Top Stories

പെയ്തൊഴിയാതെ ഭാഗം 4

 

പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ)







ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്..

കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്..

“കിടന്നോളു….”

“കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?”

അവൾ ചോദിച്ചപ്പോൾ എനിക്ക് എതിർത്തുപറയാൻ ആയില്ല.. ബെഡിൽ ഇരുന്നു.. കറുത്ത കണ്ണുകൾ ആണ് മാളുവിന്റെ ..

അവൾ എന്റെ കൈപിടിച്ച് നെഞ്ചോടു ചേർത്തുവച്ചു..

“സച്ചൂട്ടാ.. അന്ന്.. അവളുടെ അലറികരച്ചിൽ കേട്ടാണ് ഞാൻ വന്നത്.. കതക് തുറന്നപ്പോ നീ അവളുടെ തുണി വലിച്ചു കീറാ.. നിക്കത് കണ്ടപ്പോ നീയാവളെ കൊല്ലുംന്ന് പറഞ്ഞതാ ഓർമ വന്നേ.. നിക്ക് ആകെ ന്തോ പോലെ ആയിട്ടാ ഞാൻ… തെറ്റി.. നീ ന്റെ കാലു പിടിച്ചിട്ട് പോലും നിക്ക് തെറ്റി.. സമാധാനം ന്താ ന്നു അറിഞ്ഞിട്ടില്ല ഞാൻ.. നിന്റെ ഒരു വാക്കിന് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ.. അല്ലാച്ചാ.. എങ്ങനാ ദേവീ ഞാൻ… ന്റെ ജീവൻ വേണേലും തരാ ഞാൻ… അത്ര തെറ്റാ ഞാൻ ചെയ്തേ….”

എന്റെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ടു അത് പറഞ്ഞവളെ ഞാൻ നോക്കി.. ശരിയാണ്.. അവളെ തരം കിട്ടിയാൽ കൊല്ലും എന്ന് ഞാൻ മാളുവിനോട് പറഞ്ഞിരുന്നു..
ഒരു തരത്തിൽ എനിക്കും അതിൽ പങ്കുണ്ട്.. അവളെ വെറുത്തുകൊണ്ടിരുന്നവൻ എങ്ങനെ കുറച്ചു ദിവസംകൊണ്ട് അവളെ നെഞ്ചിൽ ഏറ്റും എന്ന് ആരും കരുതില്ലല്ലോ….
എന്റെയും കണ്ണ് നിറഞ്ഞു…

“ഡീ മാളു.. നീ അത് വിട്.. എന്റെ ജീവിതം ഇവിടെ നിന്ന് പോയതിൽ പിന്നെ ഹാപ്പി ആയിരുന്നു.. ഐ റിയലി എൻജോയ്‌ഡ്‌ മൈ ലൈഫ്.. നടക്കേണ്ടത് നടക്കും.. ആർക്കും തടയാൻ ആകില്ല.. ആൻഡ് ഐ ലവ് യു.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. പോരെ? ഇനി കരഞ്ഞാൽ നിന്നെ ഞാൻ എടുത്തു അമ്പലകുളത്തിൽ ഇടും പെണ്ണെ… “
അവസാന പറഞ്ഞു നിർത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആണ് ചിരിച്ചത്… ഞാനും ചിരിച്ചു..

“അവനെ ഒന്ന് വിടടീ… ഇങ്ങനെ പിടിച്ചു വെക്കാൻ അവൻ പെട്ടെന്ന് ഇങ്ങോട്ടും പോണില്ല്യ…”

അപ്പു റൂമിലെക്ക് വന്നു..

“നീ പോ… നിക്ക് ഇവനെ കാണണം കണ്ണ് നെറയെ…”

അവൾ എന്റെ കൈ പിടിച്ചു ചുംബിച്ചപ്പോൾ എന്റെ കണ്ണ് നനഞ്ഞു.. ഈ പെണ്ണിന് ഇത്ര സ്നേഹം ഉണ്ടായിരുന്നോ..

“ഓ ഞാൻ പോണു.. വലിയ കൂട്ടുകാർ…”

അവൻ ചുണ്ടുകോട്ടി പുറത്തേക്ക് പോയി..

“എന്താടീ അവന് നിന്നെ കാണുമ്പോ ഒരു വിറയൽ?”

ഞാൻ അവളോട് ചോദിച്ചു… അവൾ നാണിച്ചു കണ്ണടച്ച് കളഞ്ഞു..

“അപ്പൊ എന്തോ ഉണ്ട്‌ അല്ലെ?”

“മ്മ്മ്.. ന്നെ ഇഷ്ടാ.. ന്നെ അല്ലാതെ വേറെ പെണ്ണില്യ പറഞ്ഞു നടക്കാ.. ഞാൻ സച്ചു ന്നോട് മിണ്ടിയാൽ സമ്മതം പറയും ന്ന പറഞ്ഞെ….”

അവൾ നാണത്തോടെ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

“അപ്പൊ നിനക്കും ഇഷ്ടമാണ്.. അല്ലെ?”

“പോ…”

അവൾ അകെ നാണിച്ചു.. എന്നാലും എന്റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ടില്ല.

“സച്ചൂട്ടാ.. കണ്ടോ അവളെ?”

അവൾ എന്റെ കണ്ണിൽ നോക്കി…

“ഇല്ല.. “

ഞാൻ മെല്ലെ പറഞ്ഞു…

“കാത്തിരിക്കാ അവൾ.. അത്രക്ക് സ്നെഹാ അവൾക്ക്…വാക്ക് പറഞ്ഞിട്ടുണ്ട്ത്രെ മറക്കില്ല ന്നു.. “

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.. അപ്പോഴാണ് അമ്മ വന്നത്.. അമ്മ എന്നെ കണ്ടു ഒന്ന് പേടിച്ചതുപോലെ..

ഞാൻ എഴുന്നേറ്റ് നിന്നു.. അമ്മ ഒന്ന് ശങ്കിച്ച ശേഷം അകത്തേക്ക് വന്നു എന്നെയൊന്ന് നോക്കി അവളുടെ തലയിൽ തലോടി…

“ഇനി അബദ്ധം ഒന്നും കാണിക്കരുത് ട്ടോ ന്റെ കുട്ടി.. “

അവൾ മെല്ലെ തലയാട്ടി.. അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.. അവൾ ഒന്ന് മയങ്ങിയപ്പോൾ ഞാൻ പുറത്തേക്ക് നടന്നു.. അമ്മ എന്റെ ഒപ്പം വന്നു..

ഞാൻ അവരെ ഒന്ന് നോക്കി.. എന്നും സ്നേഹിച്ചിട്ടേ ഉള്ളു എന്നെ. തെറ്റുധാരണ ആയിരുന്നു.. ആ വല്ലാത്ത ക്ഷീണം മാറിയിരിക്കുന്നു.. എന്നെ കണ്ടതുകൊണ്ടാകാം..

“അമ്മക്ക്.. അമ്മക്ക് സുഖം അല്ലെ?”

ചോദിച്ചു.. രണ്ടും കൽപ്പിച്ചു.. അമ്മയുടെ കണ്ണ് നിറഞ്ഞു.. അതിശയം…

“സുഖം. അറിയില്ല കുട്ടി.. പതിമൂന്നു വർഷമായി ആ വാക്ക് ഓർത്തിട്ട് തന്നെ…”

അമ്മയുടെ മറുപടി കേട്ടപ്പോൾ എനിക്ക് നെഞ്ച് വേദനിച്ചു.. അത്ര സ്നേഹിച്ച എന്നെവിട്ടു കൊടുത്ത അമ്മ എത്ര അനുഭവിച്ചിട്ടുണ്ടാകും? ഒന്നും മിണ്ടാതെ നടന്നു..

ഉമ്മറത്ത് എത്തി..

“അതെ…?”

ഞാൻ അമ്മയെ വിളിച്ചു.. ആകാംഷയോടെ അമ്മ എന്നെയൊന്ന് നോക്കി..

“അമ്മേടെ കൈകൊണ്ട്..എനിക്ക്… ഊണ്.. തരാമോ…?”

