസാരം വേണ്ട മാളു.. കഴിഞ്ഞുപോയത് നമുക്ക് മറക്കാം.. എല്ലാം ആരോ എഴുതിവച്ചതുപോലെ അല്ലെ വരുക? ഇനി അബദ്ധം ഒന്നും കാണിക്കരുത്.. കേട്ടോ? ഞാൻ ഇവിടെ ഉണ്ട്.. മാളൂന്റെ സച്ചു….”

അത് പറഞ്ഞു അവളുടെ വിറയ്ക്കുന്ന കൈ കവർന്നപ്പോൾ അവൾ നന്നായി കരഞ്ഞു…
ഞാൻ മെല്ലെ അവളുടെ നെറ്റിയിൽ തടവി… മുടി ഒതുക്കിവച്ചു…

ആ കൂട്ടുകാരിയോട് ഞാൻ ക്ഷമിച്ചിരുന്നു… അവൾ മെല്ലെ മയക്കത്തിലേക്ക് പോയപ്പോഴും ഞാൻ അവിടെ ഇരുന്നു.. അവളെയും നോക്കി…. എന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചിരുന്നു.. കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടി അത് ഉറക്കത്തിലും ചേർത്ത് പിടിക്കുന്നതുപോലെ…

തുടരും…

 

No comments