ചോദ്യം കേട്ടതും അമ്മയെന്നെ കരഞ്ഞുകൊണ്ട് മുറുക്കെ കെട്ടിപിടിച്ചു… ഞാനും കരഞ്ഞിരുന്നു…

“ന്റെ കുട്ടി.. ജീവനോടെ ഉള്ളത് തന്നെ നിന്നെ ഓര്ത്താ.. “

കരഞ്ഞു രണ്ടുപേരും.. മെല്ലെ മിഴികൾ ഉയർത്തിയപ്പോൾ മുകളിൽ ജനാലയുടെ പുറകിൽ രണ്ടു നീലമിഴികൾ അതൊക്കെ നോക്കി നിന്നിരുന്നു…

അമ്മയെന്നെ കൈപിടിച്ച് അകത്തുകയറ്റി.. ഇരുത്തി അമ്മയുടെ കൈകൊണ്ട് തന്നെ തൂശനിലയിൽ ചോറ് വിളമ്പി.. ഞാൻ കറികൾ എല്ലാം കൂട്ടി ചോറ് വായിൽ വച്ചു..

കണ്ണ് നിറഞ്ഞു.. ഈ രുചി.. വർഷങ്ങൾ ആയി അറിഞ്ഞിട്ട്.. അമ്മയുടെ സ്നേഹം ചാലിച്ച ഭക്ഷണം.

“അമ്മ കഴിച്ചോ?”

ഞാൻ അമ്മയെ നോക്കി..

“ഒരിക്കലും നീയെന്നോട് ക്ഷമിക്കും ന്നു പോലും വിചാരിച്ചതല്ല.. ഈ ഭാഗ്യം വിശ്വസിക്കാൻ ആവുന്നില്ല ന്റെ മോനുട്ടാ…”

അത് പറഞ്ഞു കരച്ചിൽ ഒതുക്കി നിൽക്കുന്ന അമ്മയെ ഞാൻ ഒന്ന് നോക്കി.. കൈ പിടിച്ചു അടുത്തിരുത്തി.. ഒരു ഇലയിൽ ഒരു കൈകൊണ്ടു വിളമ്പി കൊടുത്തു..

പണ്ട് അടുക്കളപ്പടിയിൽ ഇരുന്നു ഒരു പാത്രത്തിൽ നിന്നും തിന്നുന്ന അമ്മയും മകനും മനസ്സിൽ വന്നു.. അധികം സംസാരിച്ചില്ല എങ്കിലും മനസ് നിറഞ്ഞിരുന്നു..

കഴിച്ചു കൈ കഴുകി മെല്ലെ ഇറങ്ങി..

“ഇനി ഇവടെ നിന്നൂടെ?”

അമ്മയുടെ സ്വരം… പ്രതീക്ഷയാണ് കണ്ണുകളിൽ..

“വരാം.. ബാഗ് എടുത്തു വരാം…”

ഒരു പുഞ്ചിരിയോടെ പറഞ്ഞു ഞാൻ പുറത്തെ പുരയിലേക്ക് നടന്നു..

ബാഗ് ഒരുക്കുന്നതിന് മുൻപേ കണ്ണാടി കണ്ടു.. ഒന്ന് ഷേവ് ചെയ്യണം.. ബനിയൻ അഴിച്ചു ജനാലയിൽ കണ്ണാടി വച്ചു.. ഒരു കപ്പിൽ വെള്ളം എടുത്തു ക്രീം പതപ്പിച്ചു ഷേവ് ചെയ്യാൻ തുടങ്ങി..

എന്തോ ഒരു നറുമണം റൂമിൽ എത്തി.. കണ്ണാടിയിലൂടെ ഞാൻ കണ്ടു..

ചുവന്ന കുപ്പിവളകൾ ഇട്ട കയ്യിന്റെ ഒരു ഭാഗം.. പിന്നെ മുടിയും.. അറ്റം ഇളം ബ്രൗൺ നിറത്തിൽ കിടക്കുന്ന മുടി.. അവൾ അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ്…

ഞാൻ അറിയാത്തത് പോലെ നിന്നു.. അവൾ ഒന്ന് എത്തിനോക്കി.. ചുവന്ന അധരങ്ങളുടെ ഒരു ഭാഗവും ഒരു കണ്ണും ഞാൻ കണ്ടു…

ആ നീലകണ്ണുകൾ എന്നും എന്റെ സ്വപ്നത്തിൽ ഉണ്ടായിരുന്നു.. ഞാൻ കപ്പ് അവിടെ വച്ചു.. മെല്ലെ പുറകോട്ട് ശബ്ദം ഇല്ലാതെ പോയതും ആ കയ്യിൽ പിടിച്ചു അകത്തേക്ക് ഒരു വലി വലിച്ചതും പെട്ടെന്ന് ആയിരുന്നു…

ഒരു പഞ്ഞിക്കെട്ട് പോലെ അവൾ വന്നു എന്റെ നെഞ്ചിൽ ഇടിച്ചു നിന്നു.. എന്റെ താടിയിലെ ഷേവിങ്ങ് ക്രീം അവളുടെ നെറ്റിയിൽ…

ആ പിടക്കുന്ന നീലമിഴികളിലേക്ക് ഞാൻ ഒന്ന് നോക്കി… അവളുടെ കൈ രണ്ടും പിടിച്ചു വച്ചു.. അവൾ ഒന്ന് പതറി.. എന്നാൽ ഗൗരവം വന്നു..

“എന്താ ഉദ്ദേശം?”

അവൾ പുരികം പൊക്കി എന്നെ ഒരു കൊച്ചു ഗൗരവത്തോടെ നോക്കി..

“പണ്ട് നടക്കാത്ത കാര്യം ഇന്ന് നടത്താം.. ഐ മീൻ റേപ്പ്‌.. എന്താ? ആരും തടയാൻ വരില്ല..”

ചിരി ഒതുക്കി ഞാൻ അവളോട് പറഞ്ഞു… അവൾക്ക് പൊട്ടിയ ചിരി അവൾ അതിവേഗം മറച്ചു..

“എന്നാൽ പിന്നെ.. വേഗം….. “

അവൾ എന്റെ കൈ കുതറിച്ചു ചെന്ന് കതകടച്ചു എന്റെ മുൻപിൽ വന്നു.. ഇവൾക്ക് ഇത്രക്ക് ധൈര്യമോ..

“ഇനി ചെയ്തോ…തുണി സച്ചു കീറുമോ അതോ ഞാൻ പൊക്കണോ?”

അവൾ എളിയിൽ കൈകുത്തി എന്നെ നോക്കി.. ചിതറിയ മുടി പുറകോട്ട് തട്ടി…

“ഒരു മാറ്റവും ഇല്ല അല്ലെ?”

ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി… അവൾ ഓടിവന്നു എന്റെ നെഞ്ചിൽ അമർന്നു…കുറുകികൊണ്ട് എന്നെ ഇറുക്കെ പിടിച്ചു… അവളുടെ നഖങ്ങൾ എന്റെ പുറത്ത് ഇറങ്ങി…

ഞാനും അവളെ പുണർന്നു… അവളുടെ സുഗന്ധം… സാമീപ്യം… മുടികെട്ടിന്റെ മണം.. അവൾ എങ്ങൽ അടിക്കുന്നുണ്ടായിരുന്നു… അങ്ങനെ നിന്നു.. കുറെ സമയം.. ഒന്നും മിണ്ടാതെ…

കതകിൽ ഒരു മുട്ട് കേട്ടപ്പോൾ ഞങ്ങൾ ഞെട്ടി അകന്നു.. എന്റെ നെഞ്ച് നനഞ്ഞിരുന്നു.. ഞാൻ വേഗം ബനിയൻ വലിച്ചിട്ടു.. ഷേവിങ്ങ് ക്രീം അവളുടെ മൂക്കിലും കണ്ണിന്റെ അരികത്തും ചെവിയിലുമൊക്കെ പറ്റി ഇരിക്കുന്നു..എനിക്ക്‌ ചിരി വന്നു..

“സച്ചൂട്ടാ.. “

അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി.. ഞാൻ അവളെപിടിച്ചു കതകിന്റെ അവിടെ ചാരി നിർത്തി വേഗം കതക് തുറന്നു.. അമ്മ വേഗം അകത്ത് കയറി.. തടയാൻ കഴിഞ്ഞില്ല..

“വരാന്ന് പറഞ്ഞിട്ട് നീ എന്താ….”

അമ്മ പെട്ടെന്ന് എന്തോ കണ്ടതുപോലെ തിരിഞ്ഞു നോക്കി.. ഭിത്തിയിൽ നാക്കും കടിച്ചു ഒരു കണ്ണടച്ച് നോക്കി നിൽക്കുന്ന കള്ളിയെ കണ്ടപ്പോൾ അമ്മ ചിരിച്ചു…

അതെനിക്ക് അതിശയം ഉണ്ടാക്കി.. ഞാൻ പകച്ചു അമ്മയെ നോക്കി..

“ഒഹ്ഹ്‌.. അപ്പൊ പതുക്കെ വന്നാൽ മതി.., അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞത് എന്റെ കള്ള കണ്ണനെ കാണാൻ ആയിരുന്നു അല്ലെടീ കള്ളി? ഞാൻ പോണു”

അമ്മയുടെ വർത്തമാനം കേട്ട് അവൾ ചിരിച്ചപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു.. അമ്മ ഇതെങ്ങനെ?

അമ്മ ഒരു ചിരിയോടെ സന്തോഷത്തിൽ പുറത്തേക്ക് പോയപ്പോൾ ഞാൻ അവളെ നോക്കി.. ചിരി നിന്നു.. കണ്ണിൽ വല്ലാത്തൊരു ഭാവം വന്നു..

“വാ…”

ഞാൻ അവളെ കൈപിടിച്ചു ബെഡിൽ ഇരുത്തി… മുടി മാടിയൊതുക്കി.. ഒരു തോർത്ത് എടുത്തു മുഖം തുടച്ചു..

“അമ്മക്ക്‌.. അറിയാം അല്ലെ?”

ഞാൻ അവളെ നോക്കി..

“എല്ലാം അറിയാം…”

അവൾ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞു.. ഞാൻ അവളെ ചേർത്തുപിടിച്ചു അങ്ങനെ ഇരുന്നു.. ഞങ്ങൾ സംസാരിച്ചില്ല എങ്കിലും ഹൃദയങ്ങൾ സംസാരിച്ചു.. പ്രേമത്തിന്റെ ഭാഷയിൽ…

***

എന്റെ പഴയ റൂമിൽ ആണ് അവൾ കിടന്നിരുന്നത്.. ഞാൻ ആ വീട്ടിലേക്ക് മാറി..

കുളകടവിലേക്ക് ജനാല തുറക്കുന്ന ഒരു മുറി എനിക്ക് വേണ്ടി ഒരുക്കിയിരുന്നു.. അതിന്റെ അപ്പുറത്തു ഇടനാഴി കഴിഞ്ഞാൽ അവളുടെ മുറി..

കുളപടവിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ രണ്ടുപേരും… ഓർമകളുടെ പടവുകൾ.. ഇവിടെ വച്ചാണ് ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്..

ഞാൻ അവളെയൊന്ന് നോക്കി.. എംബിബിഎസ്‌ കഴിഞ്ഞു വന്നിട്ടും തനി നാടൻ പെണ്ണ്.. കാതിൽ ജിമുക്കി.. അഴിഞ്ഞു കിടക്കുന്ന നീളൻ മുടികെട്ട്.. നീലകണ്ണുകൾക്ക് കാന്തികശക്തി കൂടിയതുപോലെ.. കയ്യിൽ നിറയെ ചുവന്ന കുപ്പിവളകൾ.. പാവാടയും ബ്ലൗസിലും നിറഞ്ഞ ശരീരസൗന്ദര്യം..

“ന്താ ഇങ്ങനെ നോക്കണേ?”

അവളുടെ ചോദ്യം എന്നെ ഉണർത്തി..

“നീ നാട്ടുമ്പുറംകാരി ആയി മാറി അല്ലെ? ഭാഷ വരെ മാറിയല്ലോ?”

അവൾ അത് കേട്ട് ചിരിച്ചു… എന്നോട് ചേർന്നിരുന്നു.. തല തോളിൽ വച്ചു.. തോൾ നനഞ്ഞപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് മനസിലായത്..

“എന്താടീ? ഞാൻ അറിയുന്ന ഇന്ദു കരയാറില്ലല്ലോ?”

“സച്ചൂട്ടാ.. ഇന്നും ന്റെ മനസ്സിൽ ഉണ്ട് ആ ദിവസം.. വിറക്കാ എന്നെ…”

അവൾ വിറയാർന്ന കൈകൾ കൊണ്ട് എന്നെ കെട്ടിപിടിച്ചു…

“അന്ന്.. അന്ന് നിനക്ക് എന്താ പറ്റിയത്? ഇവിടെ എന്തൊക്കെയാ നടന്നത്? അമ്മ എങ്ങനെ അറിഞ്ഞു ഇതൊക്കെ?”

അവൾ എന്റെ ചോദ്യം കേട്ട് എന്റെ കണ്ണിൽ നോക്കി….

***

ഇന്ദുവിന്റെ അലറിക്കരച്ചിലും അതിന് ശേഷം മാളുവിന്റെ നിലവിളിയും അച്ഛന്റെ അലർച്ചയും കേട്ടപ്പോൾ ആണ് വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരും ഓടി വന്നത്..

കണ്ടത് അച്ഛൻ കിടന്നു വിറയ്ക്കുന്ന ഇന്ദുവിനെ കയ്യിൽ എടുത്തുകൊണ്ടുവരുന്നതാണ്…

“പച്ച വെള്ളം കൊടുക്കരുത് ആ നാറിക്ക്….ദ്രോഹിക്കാരുന്നു ഈ കുട്ടിയെ.. “

അച്ഛൻ അലറുന്നതുപോലെ പറഞ്ഞു..

അത് കേട്ടപ്പോൾ ആരോ കതക് അടച്ചു കുറ്റിയിട്ടു.. കാര്യം മനസിലായപൊലെ..
ഇന്ദുവിനെ പട്ടു കുപ്പായം മുഴുവൻ കീറിയ നിലയിൽ ആയിരുന്നു.. സ്ത്രീകൾ വാ പൊത്തി അത് നോക്കി…

“താക്കോൽ കൊടുക്ക്….അപസ്മാരത്തിന്റെ ലക്ഷണാ…”

ആരോ പറഞ്ഞപ്പോൾ അവളെ ബെഡിൽ കിടത്തി താക്കോൽകൂട്ടം എടുത്തു അവളുടെ കയ്യിൽ പിടിപ്പിച്ചു…

“കണ്ടില്ലേ നിന്റെ പുന്നാരമോൻ ആ കുട്ടിയോട് ചെയ്തത്? ആരും കയറാത്ത മുറിയിൽ കൊണ്ടോയി നശിപ്പിക്കാനാ നോക്കിയേ… എനിക്ക് ഉണ്ടായതു തന്നെയാണോ അവൻ? ആണോഡീ??”

അച്ഛൻ അമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു ഞെരിച്ചു…

“എന്ത് പ്രാന്താണ് ഈ കാണിക്കുന്നത്??”

അമ്മാവന്മാർ പിടി വിടുവിച്ചു അച്ഛനെ പിടിച്ചുകൊണ്ടു പോയി… അമ്മ വാ പൊത്തി കരഞ്ഞുകൊണ്ട് നിലത്തിരുന്നപ്പോൾ ദേവിചിറ്റ അമ്മയെ താങ്ങി…

ഇന്ദു എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അവളെ ശക്തമായി പനിച്ചു.. നെറ്റിയിൽ തുണി നനച്ചിട്ട് എന്തോ മരുന്ന് കൊടുത്തു അവളെ മുകളിലേ നിലയിൽ ഒരു മുറിയിൽ കിടത്തി..

അമ്മയും ചിറ്റയും റൂം തുറന്നപ്പോൾ ഇറങ്ങി ഓടിയ സച്ചുവിനെ വലിച്ചു കൊണ്ടുവന്ന് വഴിയിൽ ഇട്ടു ചവുട്ടി മെതിക്കുന്നത് കണ്ടപ്പോൾ അമ്മ ബോധം മറഞ്ഞു നിലത്ത് വീണിരുന്നു..

അതിന് ശേഷം അമ്മ പറഞ്ഞ പ്രകാരം ദേവിചിറ്റ അവനെ ബോംബെയിലേക്ക് കൊണ്ടുപോയി…

ഇന്ദുവിന്റെ പനി മാറിയില്ല.. രാത്രി മുഴുവൻ നന്നായി പനിച്ചു.. അവസാനം ഡോക്ടറെ വിളിച്ചു..

“ആ കുട്ടിയുടെ ദേഹത്ത് എന്തോ കുത്തിയിട്ടുണ്ടല്ലോ? തേൾ അല്ല.. എട്ടുകാലിയോ പഴുതാരയോ ആണ്.. അതിന്റെയാണ് പനി…ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.. പിന്നെ മെന്റലി കുട്ടിക്ക് വല്ലാത്ത ഒരു ഷോക്ക് ആയിട്ടുണ്ട്.. ഒന്ന് ശ്രദ്ധിക്കണം…”

ഡോക്ടർ അത് പറഞ്ഞുപോയപ്പോൾ അച്ഛൻ അമ്മയെ പകച്ചു നോക്കി.. അവനെ നിലത്തിട്ട് ചവുട്ടിയപ്പോൾ അവൻ പഴുതാര എന്ന് പറഞ്ഞു കരഞ്ഞിരുന്നത് അയാൾക്ക് ഓർമവന്നു…

ഇന്ദുവിന്റെ പനി മാറി.. പക്ഷെ അവൾ ആരോടും മിണ്ടിയില്ല.. ആരെയും കാണാത്തപോലെ പുറത്തേക്ക് മാത്രം നോക്കി ഇരിക്കും.. അങ്ങനെ അവൾ ഒരു ആഴ്ച ഇരുന്നു..

അമ്മ അവളുടെ കൂടെ കിടന്നിരുന്നു.. ഒരു ദിവസം രാത്രി എല്ലാവരും എഴുന്നേറ്റത് അവളുടെ നിലവിളി കേട്ടാണ്..

“എന്നെ കുത്തി.. പാമ്പ്.. അമ്മേ… സച്ചൂട്ടാ….”

അവൾ അലറിക്കരഞ്ഞുകൊണ്ട് പിടച്ചു.. എല്ലാവരും ഓടിവന്നു.. ഒപ്പം കിടന്ന അമ്മ ഒന്ന് പകച്ചു.. എന്നാലും അവർ അവളെ പിടിച്ചു മുഖത്ത് തട്ടി..

“ഇന്ദു.. മോളെ.. ഇവിടെ ന്നും ഇല്ല കുട്ടി… മോളെ…”

അത് കേട്ടപ്പോൾ അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി..

“എനിക്ക് പേടിയാ അമ്മേ…”

അവൾ അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ ആണ് അച്ഛൻ റൂമിലേക്ക് വന്നത്.. അതോടെ അവൾ പേടിച്ചു ഉറക്കെ കരയാൻ തുടങ്ങി..

“ന്താ കുട്ടി ഇത്? അച്ഛനല്ലേ?”

അമ്മ അവളെ സമാധാനിപ്പിച്ചു..

“പേടിയാ.. എനിക്ക് പേടിയാ.. സച്ചൂട്ടനെ ചവിട്ടി കൊന്നത് ഞാൻ കണ്ടതാ.. എന്റെ സച്ചൂട്ടനെ കൊന്നു അയാൾ.. എനിക്ക് പേടിയാ അമ്മെ.. പോവ്വാൻ പറ.. എന്നെയും കൊല്ലും….”

അവൾ അമ്മയെ മുറുക്കെ പിടിച്ചു അലറിക്കരഞ്ഞു അത് പറഞ്ഞപ്പോൾ റൂമിൽ വന്നവർ ഒക്കെ ഒന്ന് ഞെട്ടി…

അച്ഛൻ നെഞ്ചും പൊത്തിപിടിച്ചു നിശബ്ദമായി നിന്നു.. അതിന് ശേഷം മെല്ലെ പുറത്തേക്ക് പോയി.. അതിന് ശേഷം അവൾ വീണ്ടും മിണ്ടാതെ ആയി… അമ്മ ആയിരുന്നു അവളുടെ ഏക ആശ്രയം..
സച്ചു മരിച്ചിട്ടില്ല എന്നും ദേവിചിറ്റ അവനെ കൊണ്ടുപോയി എന്നും പറഞ്ഞപ്പോൾ അവൾ കുറെ കരഞ്ഞു…

അന്ന് നടന്നത് എന്താണെന്നു ചോദിക്കാൻ അമ്മയെ ഏൽപ്പിച്ചു എല്ലാവരും മുറിയുടെ പുറത്ത് നിന്നു..

“മോളെ.. നിന്നെ എവിടുന്നാ പഴുതാര കുത്തിയത്? നിന്റെ നെഞ്ചിലും ഇടുപ്പിലും പഴുതാര കുത്തിയിരുന്നു.. അത് പാമ്പ് അല്ലാട്ടോ.. “

അമ്മ അവളുടെ തലയിൽ തലോടികൊണ്ടു ആണ് ചോദിച്ചത്..

“അന്ന്.. ഒളിച്ചു കാളിച്ചതാ അമ്മേ.. മുകളിൽ നിന്നും അത് ഞങ്ങടെ ദേഹത്തേക്ക് വീണു.. എന്റെ ദേഹത്ത് രണ്ടെണ്ണം കയറിയപ്പോൾ ഞാനാ സച്ചൂട്ടനോട് എന്റെ കുപ്പായം അഴിക്കാൻ പറഞ്ഞെ.. അതെന്നെ കടിച്ചു… സച്ചൂട്ടൻ എന്റെ തുണി കീറിയാ അതിനെ എടുത്തേ.. മാളു വന്നതും അയാൾ വന്നു എന്റെ സച്ചൂട്ടനെ ഒത്തിരി അടിച്ചു അമ്മെ.. നെഞ്ചിൽ ഒക്കെ ചവുട്ടി.. വേറെ ഒന്നും എനിക്ക് ഓർമ ഇല്ല അമ്മേ.. ദുഷ്ടനാ അയാൾ.. എന്നെയും ചവിട്ടും.. എനിക്ക് പോണം അമ്മേ.. എനിക്ക് പേടിയാ….”

അവൾ പറഞ്ഞു.. അമ്മയെ കെട്ടിപിടിച്ചു കിടന്നു കരഞ്ഞു.. റൂമിന് പുറത്ത് നിന്ന എല്ലാവരുടെയും തല കുനിഞ്ഞു.. ചെയ്ത തെറ്റ്… അതിൽ എല്ലാവരും പങ്കാളികളും ആണ്..

തെറ്റ് മനസിലാക്കി അച്ഛൻ ബോംബയ്ക്ക് വിളിച്ചു.. അവനെ കൊണ്ടുവന്നാൽ അവളുടെ പിണക്കം മാറ്റം എന്നും ചെയ്ത തെറ്റിന് മകനോട് മാപ് പറയാനും വേണ്ടി.. പക്ഷെ അയാളുടെ പേര് കേൾക്കുമ്പോൾ സച്ചു വിറക്കുകയാണ്.. അയാൾ എന്നെ കൊല്ലും എന്ന് അവനും പറഞ്ഞു എന്ന് ദേവിചിറ്റ ആണ് അച്ഛനോട് പറഞ്ഞത്…

അച്ഛൻ നേരെ ഇന്ദുവിന്റെ മുറിയിലേക്ക് ചെന്നു.. അയാളെ കണ്ടതും അവൾ പേടിച്ചുകരയാൻ തുടങ്ങി..

“ന്നെയും കൂടെ കൊല്ല്.. ഇതുവരെ അവനോട് സ്നേഹത്തോടെ ഒരു വാക്ക് മിണ്ടിട്ടുണ്ടോ നിങ്ങൾ? ഇല്ല്യ.. ന്നിട്ട് അടിക്കാൻ നടക്കാണു.. അച്ഛൻ ആത്രേ.. വെറുപ്പാണ് നിക്ക് നിങ്ങളെ.. “

അമ്മ കരഞ്ഞുകൊണ്ട് അച്ഛനോട് അത് പറഞ്ഞപ്പോൾ അയാൾ തല കുനിച്ചു..

“ലക്ഷ്മി..ഞാൻ..മാപ്പ്..”

അതെ പറഞ്ഞുള്ളു.. പിന്നെ ചാരുകസേരയിൽ കിടന്ന കിടപ്പിൽ അച്ഛൻ എണീറ്റില്ല… കുറെ ദിവസം നെഞ്ച് വേദന ഉണ്ടായിരുന്നു.. റൂമിൽ നിന്നും പുറത്തു ഇറങ്ങാതെ കഴിച്ചു കൂട്ടി.. സച്ചു അമേരിക്കയിൽ എത്തി എന്നും കൂടെ കേട്ടപ്പോൾ ആ തകർച്ച പൂർണം ആയി..

അമ്മ കരഞ്ഞില്ല… ഒരു തുളളി കണ്ണുനീർ പോലും അയാൾക്ക് വേണ്ടി അമ്മക്ക് കൊടുക്കാൻ ഇല്ലായിരുന്നു.. മകൻ ഇല്ലാത്തത് കൊണ്ട് വേറെ ആരോ കർമങ്ങൾ ചെയ്തു..

അമ്മ ഇന്ദുവിനെ വളർത്തി.. പണത്തിന് ഒരു കുറവും ഇല്ലാത്ത വീട് ആയിരുന്നു അത്.. അമ്മക്ക് അറിയാമായിരുന്നു ഇന്ദു അച്ഛന്റെ മകൾ അല്ല എന്ന്.. അതുകൊണ്ടാണ് അവളെ മകൾ ആയി അംഗീകരിച്ചത്..
അവളുടെ ഇഷ്ടവും അമ്മക്ക് മാനസിലായിരുന്നു.. വർഷങ്ങൾ കൊഴിഞ്ഞു വീണു…

മകൻ ഇനിയൊരിക്കലും തിരിച്ചു വരില്ല എന്ന് തോന്നിയതുകൊണ്ടാണ് അമ്മ കത്തുകൾ അയച്ചത്..

***

“നീയെന്താ എന്നെ ഒരിക്കലും വിളിക്കാതെ ഇരുന്നത്?”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ മടിയിൽ തല വച്ച് കിടക്കുന്ന അവളോട് ചോദിച്ചു..

“എന്നെങ്കിലും വരും എന്നെനിക്ക് ഉറപ്പായിരുന്നു.. എന്റെ പ്രേമം അത്രക്ക് ശക്തം ആണ്…”

അവൾ കണ്ണുകളിൽ നോക്കിയാണ് പറഞ്ഞത്..

“നീ മനസ്സിൽ ഉണ്ടായിരുന്നു.. പക്ഷെ നീയും എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയില്ലല്ലോ.. അന്ന് നീയെന്നെ റേപ്പ്‌ ചെയ്യാൻ നോക്കിയില്ലേ എന്നെങ്ങാനും നീ ചോദിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു…”

അത് കേട്ടപ്പോൾ അവൾ ചിരിച്ചു…

“നനഞ്ഞു കുതിർന്ന് പകുതി ബോധം പോയി കിടന്നപ്പോൾ പോലും എന്റെ തുണി പിടിച്ചു നേരെ ഇട്ടയാൾ എന്നെ റേപ്പ്‌ പോയിട്ട് ഐ ലവ് യു പറയും എന്ന് പോലും എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു…”

അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് മറുപടി തന്നപ്പോൾ ഞാനും ചിരിച്ചു…

“നീ എന്തിനാണ് എന്നെ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നത്? ഒരു പരിചയവും ഇല്ലാതെ?”

ആ ചോദ്യം കേട്ട് അവൾ എണീറ്റു.. മെല്ലെ നടന്നു പടവുകൾ ഇറങ്ങി..
പാവാട പൊക്കി പിടിച്ചു അല്പം വെള്ളത്തിൽ ഇറങ്ങി ഒരു ആമ്പൽ പറിച്ചെടുത്തു.. അതിനെ ഒന്ന് മണത്തുനോക്കി.. കയറി വന്നു.. എന്റെ മുൻപിൽ നിന്നു..

“അന്ന് ഈ വീട്ടിൽ വരുമ്പോൾ പേടി ആയിരുന്നു.. കാറിൽ ഇരുന്നു ആദ്യം കണ്ടത് അച്ഛൻ വന്നു അമ്മേ എന്ന് വിളിച്ചുകൂവി ഓടി വന്ന ചെറുക്കനെ ആണ്… പക്ഷെ ആൾ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്നെ പിടിച്ചു ഇറക്കി.. അന്ന് ആ കൊച്ചു ചെറുക്കന്റെ നെഞ്ചിന്റെ വേദന എനിക്ക് വളരെ എളുപ്പത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു.. അന്ന് തീരുമാനിച്ചു.. ആ ചെറുക്കനെ എനിക്ക് വേണം എന്ന്.. അവന്റെ കണ്ണിലെ കണ്ണുനീർ നിലത്തു വീഴാൻ കാരണമായ ഞാൻ.. ഈ ഇന്ദു.. അവനെ സ്നേഹിച്ചു സ്നേഹിച്ചു.. എത്രത്തോളം സ്നേഹിക്കാമോ അത്രയും സ്നേഹിക്കും എന്ന് ഉറപ്പിച്ചിരുന്നു… “

അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞ കാര്യം കേട്ട് ഞാൻ ഒരു നിമിഷം നിശബ്ദൻ ആയി ഇരുന്നു..

“ആ ചെറുക്കൻ.. എന്റെ സച്ചൂട്ടൻ.. ഒരിക്കൽ നഷ്ടപ്പെട്ടു പോയി എങ്കിലും ഇതാ ന്റെ മുൻപിൽ വീണ്ടും.. ഇനി.. ഇനി എങ്കിലും.. വിൽ യു ബി മൈൻ ഫോർഎവർ?”

അവൾ മുട്ടുകുത്തി എന്റെ അടുത്തിരുന്നു ആമ്പൽ പൂവ് എന്റെ നേരെ നീട്ടി… കണ്ണിൽ പ്രതീക്ഷയാണ്.. സ്നേഹവും… പ്രണയവും..

ഞാൻ അത് വാങ്ങി… പൂവിന് ഒരു ഉമ്മകൊടുത്തു… അവളെ നോക്കി..

“യെസ്‌.. ബട്ട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. അമേരിക്കയിലെ എന്റെ ഒരു കൂട്ടുകാരി ഉണ്ട്.. അലക്സി.. അവൾ ആയിരുന്നു എന്നെ കൈപിടിച്ച് കരകയറ്റിയവൾ.. പ്രണയത്തിൽ അല്ല..
എന്നും കൂട്ടുകാർ ആയിരിക്കും എന്ന് വാക്ക് പറഞ്ഞതും ആണ്.. പക്ഷെ ഐ ഹാഡ് ഫിസിക്കൽ റിലേഷൻഷിപ് വിത്ത് ഹെർ… ഇനി ഉണ്ടാകില്ല.. അവളോട് ഞാൻ പറഞ്ഞിട്ടാണ് വന്നത്.. ഇത് നീ അറിയണം എന്ന് എനിക്ക് തോന്നി…”

ഞാൻ തുറന്നു പറഞ്ഞു ഒരു ദീർഘ നിശ്വാസം എടുത്തു.. അവൾ തല താഴ്ത്തി.. കണ്ണിൽ നിന്നും നീർതുള്ളികൾ വീണപ്പോൾ എനിക്ക് ഹൃദയം നൊന്തു..

അവൾ പെട്ടെന്ന് മുഖം ഉയർത്തിയപ്പോൾ ഞാൻ ഒന്ന് പതറി.. കത്തുന്ന കണ്ണുകൾ.. അവൾ എന്റെ ബനിയൻ മുറുക്കെ പിടിച്ചു എന്നെ വലിച്ചു…

“നീ എന്റെയാണ്.. എന്റെ മാത്രം.. ഇനി വേറെ ഒരു പെണ്ണ് ഉണ്ടാകാൻ പാടില്ല.. കൊല്ലും ഞാൻ എല്ലാത്തിനെയും.. ആൻഡ് ഐ വിൽ കിൽ മൈസെൽഫ്.. സമ്മതിക്ക് ഇനി ഒരു പെണ്ണും ഉണ്ടാകില്ല ന്നു.. കൈ വച്ച് പറ ന്റെ തലയിൽ…”

ഇതുവരെ കാണാത്ത ഇന്ദുവിന്റെ മുഖം.. ഞാൻ സത്യത്തിൽ ഒന്ന് പേടിച്ചു… അവളുടെ കണ്ണിൽ നോക്കാൻ വയ്യാത്ത അവസ്ഥ… വിറച്ചു എന്നെ..

ഞാൻ ഒന്ന് പതറിയത് കൊണ്ട് തന്നെ എനിക്ക് പെട്ടെന്ന് എന്താ ചെയ്യേണ്ടത് എന്ന് മനസ്സിൽ വന്നില്ല… ഒന്നും മിണ്ടാനും കഴിഞ്ഞില്ല..

“സത്യം ചെയ്യില്ല ല്ലേ?”

അലറിക്കൊണ്ട് അവൾ ചാടി എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു ആഞ്ഞു ഒരു വലി വലിച്ചു എന്നെ വെള്ളത്തിലേക്ക് ഇട്ടു…

പ്രതീക്ഷിച്ച കാര്യം അല്ല.. തലയും കുത്തി വെള്ളത്തിൽ വീണ ഞാൻ കുറച്ചു വെള്ളം കുടിച്ചു.. ഒരു വിധത്തിൽ പൊങ്ങി വന്നപ്പോൾ പടികൾ കയറി ഓടുന്ന അവളെയാണ് കണ്ടത്..

“ഛേ….”

ഞാൻ വെള്ളത്തിൽ ആഞ്ഞു അടിച്ചു അരിശം തീർത്തു.. പാവം.. വല്ലാതെ വേദനിച്ചിട്ടുണ്ടാകും.. ഞാൻ കയറി പടിയിൽ ഇരുന്നു..

“ഐ വിൽ കിൽ മൈസെല്ഫ്…”

അവളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങിയതും ഞാൻ എഴുന്നേറ്റ് ഓടി.. വീട്ടിൽ കയറിയപ്പോൾ അമ്മ കോവണിക്ക് താഴെ നിന്ന് അവളെ വിളിക്കുന്നു..

“ന്ത അവൾക്ക് പറ്റിയെ? കരഞ്ഞു ഓടിയതാ കുട്ടി… മോനുട്ടൻ എന്താ നനഞ്ഞേ? അവളെ വഴക്ക് പറഞ്ഞോ നീയ്യ്‌?”

അമ്മയുടെ ചോദ്യം ശ്രദ്ധിക്കാതെ ഞാൻ മുകളിലേക്ക് ഓടി…

“എന്താ ഈ കുട്ടികൾ ഇങ്ങനെ ദേവീ..”

അമ്മയുടെ ആന്തൽ താഴെ നിന്നും കേട്ടു.. ഞാൻ ഓടി അവളുടെ വാതിൽക്കൽ എത്തി.. തള്ളി നോക്കി.. വാതിൽ അടച്ചിരിക്കുന്നു..

ഇന്ദു വാതിൽ തുറന്നെ?”

ഞാൻ ആഞ്ഞു തട്ടി.. അനക്കം ഇല്ല.. പുറകോട്ട് നീങ്ങി ചാടി ചവുട്ടാൻ ആഞ്ഞു.. മുൻപോട്ട് കുതിച്ചപ്പോൾ ആണ് അവൾ കതക് തുറന്നത്..
എന്തോ ഭാഗ്യം.. എനിക്ക് പെട്ടെന്ന് നിൽക്കാൻ കഴിഞ്ഞു.. അവൾ ഒന്ന് പതറി..

“ഞാൻ ചാവാനൊന്നും പോണില്യ… എന്താ ഇപ്പൊ വേണ്ടേ?”

മുഖത്ത് ഇതുവരെ കാണാത്ത ഭാവം..

“ആം സോറി.. പെട്ടെന്ന് നിന്റെ ഭാവം കണ്ടപ്പോൾ തലയിൽ കൈവച്ചു സത്യം ചെയ്യാൻ പറ്റിയില്ല.. ഐ വിൽ ടു ദാറ്റ് നൗ…”

ഞാൻ കൈ നീട്ടിയപ്പോൾ അവളെന്റെ കൈ തട്ടിക്കളഞ്ഞു.. ഞാൻ പകച്ചു നോക്കി അവളെ..

“എന്നെ തൊടണ്ട.. ആരും എനിക്ക്‌ വേണ്ടി സത്യവും ചെയ്യേണ്ട… അല്ലെങ്കിലും എനിക്കൊക്കെ എന്ത് വില? കാത്തിരുന്നത് മിച്ചം.. പോയ് കെട്ടിക്കോ അമേരിക്കക്കാരിയെയോ ആഫ്രിക്കക്കാരിയെയോ ഒക്കെ.. “

അവൾ അതും പറഞ്ഞു കതക് ശക്തിയിൽ അടച്ചു.. എനിക്ക് ആകെ സങ്കടം തോന്നി.. ഛെ..

റൂമിലേക്ക് പോയി വേഷം മാറി.. തല തുവർത്തി.. കതകിൽ മുട്ടുകേട്ടപ്പോൾ ഓടിച്ചെന്നു തുറന്നു.. അവൾ ആകും എന്ന് കരുതി..

അല്ല പാറു ആണ്..

“ഡാ നീയാവളെ കരയിച്ചുല്ലേ? പാവല്ലേ അവൾ? ന്താ സച്ചൂട്ടാ ഇത്?”

അവൾ ചായ നീട്ടിക്കൊണ്ടു പറഞ്ഞു..

“അവൾ കരയുകയാണോ?”

“മ്മ്മ്.. അവിടെ കിടക്കുണ്ട്.. പാവാ.. വെറും പാവം…വേഗം ഇണക്കിക്കോ.. പെണ്ണിന് വാശി കയറിയാ പിന്നെ പറ്റില്യട്ടോ..”

അവൾ പോയപ്പോൾ എനിക്ക് സങ്കടം തോന്നി.. ഇപ്പോൾ പറയണ്ടായിരുന്നു.. ഞാൻ മെല്ലെ റൂമിൽ ചെന്ന് നോക്കി.. ഇല്ല അവിടെ ഇല്ല..

അല്പം കഴിഞ്ഞു താഴേക്ക് ചെന്നു..

“നീ അവളെ വഴക്ക് പറഞ്ഞോ സച്ചൂട്ടാ? ആകെ സങ്കടത്തിലാ പെണ്ണ്.. വാശി കൂടുതലാ അവക്ക്…”

അമ്മ ഉമ്മറത്തെ തൂണിൽ ചാരി ഇരുന്നു പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ തലവച്ചു കിടന്നു.. അമ്മ സ്നേഹത്തോടെ മുടിയിൽ തലോടി..

“ആഹാ അമ്മ മകനെ കൊഞ്ചിക്ക?”

പാറു വന്നപ്പോൾ അമ്മ ചിരിച്ചു.. വിഷമത്തോടെ എന്റെ നെറ്റിയിൽ തലോടി.

ഇന്ദു സാരിയുടുത്തു ഉമ്മറത്തേക്ക് വന്നപ്പോൾ ഞാൻ തലപൊക്കി നോക്കി.. നീല സാരി.. ജിമുക്കിയും കയ്യിൽ വളകളും. അഴിച്ചിട്ട മുടി.. അവളെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു മിന്നൽ.. എന്തൊരു ഭംഗിയാണ് ഇവൾക്ക്..

എന്നാൽ അവളെന്നെ ഒന്ന് നോക്കിയത് കൂടെ ഇല്ല..

“അമ്പലത്തീ പോണു അമ്മേ…”

അവൾ പാറുവിന്റെ കൈപിടിച്ച് പുറത്തേക്ക് പോയപ്പോൾ എനിക്ക് നൊന്തു..

“ന്താ പ്പോ ഉണ്ടായേ? അവൾക്ക് ദെഷ്യാണല്ലോ കുട്ടിയോട്?”

അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ഒന്നും മിണ്ടിയില്ല.. അമ്മയുടെ മടിയിൽ കിടന്നു മെല്ലെയൊന്നു മയങ്ങി..

“ദീപം വെക്കാനായി.. ഇതമേരിക്ക ഒന്നുമല്ല.. സന്ധ്യക്ക് കിടക്കാൻ പറ്റില്യ..“

വലിയ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. മുൻപിൽ കുറച്ചു മാറി ഒരു ചൂലും ആയി ഇന്ദു.. ഞാൻ ഇപ്പോഴും അമ്മയുടെ മടിയിൽ ആണ്..

“എന്താ കുട്ടി നെനക്ക്‌ പറ്റിയെ? ന്ത അവനുമായി?”

അമ്മ അതിശയത്തോടെ ഞങ്ങളെ നോക്കി.. ഞാൻ എണീറ്റ് ഇരുന്നു.. അവൾ എനിക്ക് മുഖം തരുന്നതേ ഇല്ല.. നല്ല ദേഷ്യത്തിൽ ആണ്.. ചന്ദനം തൊട്ടിട്ടുണ്ട്. ദേഷ്യം വരുമ്പോൾ എന്തൊരു ഭംഗിയാണ് പെണ്ണിന്…

അവൾ എന്തൊക്കെയോ പിറുപിറുത്തു അടിച്ചുവാരാൻ തുടങ്ങി.. ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് റൂമിൽ പോയി..

അവളെ എങ്ങനെ ഒന്ന് സമാധാനപ്പെടുത്തി എടുക്കും എന്ന് ആലോചിച്ചു.. ഈ നാടൻ പെണ്ണിന്റെ വീക്നെസ് എന്താണാവോ.. അമേരിക്കൻ പെണ്ണ് ആണെങ്കിൽ ഒരു സോറിയിൽ ഒതുങ്ങും..

എന്തൊക്കെയോ ആലോചിച്ചു വീണ്ടും ഉറങ്ങി.. എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 7:30. ചാടി എഴുന്നേറ്റ് തോർത്തും എടുത്തു താഴേക്ക് ചെന്നു..

വേഗം കുളത്തിലേക്ക്.. തോർത്ത് മാത്രം ഉടുത്തു ഇരുട്ടിൽ കിടക്കുന്ന കുളത്തിൽ ഒന്ന് ഇറങ്ങി.. നല്ല സുഖം.. മെല്ലെ ഒന്ന് നീന്തി..

“സച്ചു…?”

വിളികേട്ടു തിരിഞ്ഞു.. മാളു ആണ്… അവളെ കണ്ടതും ഞാൻ തുഴഞ്ഞു പടവിൽ എത്തി..

“എന്തിനാ വന്നത്? പെണ്ണെ നിനക്ക് ബെഡ്റസ്റ്റ് അല്ലെ കുറച്ചു ദിവസം?”

“ഒന്ന് വന്നോ അങ്ങട്? ന്നോട് ഇപ്പോഴും ദെഷ്യാ ല്ലേ?”

അവൾ പരാതി പറയാൻ തുടങ്ങി..

“എന്റെ പെണ്ണെ ഒരു ദേഷ്യവും ഇല്ല.. നീയെന്താ ഇങ്ങനെ ഒരു തൊട്ടാവാടി ആയത്…?”

“അതെ.. കണ്ട അമേരിക്കയിലോ ഒക്കെ പോയി വന്ന ആണുങ്ങൾ ആണ്.. ഈ സമയത്ത് അവരുടെ മുൻപിലൊക്കെ പോയാലുണ്ടല്ലോ.. മാളു നീ ഇങ്ങട് വന്നേ….”

ഈ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി നോക്കി.. ഇന്ദു.. ഞാൻ വാ പൊളിച്ചു..

“ഇന്ദു.. ന്താപ്പോ നിനക്ക്?”

മാളു അല്പം ദേഷ്യത്തിൽ ചോദിച്ചു.. അതോടെ അവൾ മുഖം കുത്തിവീർപ്പിച്ചു അവിടെ നിന്നും പോയി..

“ന്താ ഈ പെണ്ണിന്? കാത്തിരിക്കാരുന്നു സച്ചുനെ.. ണിട്ട്‌ ഇപ്പൊ ന്താ പറ്റിയെ?”

അവൾ വാ പൊളിച്ചു എന്നോട് ചോദിച്ചു.. ഞാൻ വേഗം വേഷം മാറി തല തോർത്തി.. മുകളിലെ ഒരു പടവിൽ ഇരുന്നു.. മാളുവും ഒപ്പം ഇരുന്നു.. അവളോട് ഞാൻ പറഞ്ഞു നടന്ന കാര്യങ്ങൾ ഒക്കെ..

“ന്റെ ദേവീ.. ആ പെണ്ണിന് വല്ലാത്ത വാശിയാ.. നിപ്പോ ന്താ ചെയ്യാ? ന്തിനാ നീ അവളോടൊക്കെ പറയാൻ പോയെ?”

മാളു എന്നെ ചീത്തപറഞ്ഞു..

“ഡീ എല്ലാം തുറന്നു പറയണമല്ലോ എന്ന് കരുതി ആണ്.. “

“നിക്ക് അറിയില്ല… ഞാൻ പോണു.. അമ്മ അനേഷിക്കും… നോക്കാലോ വഴിയുണ്ടോ ന്നു?”

അവൾ പോയപ്പോൾ ഞാൻ അവിടെ ഇരുന്നു.. ഞാൻ ഒന്ന് ആലോചിച്ചു.. ഇവിടെ വരുന്നതിന് മുൻപേ എന്റെ സ്വഭാവം വളരെ മോശം ആയിരുന്നു.. മോശം എന്ന് വച്ചാൽ ഒരു ടിപ്പിക്കൽ അമേരിക്കൻ സ്വഭാവം..

ഇപ്പോഴോ? സ്നേഹബന്ധങ്ങളിൽ വീണ്ടും കുടുങ്ങി.. നഷ്ടപ്പെട്ടുപോയ ചിലത് തിരിച്ചുകിട്ടിയപ്പോൾ വല്ലാതെ സെന്റിമെന്റൽ ആകുന്നു…

ഞാൻ എഴുന്നേറ്റ് വീട്ടിലേക്ക് ചെന്നു.. അമ്മ അടുക്കളയിൽ എവിടെയോ ആണ്.. ഞാൻ അങ്ങോട്ട് ചെന്നു..

തേങ്ങാ ചിരകുന്ന ഇന്ദു എന്നെ കണ്ടതും തല താഴ്ത്തി വേഗത്തിൽ ചെയ്യാൻ തുടങ്ങി..

“ഇന്ദു.. എനിക്ക് സംസാരിക്കാൻ ഉണ്ട്….”

ഞാൻ അല്പം ഒച്ചയിൽ പറഞ്ഞു.. അവൾ ഒരു നിമിഷം എന്നെ നോക്കി.. അമ്മ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്നപോലെ അടുപ്പത്തെ എന്തോ ഇളക്കിക്കൊണ്ടിരുന്നു.. പാറു എന്തോ അരിഞ്ഞുകൊണ്ട് നിൽക്കുന്നു..

“എന്താ? നിക്ക് പണിയുണ്ട്…”

അവൾ തേങ്ങാ ചിരകൽ തുടർന്നു..

“വാടീ ഇവിടെ….”

ഞാൻ അവളുടെ കയ്യിൽ പിടിച്ചു പൂച്ചയെ തൂക്കി എടുക്കുമ്പോലെ എടുത്തു വലിച്ചു ഉമ്മറത്തുകൊണ്ടുവന്നു…

“എന്താ ഇത്? കൈ ഒടിക്കോ?”

അവൾ എന്നോട് ദേഷ്യപ്പെട്ടപ്പോൾ ഞാൻ അവളുടെ തോളിൽ പിടിച്ചു..

“സോറി.. എല്ലാം നീ അറിഞ്ഞിരിക്കണം എന്ന് തോന്നി.. മറച്ചു വച്ചില്ലല്ലോ? പിന്നെന്താ? ഇനി ഉണ്ടാവില്ല….”

“കഴിഞ്ഞോ?”

“എന്ത്?”

“നാടകം…”

“ഇന്ദു ഞാൻ….., “

“മിണ്ടണ്ട.. തലയിൽ കൈവച്ചു സത്യം ചെയ്യാൻ പറഞ്ഞപ്പോൾ കണ്ടതാ ഞാൻ.. എല്ലാം മനസിലായി നിക്ക്.. ഞാൻ പൊട്ടി.. വെറും പൊട്ടി.. പൊക്കോ അമേരിക്കക്ക്…ന്നോട് മിണ്ടണ്ട.. ഞാൻ കാര്യമായാ പറയണേ…”

അവൾ അകത്തേക്ക് ചാടിത്തുള്ളി പോയപ്പോൾ ആണ് കാര്യം അവൾ ഇത്രക്ക് സീരിയസ് ആക്കിയിരുന്നു എനിക്കും മനസിലായത്..

“ഫക്ക്…!!!”

പറഞ്ഞത് അല്പം ഉച്ചത്തിൽ ആയിരുന്നു… ഇനിയെന്ത് ചെയ്തു അവളെ നേരെയാക്കും എന്നെനിക്ക് അറിയില്ലായിരുന്നു..

രാത്രി ഭക്ഷണം കഴിച്ചപ്പോൾ അവൾ വന്നില്ല.. പിന്നെ കഴിച്ചോളാം എന്നുപറഞ്ഞു. ആകെ നിരാശതോന്നി.. ആർക്കും ഒന്നും പറയാനില്ലായിരുന്നു.. എന്തൊക്കെയോ കഴിച്ചു എന്നുവരുത്തി ഞാൻ എഴുന്നേറ്റു..

രാത്രി അവൾ കതകടച്ചു കിടന്നിരുന്നു… എന്തൊക്കെയോ ചിന്തിച്ചു ഞാൻ ഉറങ്ങി..

പിറ്റേ ദിവസം മാളു അവളോട് സംസാരിച്ചു.. അതിന് ശേഷം അവൾ എന്റെയടുത്തു വന്നു..

“ഡാ അവൾ സീരിയസാട്ടോ.. അവൾക്ക് അതിൽ കുഴപ്പണ്ടായില്യ.. പക്ഷെ തലയിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞപ്പോ നീ ആലോചിച്ചു ഇരുന്നൂത്രേ.. “

മാളു അത് പറഞ്ഞപ്പോൾ ഞാൻ നിരാശയോടെ അവളെ നോക്കി..

“ഡീ ഞാൻ….”

“ഡാ ന്താ ഇത് കണ്ണ് നിറയ്യേ? നിക്ക് ഒന്നും ചെയ്യാൻ പറ്റാനില്ലല്ലോ ദേവിയെ…”

അവൾ സങ്കടത്തോടെ എന്നെ കെട്ടിപിടിച്ചു.. എനിക്ക് ആകെ സങ്കടം ആയിരുന്നു..

അന്ന് ഉച്ചക്ക് ഞാൻ അവളുടെ റൂമിൽ ചെന്നു.. അവൾ തുണി അടുക്കി വെക്കുകയായിരുന്നു..

“എന്താ വേണ്ടേ? പെങ്കുട്യോളുടെ റൂമിൽ ഇങ്ങനെ കേറി വരാ?”

ഇവളുടെ ഭാഷ രണ്ടുതരം ആണല്ലോ എന്ന് ഞാൻ ആലോചിച്ചു.. ചിലപ്പോൾ തനി നാടനും ചിലപ്പോൾ നല്ല മലയാളവും..

“എന്താ?”

അവളുടെ ചോദ്യം വീണ്ടും..

“ഇന്ദു ആം സോറി.. മാപ്പ്.. പെട്ടെന്ന് നീ ദേഷ്യപ്പെട്ടപ്പോൾ അറിയാതെ പകച്ചുപോയതാണ്.. കാലു പിടിക്കാം ഞാൻ.. പിണങ്ങല്ലേ.. പ്ളീസ്..”

ഞാൻ അവളുടെ കൈ പിടിച്ചു.. അവൾ ദേഷ്യത്തോടെ കൈ തട്ടിമാറ്റി..

“സത്യം ചെയ്താൽ അവളെ തൊടാൻ പറ്റില്യ.. അതോണ്ട് നീ സത്യം ചെയ്യാൻ മടിച്ചു.. അതല്ലേ ഉണ്ടായേ? കേട്ടിട്ടുണ്ട് അമേരിക്കൻ രീതിയെപ്പറ്റി.. സച്ചു അങ്ങനെ ആവുമെന്ന് നിരീച്ചില്ല… നിക്ക് വേണ്ട ഇങ്ങനെ ഒരാളെ…”

“നീ കാര്യമായി ആണോ?”

“അതെ.. ഇവിടെയുണ്ട് നല്ല ചെക്കന്മാർ… നീ പൊക്കോ..”

“ഫൈൻ…”

ഞാൻ തിരിഞ്ഞു നടന്നു.. വാതിലിന്റെ അടുത്തെത്തി.. ഒന്ന് കൂടെ തിരിഞ്ഞു നോക്കി..

“ശരിയാടീ.. അമേരിക്കൻ സ്റ്റൈൽ ആണ്.. ജനിച്ചു വളർന്ന വീട്ടിൽ വന്ന നിന്നെ സ്നേഹിച്ചതും, പഴുതാര കയറിയപ്പോൾ തുണി കീറി അതെന്നെ കടിച്ചിട്ടു പോലും അതിനെ എടുത്തതും.. അച്ഛൻ നിലത്തിട്ടു ചവിട്ടികൂട്ടിയപ്പോഴും.. പട്ടിയെ തല്ലും പോലെ തല്ലിയപ്പൊഴും… നീയേ ഉണ്ടായിരുന്നുള്ളു മനസ്സിൽ.. നീ മാത്രം..
അന്ന് പൊട്ടകിണറിൽ ചാടാൻ നോക്കിയപ്പോൾ നീയി പറഞ്ഞ അമേരിക്കക്കാർ മാത്രമേ ഉണ്ടാരുന്നുള്ളു.. വേറെ ആരും ഉണ്ടായില്ല.. അവിടെ എത്തി ഡിപ്രഷൻ വന്നപ്പോൾ ഇവരെ ഉണ്ടായിരുന്നുള്ളു.. അവളും.. നന്ദി.. എല്ലാത്തിനും.. മറന്നോളൂ.. നീ പറഞ്ഞതുപോലെതന്നെ കിട്ടും നിനക്ക് നല്ല പയ്യന്മാരെ… വീട്ടിൽ നിന്നും ഇറക്കി വിട്ടവനും പെണ്ണ്പിടിയനും ഒന്നും നിനക്ക് വേണ്ട ഇന്ദു.. “

അത് കേട്ടഉടനെ അവളുടെ മുഖം വിളറി.. എന്തോ പറയാൻ വന്നത് കേൾക്കാതെ ഞാൻ എന്റെ റൂമിലേക്ക് എത്തി..

പക്ഷെ ഇത്ര നാൾ നഷ്ടപെട്ടതൊക്കെ തിരിച്ചുകിട്ടിയപ്പോൾ മാറി ഒതുങ്ങിപോയിരുന്നു എന്റെ അമേരിക്കൻ സ്വഭാവം.. അതെന്നിലേക്ക് വന്നിരുന്നു… ഡോണ്ട് ഗിവ് എ ഫക്ക് ടൈപ്പ്..

തിരിച്ചു റൂമിൽ എത്തി ബാഗിൽ നിന്നും ഒരു വിസ്കികുപ്പിയെടുത്തു വായിലേക്ക് അങ്ങനെ കമഴ്ത്തി..

അത് തൊണ്ടയെ എരിച്ചുകൊണ്ടു താഴേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഒന്ന് ഉറപ്പിച്ചിരുന്നു…
ഇന്ദു.. വേണ്ട.. അങ്ങനെ ഒരു പെണ്ണ് ഇനിയെനിക്ക് ഇല്ല..

ഞാൻ ബെഡിൽ കിടന്നു.. ഒരിക്കലും ഈ വീട്ടിൽ കയറില്ല എന്ന് കരുതിയതാണ്.. ജനാലയിൽ കൂടെ നോക്കി.. കുളം ശാന്തമായി കിടക്കുന്നു..

കണ്ടു അച്ഛന്റെ അസ്ഥിത്തറ.. കണ്ണുകൾ പിൻവലിച്ചു.. പുച്ഛത്തോടെ..

മെല്ലെ ഉറക്കത്തിലേക്ക്…

വൈകീട്ട് എന്നെ ഉണർത്തിയത് ഒരു കാറിന്റെ ശബ്ദം ആയിരുന്നു.. മുൻപിലെ ജനാല വഴി നോക്കി.. അതിൽ നിന്നും ഇറങ്ങിയ ആളുകളെക്കണ്ടു എനിക്ക് വിശ്വസിക്കാൻ ആയില്ല..

അമ്മചിറ്റ, ജോൺഅച്ഛൻ, അമേലിയ…..!

ഞാൻ വാതിൽ തുറന്ന് ഓടി.. കോവണി ചാടി ഇറങ്ങി ഓടി.. വീട്ടിലെ ചിലർ എന്റെ ഓട്ടംകണ്ടു അതിശയിച്ചു.. ഓടി മുറ്റത്തേക്ക് ഇറങ്ങി..

എന്നെ കണ്ടു ഓടിവന്ന അമേലിയയെ ഞാൻ പൊക്കിയെടുത്തു വട്ടം കറക്കി… അവൾ അലറിച്ചിരിച്ചു…അവളെ പൊക്കിയെടുത്തുകൊണ്ടു തന്നെ ഞാൻ അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു..

“വാട്ട് ദി ഹെൽ ഗയ്സ്‌….സർപ്രൈസ്ഡ്….പറഞ്ഞില്ലല്ലോ!!!”

അമേലിയയെ നിലത്തു നിർത്തി സന്തോഷത്തോടെ ഞാൻ അവരെ കെട്ടിപിടിച്ചു മാറി മാറി ചുംബിച്ചു.. അപ്പോഴാണ് പുറകിലെ ഡോർ തുറന്നു ഒരാൾ കൂടെ ഇറങ്ങിയത്…

മുറുകികിടക്കുന്ന കൊച്ചു കറുത്ത ഷോർട്സും, സ്ലീവ് ലെസ്സ് ആകാശനീല ബനിയനും…
തലയിലെ ഹാറ്റ് വലിച്ചു ഊരിയ ശേഷം അവൾ ചുവപ്പ് നിറമുള്ള മുടി ഒന്ന് തലകുലുക്കി ഒതുക്കി കൈകൊണ്ടു മാടി വച്ചു…
മെല്ലെ കണ്ണിലെ ഗ്ലാസ് എടുത്തുമാറ്റി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു കണ്ണ് ഇറുക്കി കാണിച്ചു…

അലക്സി..!

തുടരും…

No comments